'ദി കിങ്', വിരാട് കോലിയെന്ന 'റെക്കോഡ് മെഷീൻ'

ഇന്ത്യയ്ക്കായി 2008-ലെ അണ്ടർ 19 ലോകകപ്പുയർത്തിയ ക്യാപ്റ്റൻ എന്ന ഖ്യാതിയോടെ 15 വർഷം മുൻപ് ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിൽ ഒരു 19-കാരൻ പാഡുമണിഞ്ഞ് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ക്രീസിലേയ്ക്ക് എത്തി. ഈ ഡൽഹി സ്വദേശിക്ക് കൂട്ടായി മറുവശത്തുണ്ടായിരുന്നത് മറ്റൊരു ഡൽഹി താരം ഗൗതം ഗംഭീറും. ആദ്യ ഇന്നിങ്സിൽ അത്ഭുതമൊന്നും കാഴ്ച വെക്കാൻ ആ 19-കാരന് സാധിച്ചില്ല. 22 പന്തിൽ 12 റൺസെടുത്ത് 33 മിനിറ്റ് മാത്രം ക്രിസീൽ നിന്ന് അവൻ മടങ്ങി. എതിരാളികൾക്ക് യാതൊരു തലവേദനയുമില്ലാത്ത 33 മിനിറ്റുകൾ, ഒരു സാധാരണ അരങ്ങേറ്റ മത്സരമായി അന്നത് മാറി. എന്നാൽ ഇന്ന്, 15 വർഷങ്ങൾക്കിപ്പുറം സ്ക്രീനിൽ പോലും ആ മുഖമൊന്ന് തെളിഞ്ഞാൽ ആർപ്പുവിളികൾ ഉയരും, ഗാലറികൾ അലയടിക്കും. രാജകീയമായി അവൻ 22 യാർഡിലേയ്ക്ക് നടന്നടുക്കുമ്പോൾ എതിരാളികൾ പോലും ഉള്ളുകൊണ്ടൊന്ന് വിറയ്ക്കും. അവൻ ക്രീസിലുള്ള ഓരോ നിമിഷവും ജയമുറപ്പിച്ച മത്സരത്തിൽപ്പോലും ഭയം എതിരാളികളെ വേട്ടയാടാൻ തുടങ്ങും. അതെ വരുന്നത് രാജാവാണ്, ഒരു ജനതയുടെ പ്രതീക്ഷയുടെ പ്രതിരൂപം. വിരാട് കോലി, ദി കിങ്.
ഇന്ന് കോലി നേരിടുന്ന ഓരോ പന്തും ആവേശത്തോടെയാണ് ആരാധകർ കാണുന്നത്. നേരിടുന്ന ഓരോ പന്തും ഓരോ സിംഗിളും റെക്കോഡിലേയ്ക്കുള്ള തറക്കല്ലുകളാണ്. ആരാലും തകർക്കപ്പെടില്ലെന്ന് കരുതിയ നേട്ടങ്ങളിലേയ്ക്ക് നടന്നുനീങ്ങുകയാണ് കോലിയെന്ന ഇതിഹാസം, ഓരോ ക്രിക്കറ്റ് പ്രേമിയുടേയും സ്നേഹവും കൂടെക്കൂട്ടിക്കൊണ്ട്. 'ദി കിങ്', 'ചേസ് മാസ്റ്റർ', 'റൺ മെഷീൻ' തുടങ്ങി വിശേഷണങ്ങൾ ഒരുപാടുണ്ട് കോലിക്ക്. എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾ പോലെത്തന്നെയാണ് അയാൾ നേടിയ റെക്കോഡുകളും. വിരാട് കോലിയെന്ന 'റെക്കോഡ് മെഷീൻ' ടെസ്റ്റിലും ഏകദിനത്തിലും ടിട്വന്റിയിലും ഒക്കെയായി പടുത്തുയർത്തിയ, തച്ചുതകർത്ത റെക്കോഡുകൾ രോമാഞ്ചത്തോടെയല്ലാതെ എങ്ങനെയാണ് ഓരോ ക്രിക്കറ്റ് പ്രേമിക്കും നോക്കിക്കാണാനാകുക.
ഏകദിനത്തിലെ സൂപ്പർസ്റ്റാർ, സെഞ്ചുറികളിൽ അർധശതകം
സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ അപ്രാപ്യമെന്ന് തോന്നിപ്പിച്ചിരിക്കുന്ന മറ്റൊരു റെക്കോഡ് കൂടി കോലി തന്റെ പേരിലാക്കിയിരിക്കുകയാണ്. ഏകദിനത്തിലെ ഏറ്റവുമധികം സെഞ്ചുറികൾ ഇനി കോലിയുടെ പേരിൽ. സച്ചിന്റെ ഈ റെക്കോഡ് തകർത്തതിനൊപ്പം മറ്റൊരു സുവർണനേട്ടവും കോലി നേടിയിരിക്കുകയാണ്. ഏകദിനത്തിൽ സെഞ്ചുറികളുടെ എണ്ണത്തിൽ അർധ ശതകം നേടുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് താരം എന്ന പദവി ഇനി കോലിക്ക് സ്വന്തം.
കോലി ഓരോ മത്സരങ്ങളിലും മികവ് ആവർത്തിച്ചപ്പോഴാണ് സച്ചിനുമായി പലരും താരതമ്യം ചെയ്ത് തുടങ്ങിയത്. ഏകദിനത്തിൽ സച്ചിനെക്കാളും 150-ലധികം ഇന്നിങ്സ് കുറച്ച് കളിച്ചാണ് 50 സെഞ്ചുറികളെന്ന നേട്ടം കോലി നേടിയത്. രണ്ട് വ്യത്യസ്ത തലമുറകളിലെ സൂപ്പർസ്റ്റാറുകളെ തമ്മിൽ താരതമ്യം ചെയ്യുന്നതിൽ വലിയ കാര്യമൊന്നുമില്ലെങ്കിലും ഓരോ ക്രിക്കറ്റ് പ്രേമിയും അത് ആസ്വദിക്കുന്നുണ്ടാകാം. ഇവരുടെ ബാറ്റുകൊണ്ടുള്ള മാജിക് നേരിട്ട് കാണാനായത് തന്നെ ഭാഗ്യമെന്ന് കരുതുന്ന യഥാർഥ ക്രിക്കറ്റ് പ്രേമികൾ എത്രയോ അധികം. ഇന്ന് കോലിയുമായാണ് യുവതാരങ്ങളെ താരതമ്യം ചെയ്യുന്നത്. താരതമ്യങ്ങൾക്കും അതീതമായി ഓരോ മത്സരം കഴിയുന്തോറും കോലി വളരുകയാണെന്നത് മറ്റൊരു യാഥാർഥ്യം. സമകാലികരായ രോഹിത്തും സ്മിത്തും വില്യംസണും ബാബറും റൂട്ടും ഒക്കെ കഴിവിന്റെ കാര്യത്തിൽ കോലിയുടെ ഒട്ടും പുറകിലോ മുൻപിലോ അല്ല. പക്ഷേ കഠിനാധ്വാനവും അപ്രാപ്യമായത് കീഴടക്കാനുള്ള വാശിയും കോലിയോളം മറ്റൊരു താരത്തിനുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വിക്കറ്റിനിടയിൽ ചീറ്റയെപ്പോലെ പായും, റണ്ണടിയിലും ഏറ്റവുമാദ്യം
വിക്കറ്റുകൾക്കിടയിലുള്ള കോലിയുടെ ഓട്ടം അദ്ദേഹത്തിന്റെ ബാറ്റിങ്ങുപോലെ തന്നെ ആസ്വാദ്യകരമാണ്. ധോനിയും കോലിയും ഒരുമിച്ച് കളിച്ച എത്രയോ മത്സരങ്ങളാണ് ഇവർ 'ഓടി' ജയിപ്പിച്ചത്. കരിയറിൽ റണ്ണടിച്ച് കൂട്ടുന്നതിലും കോലി വേഗക്കാരനായിരുന്നു.
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ കരിയറിൽ റണ്ണടിച്ച് കൂട്ടുന്നതിൽ അത്ഭുതം കാണിച്ച കളിക്കാരനായിരുന്നു സൗത്ത് ആഫ്രിക്കയുടെ ഹാഷിം അംല. ഏറ്റവും വേഗത്തിൽ 3000, 4000, 6000, 7000 റൺസ് ഒക്കെ ഇപ്പോഴും അംലയുടെ പേരിലാണ്. 2000 റൺസിന്റെ റെക്കോഡ് 2023 ലോകകപ്പിൽ ശുഭ്മാൻ ഗിൽ തകർത്തു. 5000 റൺസിന്റെ റെക്കോഡ് പാകിസ്ഥാൻ താരം ബാബർ അസം തകർത്തു. കോലിയിട്ട റെക്കോഡ് തകർത്താണ് ഏറ്റവും വേഗത്തിൽ 6000 റൺസ്, 7000 റൺസ് എന്നീ നാഴികക്കല്ലുകൾ അംല പിന്നിട്ടത്.
എന്നാൽ 8000 റൺസിന്റെ ക്ലബ്ബ് മുതൽ കാര്യങ്ങൾ മാറി. റണ്ണടിയിൽ ഏറ്റവും വേഗക്കാരൻ എന്ന റെക്കോഡ് പിന്നീട് കോലിയുടെ മാത്രം കുത്തകയായി. ഏറ്റവും വേഗത്തിൽ 8000, 9000, 10,000, 11,000 , 12,000 , 13,000 ക്ലബ്ബുകളിൽ എത്തിയ റെക്കോഡ് കോലിയുടെ പേരിലാണ്. 14,000 ക്ലബ്ബിലേയ്ക്ക് കുതിക്കുന്ന കോലി അടുത്ത നാഴികക്കല്ലിലേയ്ക്കുള്ള യാത്രയിലാണ്.
കോലിയുടെ പ്രധാനപ്പെട്ട മറ്റ് റെക്കോഡുകൾ
- ഒരു ടീമിനെതിരെ ഏറ്റവുമധികം ഏകദിന സെഞ്ചുറിയെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. ശ്രീലങ്കയ്ക്കെതിരെ 10 സെഞ്ചുറികളാണ് താരം അടിച്ചുകൂട്ടിയത്. സച്ചിനും രോഹിത്തും ശ്രീലങ്കയ്ക്കെതിരെ 9 വീതം സെഞ്ചുറികൾ നേടിയിട്ടുണ്ട്.
- ഒരു കലണ്ടർ വർഷം 1000 റൺസിലധികം കൂടുതൽ തവണ നേടിയതിന്റെ റെക്കോഡ് സച്ചിന്റെ പേരിലായിരുന്നു, 2023 ലോകകപ്പ് വരെ. ലോകകപ്പ് മത്സരത്തിനിടെ 2023-ലും 1000 റൺസ് കോലി തികച്ചതിലൂടെ പുതിയൊരു റെക്കോഡും കോലി സ്വന്തമാക്കി. ഏഴ് തവണയാണ് ഒരു കലണ്ടർ വർഷം 1000 -ത്തിലധം റൺസ് സച്ചിൻ നേടിയട്ടുള്ളത്. കോലി എട്ട് തവണ 1000 റൺസ് കടന്നു. 2023, 2019, 2018, 2017, 2014, 2013, 2012, 2011 എന്നീ വർഷങ്ങളിലാണ് കോലി 1000 റൺസിന് മുകളിൽ നേടിയിട്ടുള്ളത്. 2017 -ൽ 26 ഇന്നിങ്സിൽ നിന്ന് നേടിയ 1460 റൺസ് ആണ് ഒരു കലണ്ടർ വർഷത്തിലെ കോലിയുടെ ഉയർന്ന റൺ നേട്ടം.
- ഒരു ഇന്ത്യക്കാരന്റെ ഏകദിനത്തിലെ അതിവേഗ സെഞ്ചുറി കോലിയുടെ പേരിലാണ്. 2013 -ൽ ഓസ്ട്രേലിയക്കെതിരെ 52 പന്തിൽ നിന്നാണ് കോലി സെഞ്ചുറി തികച്ചത്.
- ഏറ്റവുമധികം ദിവസങ്ങൾ ഒന്നാം റാങ്കിൽ തുടർന്ന ബാറ്റർമാരിൽ മൂന്നാമതാണ് കോലി. 1258 ദിവസമാണ് ഒന്നാം റാങ്ക് അലങ്കരിച്ചത്. 1259 ദിവസം ഒന്നാം റാങ്ക് സൂക്ഷിച്ച ഓസ്ട്രേലിയയുടെ ഗ്രേറ്റ് ഫിനിഷർ മെെക്കൽ ബെവനാണ് രണ്ടാമത്. 1748 ദിവസം ഒന്നാം റാങ്കിൽ തുടർന്ന ഇതിഹാസതാരം വിവിയൻ റിച്ചാർഡ്സ് ആണ് ഒന്നാമത്.
- ലോകകപ്പിൽ ഏറ്റവുമധികം റൺസ് എന്ന സച്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് പഴങ്കഥയായിക്കഴിഞ്ഞു. 11 മത്സരങ്ങളിൽ നിന്ന് 673 റൺസ് ആയിരുന്നു മാസ്റ്റർ ബ്ലാസ്റ്ററുടെ സമ്പാദ്യം. ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡനും രോഹിത് ശർമ്മയുമായിരുന്നു 2023 ലോകകപ്പ് വരെ തൊട്ടുപിന്നിൽ. എന്നാൽ അവിടേയും സച്ചിനെ മറികടന്നിരിക്കുകയാണ് വിരാട് കോലി.
വീഴുമോ ഈ റെക്കോഡുകൾ, തകർക്കുമെങ്കിൽ അത് കോലി മാത്രം?
- ഏകദിനത്തിൽ ഇനി കോലിയുടെ മുന്നിലുള്ള പ്രധാനപ്പെട്ട റെക്കോഡ് 18,426 എന്ന റൺമലയാണ്. 463 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ഈ നേട്ടം സ്വന്തമാക്കിയത്. 300 മത്സരങ്ങൾ തികച്ചിട്ടില്ലാത്ത, 14,000 റൺസിലേയ്ക്ക് അടുക്കുന്ന കോലിക്ക് ചിലപ്പോൾ ഏറ്റവുമധികം ഏകദിന റൺസ് എന്ന റെക്കോഡ് തകർക്കാനായില്ലെന്ന് വരാം. പക്ഷേ, ആ മാന്ത്രിക സംഖ്യയോട് ഏറ്റവും അടുത്ത് ഇനി കാലങ്ങളോളം നിൽക്കാൻ പോകുന്ന ഒരേയൊരു താരം കോലിയാകുമെന്ന് ഉറപ്പിക്കാം. ഏകദിന മത്സരങ്ങളിലുണ്ടാകുന്ന കുറവ് തന്നെയാണ് പ്രധാന കാരണം.
- ഏറ്റവുമധികം ‘മാൻ ഓഫ് ദി സീരിസ്’ എന്ന റെക്കോഡിനരികെയാണ് കോലിയിപ്പോൾ. നിലവിൽ മൂന്നാം സ്ഥാനത്താണ് കോലി. സ്വാഭാവികമായും ഒന്നാമത് സച്ചിൻ തന്നെ. 108 സീരിസിൽ നിന്നായി 15 അവാർഡുകൾ. തൊട്ടുപിറകിൽ ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യയാണ്. 111 സീരിസിൽ നിന്നായി 11 അവാർഡുകൾ. 71 സീരിസിൽ നിന്നായി 10 ‘മാൻ ഓഫ് ദി സീരീസ്’ അവാർഡാണ് കോലിയുടെ പേരിലുള്ളത്. തൊട്ടുപിറകിൽ 60 സീരിസിൽ നിന്നായി 9 അവാർഡ് സ്വന്തം പേരിലാക്കിയ സൗത്ത് ആഫ്രിക്കൻ താരം ഷോൺ പൊള്ളോക്കാണ്.
- ഏറ്റവുമധികം 'മാൻ ഓഫ് ദി മാച്ച്' പുരസ്കാരങ്ങൾ നേടിയവരിൽ 41 എണ്ണവുമായി മൂന്നാമതാണ് കോലി. 48 പുരസ്കാരങ്ങൾ സ്വന്തമാക്കിയ ജയസൂര്യ രണ്ടാമതും 62 പുരസ്കാരങ്ങൾ സ്വന്തം പേരിലുള്ള സച്ചിൻ ഒന്നാമതുമാണ്.
- ഏറ്റവുമധികം ഏകദിന അർധ സെഞ്ചുറികളുടെ കണക്കിൽ സച്ചിനാണ് ഒന്നാമത്. 96 അർധ ശതകങ്ങളാണ് സച്ചിന്റെ പേരിലുള്ളത്. 93 അർധ സെഞ്ചുറിയുമായി ശ്രീലങ്കയുടെ സങ്കക്കാരയാണ് തൊട്ടുപിന്നിൽ. കോലിയുടെ പേരിൽ 71 അർധശതകമുണ്ട്. ഏറ്റവുമധികം 50-ന് മുകളിൽ സ്കോർ നേടിയവരുടെ പട്ടികയിലും ഒന്നാമത് സച്ചിൻ തന്നെ. 145 തവണയാണ് സച്ചിൻ 50 റൺസിലധികം നേടിയത്. തൊട്ടുപിന്നിൽ കോലിയുണ്ട്. 121 തവണ 50-ന് മുകളിൽ റൺസ് നേടി. 118 തവണ 50 കടന്ന സങ്കക്കാരയാണ് മൂന്നാമത്.
- ഏകദിന ക്രിക്കറ്റിലെ ബാറ്റിങ് ശരാശരിയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് കോലി. 58.48 ആണ് ശരാശരി. 61 ശരാശരിയുമായി തൊട്ടുമുൻപിൽ സഹതാരം ശുഭ്മാൻ ഗില്ലുണ്ട്. 2006-2011കാലഘട്ടത്തിൽ 67.00 ശരാശരിയോടെ ബാറ്റേന്തിയ നെതർലണ്ടിന്റെ ടെൻ ഡഷ്ചാടെയാണ് ഒന്നാമത്. 44.83 ആയിരുന്നു സച്ചിന്റെ ബാറ്റിങ് ശരാശരി.
- ഏകദിനത്തിൽ കോലി ഒരു ഇരട്ട സെഞ്ചുറി നേടണമെന്ന് ഓരോ ക്രിക്കറ്റ് പ്രേമിയും ആഗ്രഹിക്കുന്നുണ്ട്. പലപ്പോഴും മുൻനിര വിക്കറ്റുകൾ പോയി സമ്മർദത്തിലാകുന്ന ടീമിനായി നങ്കൂരമിട്ട് കളിക്കുന്നതിൽ ശ്രദ്ധ കൊടുക്കുന്ന കോലി ഇരട്ട സെഞ്ചുറി നേടാൻ താരതമ്യേന കുറവാണ്. ഓപ്പണർമാർ മാത്രം എത്തിപ്പിടിച്ചിട്ടുള്ള ‘200’ എന്ന നാഴികക്കല്ല് മാക്സ്വെൽ സ്വന്തമാക്കിയതോടെ ഏത് പൊസിഷനിലും ഇരട്ട സെഞ്ചുറി സാധ്യമാണെന്ന പ്രതീതി ക്രിക്കറ്റ് ലോകത്തിനുണ്ടായിട്ടുണ്ട്. നങ്കൂരമിട്ട് കളിച്ച് അവസാനം അടിച്ചു തകർക്കുന്ന കോലി വിശ്വരൂപം പുറത്തെടുത്താൽ കരിയറിലെ ആദ്യ ഏകദിന ഇരട്ട സെഞ്ചുറിയും സ്വന്തം പേരിലാകുമെന്ന് ഉറപ്പ്.
- ഏറ്റവുമധികം ഏകദിന ഫോറുകളുടെ എണ്ണത്തിൽ കോലി നാലാമതാണ്. സച്ചിൻ, ജയസൂര്യ, സങ്കക്കാര എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. 2016 ഫോറുകളുമായി ബഹുദൂരം മുന്നിലാണ് സച്ചിൻ. രണ്ടാമതുള്ള ജയസൂര്യയുമായി മാത്രം 516 ഫോറുകളുടെ വ്യത്യാസമുണ്ട്.
ടെസ്റ്റിലും ടിട്വന്റിയിലും രാജാവ് കോലി തന്നെ
ഏകദിനത്തിൽ മാത്രമല്ല, ടെസ്റ്റിലും ടിട്വന്റിയിലുമെല്ലാം റെക്കോഡ് ബ്രേക്കിങ്ങിൽ കോലി മാസ്റ്റർ തന്നെയാണെന്നതിൽ എതിരാളികൾക്ക് പോലും സംശയമുണ്ടാകില്ല. എണ്ണിയാലൊടുങ്ങാത്ത റെക്കോഡുകളും സ്വന്തം പേരിലുണ്ട്. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റും ഒരുമിച്ച് നോക്കുമ്പോഴുള്ള റെക്കോഡ് കണക്കിലും കോലി രാജാവ് തന്നെയാണ്. ക്യാപ്റ്റനായും എത്രയെത്ര റെക്കോഡുകൾ. സജീവ താരങ്ങളിൽ റെക്കോഡുകളുടെ കാര്യത്തിൽ ഒന്നാമനും കോലി തന്നെ.
സ്ഥിരതയാർന്ന നീണ്ട കരിയർ ഏതൊരു കളിക്കാരന്റേയും സ്വപ്നമാണ്. സാക്ഷാൽ സച്ചിനും കോലിക്കും വരെ ഇടയ്ക്ക് കാലിടറിയിട്ടുണ്ട്. പക്ഷേ പൂർവാധികം ശക്തിയോടെ അവർ തിരിച്ചുവന്നുവെന്ന് മാത്രം. ടിട്വിന്റി മത്സരങ്ങൾക്ക് പ്രാധാന്യമേറുന്ന, ടെസ്റ്റുകളും ഏകദിനങ്ങളും പേരിന് മാത്രമാകാൻ പോകുന്ന വരും നാളുകളിൽ കോലിയുടെ സെഞ്ചുറികൾ മറ്റൊരു താരം മറികടക്കുമോയെന്ന് സംശയമാണ്. കഴിവ് മാത്രമല്ല, കോലിയുടെ കഠിനാധ്വാനവും അർപ്പണബോധവും ഈ നേട്ടങ്ങൾക്ക് പിന്നിലുണ്ട്. ക്രിക്കറ്റിൽ റെക്കോഡുകൾ തകർക്കപ്പെടാനുള്ളതാണ്, അത് കാലാകാലം നടക്കുക തന്നെ ചെയ്യും.
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ടീമിലിടം നേടാൻ താരങ്ങൾ കിണഞ്ഞുശ്രമിക്കുമ്പോഴാണ് കോലിയെന്ന് ഇതിഹാസം എല്ലാത്തിലും ഒരുപോലെ തിളങ്ങുന്നത്, റണ്ണടിച്ച് കൂട്ടുന്നത്, റെക്കോഡുകൾ കടപുഴക്കി എറിയുന്നത്. ഈ 18-ാം നമ്പർ ജേഴ്സിക്കാരന് ഇനിയും മുന്നോട്ട് യാത്രയേറെയുണ്ട്. ഇതിഹാസങ്ങളുടെ പഴയ റെക്കോഡുകൾ തകർത്തും, വരാനിരിക്കുന്ന ഇതിഹാസങ്ങൾക്ക് മാത്രം തകർക്കാൻ കഴിയുന്നതുമായ റെക്കോഡുകൾ സൃഷ്ടിച്ചുകൊണ്ട് കോലി രാജാവായി വാഴും, ഒരേയൊരു രാജാവ്…
Content Highlights: indian cricket legend virat kohli world records virat kohli 50 th century