കേരളത്തിലെ സ്ത്രീധനം കേട്ട് പകച്ച് ചൈനീസ് യുവതി, ചൈനയിൽ സ്ത്രീധനം നൽകേണ്ടത് പെൺവീട്ടുകാർക്ക്

ഏതൊരു പ്രവാസിക്കും, തന്റെ പ്രവാസം ആദ്യം അനുഭവപ്പെടുക ഭാഷയിലൂടെയാണ് എന്നാണ് എന്റെ പക്ഷം. കാരണം അന്നുവരേക്കും നമ്മള്‍ സമൂഹത്തോട് സംസാരിച്ചു കൊണ്ടിരുന്ന ഒരുപാധി ഇല്ലാതാവുകയാണ്. നോവലിസ്റ്റും കഥാകൃത്തുമായ ഫര്‍സാന ചൈനയിലെ തന്റെ പ്രവാസാനുഭവം വായനക്കാര്‍ക്കായി പങ്കുവെക്കുന്നു
2009 ലെ മഞ്ഞുകാലത്തിന്റെ ആരംഭത്തിലാണ് ചൈനയിലേക്കെത്തുന്നത്. പരിചിതമല്ലാത്ത ഏതൊരിടത്തെയും കാലാവസ്ഥയോ, സാമൂഹൃ അന്തരീക്ഷമോ എന്നെ അത്രകണ്ട് ബാധിക്കാറില്ല. പക്ഷേ, ഭാഷ ഒരു വലിയ പ്രശ്‌നം തന്നെയാവാറുണ്ട്.
മാന്‍ഡറിന്‍ എന്ന ചൈനക്കാരുടെ ഭാഷ കീറാമുട്ടിയാണെന്ന് എയര്‍ പോര്‍ട്ടില്‍ നിന്നിറങ്ങിയ ഉടന്‍ മനസിലായി. 'നീ ഹൗ' എന്നും 'ഷി ഷ്യേ' എന്നുമുള്ള രണ്ടു വാക്കുകള്‍ മാത്രം പകരം നല്‍കിയും, ബാക്കിയെല്ലായ്‌പ്പോഴും ഒരു പൊയ്ചിരി സമ്മാനിച്ചും ഞാന്‍ ചൈനക്കാരുമായുള്ള സംഭാഷണങ്ങളെ ഉന്തിക്കൊണ്ടുപോയി. അറിയാതെപ്പോഴോ മലയാളത്തില്‍ തന്നെ സംസാരിച്ചിട്ടുമുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഉമ്മ ചെയ്തപോലെ, മനസ്സിലാകാത്ത ഭാഷയില്‍ സംസാരിച്ചതിന് ആരെങ്കിലും തല്ലുമോ എന്ന ശങ്ക പോലും അന്നുണ്ടായി.
പിന്നീട് ലോകത്തെവിടെയും മനുഷ്യജീവിതങ്ങള്‍ സമാനമാണ് എന്ന് സാവകാശം മനസിലാക്കാനായി. അവിടെ, ഭാഷയ്‌ക്കോ വേഷത്തിനോ വെറും രണ്ടാം സ്ഥാനമേയുള്ളൂ. ചൈനീസ് സുഹൃത്തുക്കളുടെ മുഖമൊന്ന് വാടിയാല്‍ അതിനു കാരണമെന്താവുമെന്ന് ഊഹിക്കാനുള്ള സ്വാഭാവികമായ ഒരു കഴിവ് കാലക്രമേണ കൈവരിക്കാനായിട്ടുണ്ട്. അവരുടെ സംസ്‌കാരത്തെയും കലയെയും ചരിത്രത്തെയും അറിഞ്ഞത് വായനകളിലൂടെ എന്നതിലേറെ അനുഭവങ്ങളിലൂടെ ആയിരുന്നു.
ഭാഷയെക്കുറിച്ചുള്ള ആശങ്കകള്‍ അകന്നപ്പോള്‍, ഞാന്‍ ചൈനയിലെ സംസ്‌കാരത്തെയും ജീവിതത്തെയും കുറിച്ചു ശ്രദ്ധിക്കാന്‍ തുടങ്ങി. ഇന്നും നമ്മുടെ നാടിനെക്കുറിച്ചുള്ള ഓരോ വാര്‍ത്തകള്‍ വായിക്കുമ്പോഴും ഞാന്‍ ഓര്‍ക്കും ചൈനയില്‍ ഇങ്ങനൊന്ന് സംഭവിക്കുമായിരുന്നോ എന്ന്.
കേരളപ്പിറവി ദിനത്തില്‍ അത്തരത്തിലുള്ളൊരു അനുഭവം പങ്കുവക്കട്ടെ.
ഒരു പുരോഗമനോന്മുഖ സമൂഹത്തിനു ചേരാത്ത രീതിയില്‍, സ്ത്രീധന പീഡനവും അതിനെ തുടര്‍ന്നുള്ള മരണങ്ങളും ഇപ്പോഴും കേരളത്തില്‍ ഉണ്ടാകുന്നുണ്ട്. അത്തരമൊരു വാര്‍ത്ത കണ്ടിരിക്കുമ്പോഴാണ് ചൈനയിലെ എന്റെ സഹപ്രവര്‍ത്തകയായ നാന്‍സിയുടെ വരവ്. എന്താണ് കാണുന്നതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വാര്‍ത്തയുടെ ഉള്ളടക്കം വിവരിച്ചു.
അതിശയത്താല്‍ ആ കണ്ണുകള്‍ വിടരുന്നത് കാണാനായി. അതിനൊരു കാരണമുണ്ട്.
ഒരുപാട് വായനയുള്ള, യാത്രകള്‍ ചെയ്യാറുള്ള, ഒരു ചൈനീസ് യുവതിയാണ് നാന്‍സി. നാന്‍സി എന്നത് അവളുടെ ഇംഗ്‌ളീഷ് പേരാണ്. വന്നുചേരുന്നവര്‍ക്ക് വിളിക്കാനുള്ള സൗകര്യത്തിനായി, വിദേശ നാമങ്ങള്‍ സ്വീകരിക്കുന്ന ഒരു പതിവ് വര്‍ഷങ്ങളായി ചൈനക്കാര്‍ക്കിടയിലുണ്ട്. ഒരു ഭാഷയെ അവര്‍ ഉള്‍ക്കൊള്ളുന്നത് ഈവിധത്തിലും കൂടിയാണ്.
നാന്‍സി, വര്‍ഷങ്ങളായി ഒരാളുമായി പ്രണയത്തിലാണ്. ഒഴിവുകിട്ടുമ്പോഴെല്ലാം അവള്‍ അവന്റെ കൂടെ പോയി താമസിക്കും. ഹൈനാന്‍ എന്ന ദ്വീപ് പ്രവിശ്യയില്‍ താമസിക്കുന്ന, അയാളുടെ അമ്മയെയും അച്ഛനെയും സഹോദരിയെയും ഇടയ്ക്കിടെ സന്ദര്‍ശിക്കുക നാന്‍സിയുടെ പതിവാണ്. അവര്‍ക്കൊപ്പം ദിവസങ്ങളോളം തങ്ങും. പലവട്ടം അവളോട് ഞാന്‍ ചോദിച്ചു, വീട്ടുകാര്‍ക്കൊന്നും കുഴപ്പമില്ലെങ്കില്‍ പിന്നെ വിവാഹം നടത്തിക്കൂടെ എന്ന്. അപ്പോഴൊക്കെ അവളുടെ മുഖം മങ്ങും.
ഒരു കമ്പനിയില്‍ അത്യാവശ്യം നല്ലൊരു ജോലിയുണ്ട് അയാള്‍ക്ക്. പക്ഷേ, നാന്‍സിയെ കല്യാണം കഴിക്കണമെങ്കില്‍ ഒരു ലക്ഷം ചൈനീസ് യുവാന്‍ അവന്‍ അവളുടെ മാതാപിതാക്കള്‍ക്ക് സമ്മാനമായി നല്‍കേണ്ടതുണ്ട്; ഏകദേശം പത്തുലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ. നാന്‍സിയെ പോറ്റി വളര്‍ത്തിയതിന് അവര്‍ക്കുള്ള കൂലിയാണ് അത്. അതിലും തീരില്ല, കല്യാണത്തോടെ മാറിത്താമസിക്കാന്‍ അവന്‍ ഒരു വീടും സ്വന്തമാക്കിയിരിക്കണം. നാന്‍സി, തന്റെ ശമ്പളത്തില്‍ നിന്ന് ഒരോഹരി കൂട്ടുകാരനെ സഹായിക്കാനായി നീക്കിവെക്കുന്നുണ്ട്. എന്നിരുന്നാലും, അടുത്ത രണ്ടു വര്‍ഷത്തേക്ക് വിവാഹത്തിനുള്ള യാതൊരു സാധ്യതയും കാണുന്നില്ല എന്നാണ് നാന്‍സിയുടെ പക്ഷം.
ലോകത്തിന്റെ മറ്റൊരു കോണില്‍ നാന്‍സി കാണുന്നത്, ഉള്ളതെല്ലാം വിറ്റുപെറുക്കി പെണ്‍മക്കളെ കല്യാണം കഴിപ്പിച്ചുവിടുന്ന വാര്‍ത്തകളാണ്. 'കൊടുത്തത്രയും ധനം മതിയായില്ല' എന്നു പറഞ്ഞു കൊലപാതകങ്ങള്‍ വരെ നടക്കാറുണ്ടെന്ന് ഞാന്‍ പറഞ്ഞു. അത്ഭുതത്തോടെയും അമര്‍ഷത്തോടെയുമാണ് അവളത് കേട്ടത്.
ഒരുമിച്ചു ജീവിക്കാനുള്ള രണ്ടുപേരുടെ തീരുമാനത്തിന് ധനം അളവുകോലാകുന്ന ഒരു വ്യവസ്ഥിതിയുടെ ഇരയാണല്ലോ താനും എന്നോര്‍ത്തുകൊണ്ടാകണം നാന്‍സി ജോലിയിലേക്ക് തിരികെ കടന്നത്. പക്ഷേ, ധനം കുറഞ്ഞുപോയതിന്റെ പേരില്‍ അങ്ങനെ ആരും കൊല്ലാനൊന്നും പോകുന്നില്ലല്ലോ എന്ന ആശ്വാസവും അവള്‍ക്കുണ്ടെന്ന് എനിക്കറിയാം.
അപ്പോള്‍, 'സ്‌നേഹിച്ചു നമ്മളനശ്വരരാവുക' എന്നൊരു കവിതാശകലം എന്റെ ഭാഷയിലുണ്ടെന്ന് നാന്‍സിയോട് പറയണമെന്ന് തോന്നി..
Content Highlights: Keralappiravi Day Writer Farsana's Experience