വി.എസിന് ഇന്നു നൂറാംപിറന്നാൾ : ആഴിക്കുട്ടിയുടെ അണ്ണൻ തീപ്പൊരി സഖാവ്

അമ്പലപ്പുഴ: വിപ്ലവസൂര്യൻ വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്തെ വീട്ടിൽ നൂറാംപിറന്നാൾ ആഘോഷിക്കുമ്പോൾ പുന്നപ്ര പറവൂരിലെ വെന്തലത്തറ വീട്ടിൽ സന്തോഷത്തോടെ കഴിയുന്ന ഒരാളുണ്ട്. വി.എസിന്റെ കുഞ്ഞുപെങ്ങൾ ആഴിക്കുട്ടി. ആഴിക്കുട്ടിക്ക് അണ്ണനാണ് അച്യുതാനന്ദൻ.
പ്രായത്തിന്റെ അവശത കാരണം ഇരുവർക്കും യാത്രചെയ്യാനോ പരസ്പരം കാണാനോ സാധിക്കാതായിട്ടു കുറച്ചുകൊല്ലമായി. 2019-ലാണ് ഒടുവിൽ വി.എസ്. ഓണപ്പുടവയുമായി പെങ്ങളെ കാണാനെത്തിയത്. സമരവും ജയിൽവാസവും ഒളിവുജീവിതവും നിറഞ്ഞ വി.എസിന്റെ കൗമാര, യൗവനകാലത്തിനു സാക്ഷിയായിട്ടുള്ളവരിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് ആഴിക്കുട്ടി.
അവരുടെ മനസ്സിൽ അണ്ണൻ തീപ്പൊരി സഖാവാണ്. ‘അണ്ണന്റെ ദേഹത്ത് ഇടികൊള്ളാത്ത ഒരിടവും ബാക്കിയില്ല, ജീവിതത്തിൽ ഇനിയൊന്നും അനുഭവിക്കാനില്ല...’ ആഴിക്കുട്ടിയുടെ മുറിയുന്ന ഓർമ്മകളും വാക്കുകളും കോർത്തുവെച്ചാൽ വി.എസിന്റെ പോരാട്ടജീവിതത്തിന്റെ നേർച്ചിത്രമാകും.
വി.എസ്. ഗംഗാധരൻ, വി.എസ്. പുരുഷോത്തമൻ, കെ. ആഴിക്കുട്ടി എന്നിവരാണു വി.എസിന്റെ സഹോദരങ്ങൾ. ചെറുപ്പത്തിലേ അമ്മ മരിച്ചു. പതിനൊന്നാം വയസ്സിൽ അച്ഛനും. മൂത്ത സഹോദരൻ ഗംഗാധരന്റെ സംരക്ഷണയിലായിരുന്നു പിന്നീടുള്ള ജീവിതം. പറവൂരിൽ തുണിക്കട നടത്തുകയായിരുന്നു ഗംഗാധരൻ.
ദാരിദ്ര്യംമൂലം പഠനംനിർത്തിയ അണ്ണൻ, വല്യണ്ണന്റെ സഹായിയായി ഒപ്പംകൂടി. അക്കാലത്താണ് അദ്ദേഹത്തിന്റെ മനസ്സിൽ വിപ്ലവം കടന്നുകൂടുന്നത്. വല്യണ്ണനെ ഒളിച്ചാണ് അണ്ണൻ പാർട്ടി പ്രവർത്തനത്തിനുപോയത്.
18 തികയുംമുൻപ് കുട്ടമംഗലത്ത് തയ്യൽക്കടയിടാൻ യന്ത്രവും മറ്റുസാമഗ്രികളുമായി അണ്ണൻ പോയി. ഒരാഴ്ചയായിട്ടും കാണാതെ വല്യണ്ണൻ അന്വേഷിച്ചുചെന്നപ്പോൾ അണ്ണൻ കർഷകരെ സംഘടിപ്പിക്കുകയായിരുന്നു.
ചെത്തുതൊഴിലാളിയുടെയും മരംകയറ്റത്തൊഴിലാളിയുടെയും പണിആയുധം വേണ്ടിവന്നാൽ പ്രയോഗിക്കുമെന്ന് ആലിശ്ശേരിയിൽനടന്ന യോഗത്തിൽ അണ്ണൻ പ്രസംഗിച്ചു.
ഇതിന്റെപേരിൽ അറസ്റ്റ് വാറണ്ട് പുറത്തിറക്കി. വീടിനുമുന്നിലെ തോട്ടിൽ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണു പോലീസുകാരെത്തിയത്. അന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൂഞ്ഞാറിൽവെച്ചു പിടിയിലായി. ആലപ്പുഴ സബ് ജയിലിലായിരുന്നപ്പോൾ കൊച്ചണ്ണൻ (വി.എസ്. പുരുഷോത്തമൻ) കാണാൻപോയി. ക്രൂരമർദനമേറ്റ വേദനയിൽ നിരങ്ങിനിരങ്ങിയാണ് അണ്ണനെത്തിയത്. ഇതുകണ്ട കൊച്ചണ്ണൻ ജയിലിനുമുന്നിൽ തലകറങ്ങിവീണു.
പുന്നപ്ര-വയലാർ സമരത്തിനുശേഷം പട്ടാളക്കാർ വീടുവളഞ്ഞ് വെടിവെക്കുമെന്നു ഭീഷണിമുഴക്കി. ‘ഇത് പറവൂർ ചന്തയിൽ തുണിവിൽക്കുന്ന ഗംഗാധരന്റെ വീടാണ്, അച്യുതാനന്ദന്റെ വീടല്ല’ എന്ന് അയൽവാസിയായ ആനക്കാരി പണിക്കർ മൂന്നുതവണ കമാൻഡറെ അറിയിച്ചതോടെയാണു പട്ടാളം പിന്മാറിയത്. അല്ലെങ്കിൽ ഞങ്ങളെയെല്ലാം ചുട്ടെരിച്ചേനെ.
പട്ടാളമെത്തും മുൻപ് അണ്ണന്റെ പുസ്തകങ്ങളും കടലാസുമെല്ലാം ഞാൻ അടുപ്പിലിട്ടു കത്തിച്ചു - ആഴിക്കുട്ടി ഒാർമ്മ പങ്കിട്ടു. 93 പിന്നിടുന്ന ആഴിക്കുട്ടി ഇളയമകളും കുടുംബവുമൊത്താണ് ഇവിടെ താമസിക്കുന്നത്.
പഞ്ചറിൽ തുടങ്ങിയ വിശ്വാസം.. : വി.എസിന്റെ തേരുതെളിച്ച അർജുനൻ
കെ.പി. ജയകുമാര്‍ ചേര്‍ത്തല
മടിയോടെ ഏറ്റെടുത്തതാണ് അർജുനൻ കർക്കശക്കാരനായിരുന്ന വി.എസിന്റെ സാരഥി സ്ഥാനം. ഒടുവിൽ അനാരോഗ്യം തളർത്തുന്നതുവരെ ആ തേരുതെളിച്ചത് അർജുനൻ തന്നെ. വയലാർ ഏറത്തറ ഇ.വി. അർജുനൻ നൂറാംവയസ്സിൽ വി.എസിനു ആശംസകളുമായി വയലാറിലുണ്ട്.
വി.എസിനൊപ്പമുള്ള ഓരോ യാത്രയും അനുഭവമാണ്, ഒപ്പം ആവേശവും- അർജുനൻ പറയുന്നു. 1996-ൽ കുട്ടനാട് സന്ദർശനത്തിന് സംസ്ഥാന കമ്മിറ്റിയുടെ കാറിലെത്തിയപ്പോൾ പഞ്ചറായി. സ്റ്റെപ്പിനിയും പഞ്ചറായതിനാൽ ജില്ലാ കമ്മിറ്റിയിലെ ഡ്രൈവറായ അർജുനനെയാണ് വി.എസിന്റെ തുടർയാത്രയ്ക്കായി ജില്ലാ സെക്രട്ടറി നിയോഗിച്ചത്. പുന്നപ്രയിലെ വീട്ടിലേക്കു വി.എസിനെ എത്തിച്ചു മടങ്ങിയെങ്കിലും പിറ്റേന്നു തിരുവനന്തപുരത്തേക്കു വി.എസിനെ എത്തിക്കാനുള്ള നിയോഗവും അർജുനനെത്തേടിയെത്തി. 1996-ൽ കോഴിക്കോടു സമ്മേളനത്തിനുശേഷം പാർട്ടി സെക്രട്ടറിയിൽനിന്നു വി.എസ്. പ്രതിപക്ഷനേതാവായപ്പോൾ സാരഥിയായി നിശ്ചയിച്ചത് അർജുനനെയായിരുന്നു.
കർക്കശക്കാരനായിരുന്ന വി.എസിന്റെ സാരഥിയാകാൻ മടിച്ച അർജുനനെ പ്രേരിപ്പിച്ചത് ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. ചെല്ലപ്പനായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒടുവിൽ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായിരുന്നതുവരെ അർജുനൻ തന്നെയായിരുന്നു സാരഥി. കഴിഞ്ഞ ഡിസംബറിൽ അർജുനൻ തിരുവനന്തപുരത്തെത്തിയപ്പോൾ വി.എസിനെ സന്ദർശിച്ചിരുന്നു. തന്നെ കണ്ടപ്പോൾ മനസ്സിലായെന്നും ചിരിച്ചെന്നും അദ്ദേഹം പറഞ്ഞു.
മരണത്തിനു മുന്നേയെത്തി വി.എസിന്റെ വിളി
രാജേഷ് രവീന്ദ്രന്‍ ആലപ്പുഴ
പാർട്ടിയായിരുന്നു എന്റെ ജീവിതം. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. പാർട്ടിക്കുവേണ്ടെങ്കിൽ ഇനി ഞാൻ ജീവിച്ചിരിക്കില്ല.’ പി. കൃഷ്ണപിള്ള സ്മാരകം തീവെച്ചുനശിപ്പിച്ചകേസിൽ ഒന്നാംപ്രതിയായിരുന്ന ലതീഷ് ബി. ചന്ദ്രൻ ഒൻപതുവർഷം മുൻപ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് എഴുതിയ ആത്മഹത്യാക്കുറിപ്പിന്റെ ആദ്യവരികളാണിത്. അന്ന് ആ കുറിപ്പ് പൂർത്തിയാക്കുംമുൻപേ വി.എസ്. അച്യുതാനന്ദന്റെ ഫോൺവിളി എത്തിയില്ലായിരുന്നെങ്കിൽ ലതീഷ് ഇന്നില്ലായിരുന്നേനേ.
2013 ഒക്ടോബർ 31-നാണ് കഞ്ഞിക്കുഴി കണ്ണർകാട്ടെ കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ടത്. അധികം വൈകാതെ വി.എസിന്റെ മുൻ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി. ചന്ദ്രനിലേക്കും മറ്റുനാലു പേരിലേക്കും അന്വേഷണമെത്തി. സ്മാരകത്തിന് തീവെച്ച് കൃഷ്ണപിള്ളയുടെ പ്രതിമ തകർത്തത് ലതീഷും കൂട്ടരുമാണെന്നായിരുന്നു പോലീസ് കണ്ടെത്തൽ. പിന്നാലെ അറസ്റ്റും ജയിൽവാസവും. ഒടുവിൽ പാർട്ടിയിൽനിന്നു പുറത്താക്കലും.
ജാമ്യത്തിലിറങ്ങിയിട്ടും എല്ലാവരും ഒറ്റപ്പെടുത്തി. പാർട്ടി ഭരണം നിയന്ത്രിച്ചിരുന്ന സഹകരണസംഘത്തിലെ ജോലി ഭാര്യ ദീപ്തി ദ്വമിത്രോവിനും നഷ്ടമാകുന്ന നിലയിലേക്കെത്തി കാര്യങ്ങൾ. ജീവിതം അവസാനിപ്പിച്ചാലോയെന്നു ചിന്തിച്ച നിമിഷം. ഒടുവിൽ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ആത്മഹത്യചെയ്യാൻ ലതീഷ് കുറിപ്പെഴുതിത്തുടങ്ങി. ഇതിനിടെയാണ് വി.എസിന്റെ പി.എ. വിനോദിന്റെ ഫോൺ വരുന്നത്. ആദ്യം എടുത്തില്ല. രണ്ടാമതും വിളിച്ചപ്പോൾ എടുക്കാതിരിക്കാൻ തോന്നിയില്ല. വി.എസായിരുന്നു അത്.
‘നീ ഇവിടെവരെ വരണം. നീ തെറ്റുചെയ്യില്ലെന്ന് എനിക്കറിയാം’- വി.എസിന്റെ ആ വാക്കു കേട്ടതോടെയാണ് ആത്മഹത്യാശ്രമം ഉപേക്ഷിച്ചതെന്ന് ലതീഷ് പറയുന്നു. സി.ബി.ഐ.ക്ക് കേസ് കൈമാറാൻ ആവശ്യപ്പെട്ട് ഹർജി നൽകാൻ ലതീഷിനെ ഉപദേശിച്ചതും വി.എസായിരുന്നു.
പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അന്നു ലതീഷിനായി പരസ്യമായി വാദിച്ചു. ‘അമ്മയെ തല്ലുന്ന പാർട്ടിയല്ല സി.പി.എം. കൃഷ്ണപിള്ള സ്മാരകം തീവെച്ച കേസിൽ, പോലീസ് പറയുന്നതുകേട്ടതുപോലെയായി പാർട്ടി നടപടി. പ്രവർത്തകർക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചത് ശരിയായില്ല’- സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ യോഗം ഉദ്ഘാടനം ചെയ്യാൻ 2014 ഡിസംബറിൽ ആലപ്പുഴയിലെത്തിയ വി.എസ്. പാർട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരേ പരസ്യമായി പൊട്ടിത്തെറിച്ചു. ഇതിനുപിന്നാലെയാണ് അദ്ദേഹം പാർട്ടിയിൽ ഒറ്റപ്പെട്ടത്.
വിഭാഗീയതയുടെ ഇരകളാണ് ലതീഷും കൂട്ടരുമെന്ന് പിന്നീട് വ്യക്തമായെങ്കിലും കൃഷ്ണപിള്ള സ്മാരകം തീവെപ്പുകേസ് അന്വേഷിക്കാൻ പാർട്ടി തയ്യാറായില്ല. കോടതി കുറ്റവിമുക്തരാക്കിയവരെ തിരിച്ചെടുക്കുമെന്ന പാർട്ടി പ്രഖ്യാപനവും നടന്നില്ല. ഇതിൽ പ്രതിഷേധിച്ച് ലതീഷ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിൽനിന്നു സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന സമയത്താണ് വി.എസുമായി ലതീഷ് അടുപ്പം തുടങ്ങിയത്. അതു വലിയ ആത്മബന്ധമായി വളർന്നു. ലതീഷിന്റെ കല്യാണത്തിന് മാലയെടുത്തു ലതീഷിന്റെ കൈയിൽ കൊടുത്തതും വി.എസ്. ആയിരുന്നു.
Content Highlights: vs achuthanandan 100 birthday