ആ വാക്കുകൾ; നിയമസഭയിൽ മുഴങ്ങിയ വി.എസ്.

വി.എസ്. അച്യുതാനന്ദന്‍ | Photo: Mathrubhumi
വി.എസ്. അച്യുതാനന്ദന്‍ | Photo: Mathrubhumi

1967

കയർത്തൊഴിലാളികൾക്കായി (നിയമസഭയിലെ കന്നിപ്രസംഗം- മാർച്ച് 28 )
എൻ.ജി.ഒ.മാർക്ക് ചില ആശ്വാസനടപടികളെടുത്ത കൂട്ടത്തിൽ ഒരു വിഭാഗം ആളുകൾക്ക് ഒരു പ്രതിഫലവും കിട്ടാത്ത തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ അറിയുന്നത്. 
തീരപ്രദേശത്ത് ഒരു ജനവിഭാഗം ഇന്നും കൊടുംപട്ടിണിയുടെ വേദന തിന്നുകൊണ്ടിരിക്കുകയാണ്. പതിനൊന്ന് ലക്ഷത്തോളം വരുന്ന കയർത്തൊഴിലാളികൾ, സ്വാതന്ത്ര്യസമ്പാദനത്തിനുശേഷം നീണ്ട പത്തുപതിനേഴ് കൊല്ലം കഴിഞ്ഞിട്ടും വളരെയേറെ ക്ലേശം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

1969

മത്സ്യത്തൊഴിലാളികൾക്കൊപ്പം
നല്ല പോഷകാംശമുള്ള ആഹാരം നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് നേടിക്കൊടുക്കുന്നതിനുവേണ്ടിക്കൂടി പാടുപെടുന്ന ആളുകളാണ് നമ്മുടെ നാട്ടിലെ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികൾ. കേരളത്തിലെയും ഭാരതത്തിലെയും ജനങ്ങളെ അഭിവൃദ്ധിയിലേക്ക്‌ നയിക്കാൻ സഹായിക്കുന്ന ഈ വിഭാഗം തൊഴിലാളികൾ പട്ടിണിയിലും ക്ലേശങ്ങളിലുംപെട്ട് ഉഴലാൻ തുടങ്ങിയിട്ട് കൊല്ലങ്ങളായി. ഈ തൊഴിലാളികൾ നേടിക്കൊടുക്കുന്ന വിദേശനാണയത്തിൽ പത്തുശതമാനമെങ്കിലും ഇവരുടെ സമുദ്ധാരണത്തിനുവേണ്ടി സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകൾ മാറ്റിവെക്കേണ്ടതാണ്. (മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് സമഗ്രപദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം)

1973

മിച്ചഭൂമിയെപ്പറ്റി
മിച്ചഭൂമിയുടെ കാര്യത്തിൽ ഭൂവുടമകൾക്ക് ഈ കഴിഞ്ഞ അസംബ്ലിയിൽ അവതരിപ്പിച്ച ഭേദഗതിമൂലം 45 ദിവസംകൂടി നൽകുകയുണ്ടായി. ഇത് തൃണസമാനം ലംഘിക്കാൻ തയ്യാറായ ഭൂവുടമകൾക്ക് വീണ്ടും ഒരുമാസംകൂടി സാവകാശം നൽകി. ഇത് നൽകിയിരുന്നില്ലെങ്കിൽ കുറഞ്ഞപക്ഷം 100 നിയമനിഷേധികളെയെങ്കിലും കൽത്തുറുങ്കിൽ അടയ്ക്കാൻ കഴിയുമായിരുന്നു. കാലതാമസത്തിന്റെ ഉടയാടയിൽപ്പൊതിഞ്ഞ് ഭൂപ്രഭുക്കൻമാരെ രക്ഷിക്കാനുള്ള ഈ സംരംഭം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
(ഭൂപരിഷ്കരണ ഭേദഗതി ബില്ലിന്റെ ചർച്ച 1973 മാർച്ച് 27)

1974

കേരളത്തിന്റെ റേഷൻ വിഹിതം
കേരളത്തിന് അർഹമായ റേഷൻവിഹിതം തന്നില്ലെങ്കിൽ അത് നേടിയെടുക്കാനാവശ്യമായ ഉറച്ച സമരപരിപാടി സ്വീകരിക്കാൻ ഈ ഗവൺമെന്റ് തയ്യാറുണ്ടോ? ഈ നാട്ടിലെ കുത്തകക്കാരായ കൊള്ളക്കച്ചവടക്കാരെ നിയന്ത്രിക്കാനും ഭക്ഷണസാധനങ്ങൾക്ക് അമിതമായി വിലകൂട്ടുന്ന കച്ചവടക്കാരെ മുക്കാലിയിൽകെട്ടി കവലതോറും കൊണ്ടുനടന്ന് തെരണ്ടിവാൽകൊണ്ട് അടിക്കുന്നതിന് ഈ സർക്കാർ തയ്യാറുണ്ടോ? ആ നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഈ നാട്ടിലെ ജനങ്ങൾ ഈയാംപാറ്റയെപ്പോലെ മരിച്ചുവീഴുന്ന സ്ഥിതിയിലേക്ക്‌ നീങ്ങാൻപോവുകയാണ്. (ഭക്ഷ്യപ്രതിസന്ധിക്കെതിരേ അടിയന്തരപ്രമേയം-1974)

1992

‘ഇത്‌ പാമോലീനാണോ’
ഇത് പാമോലീനാണോ എന്ന് ഗുണനിലവാരം പരിശോധിക്കാതെ വാങ്ങിയിരിക്കുകയാണ്. സബ്സ്റ്റാൻഡേർഡ് ആയിട്ടുള്ള പാമോലീൻ വാങ്ങിയിരിക്കുകയാണ്. ഈ പാമോലീൻ ഉപയോഗിക്കുന്നതിന്റെ ഫലമായി ജനങ്ങൾക്ക് രോഗങ്ങൾ പിടിപെടും. ഇതിൽമാത്രം ഏതാണ്ട് ഒരു കോടിരൂപ ഖജനാവിനെ വെട്ടിച്ചുവെന്ന് മാത്രമല്ല, ഈ സംസ്ഥാനത്തെ ജനങ്ങളെ രോഗികളാക്കുന്ന വലിയ കടുംകൈയാണ് ഈ ഗവൺമെന്റ് ചെയ്തിരിക്കുന്നത് എന്നതാണ് യാഥാർഥ്യം. 
(1992 ജൂലായ് 15, പാമോലീൻ ഇടപാടിലെ ക്രമക്കേടിനെപ്പറ്റി നിയമസഭയിൽ സബ്മിഷൻ)

2001

മാധ്യമപ്രവർത്തകരുടെ മൂന്നാം കണ്ണ്‌
ശ്രീ ഒബാമയുടെ കള്ളത്തരങ്ങൾപോലും വെളിച്ചത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരുള്ള ലോകമാണിത്. നിങ്ങൾ ഒന്നും മൂടിവെച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട. മാധ്യമപ്രവർത്തകരുടെ മൂന്നാംകണ്ണ് എപ്പോഴും നിങ്ങളുടെ കൊള്ളരുതായ്മകളിലേക്ക്‌ ഓരംപറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓർമവേണം.
(ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മാധ്യമപ്രവർത്തകർക്കുനേെര ആക്രമണം നടന്നപ്പോൾ അടിയന്തരപ്രമേയം 2015 ജൂലായ് 1)
 

Content Highlights: vs achuthanandan remarks in legislative assembly