ചൂഷണത്തിനെതിരെ നിന്ന നേതാവ്; വി.എസിന് ആശംസയുമായി പിണറായി

തിരുവനന്തപുരം: വെള്ളിയാഴ്ച 100-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി.എസ്. നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്ന് പിണറായി വിജയന്‍ സാമൂഹിക മാധ്യമ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി.എസ്. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്:
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി.എസ്. അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി.എസ്. അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്.
ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങള്‍ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി.എസ്.
1940- ല്‍ 17-ാം വയസ്സില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ വി.എസ്. പിന്നീട് സി.പി.ഐ.എം. കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയര്‍ത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1964- ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.ഐ.എം. രൂപീകരിച്ച 32 പേരില്‍ ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി.എസ്. സി.പി.ഐ..എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം ഉയര്‍ന്നു.
കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കയര്‍ത്തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നല്‍കുന്നതിനും തന്റെ കൗമാരവും യൗവ്വനവും അദ്ദേഹം ഉപയോഗിച്ചു. പുന്നപ്ര വയലാര്‍ സമരഘട്ടത്തില്‍ തന്നെ ശ്രദ്ധേയനായിരുന്നു വി.എസ്. എന്നു നമുക്കറിയാം. ആ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന വിലപ്പെട്ട കണ്ണിയാണ് ആ ജീവിതം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മേഖലകളില്‍ ആ സമരോത്സുകത പടര്‍ന്നു.
തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വി.എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. സഖാവ് വി.എസിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു.
Content Highlights: vs achuthanandan 100 birthday pinarayi vijayan wishes