സ്‌കൂള്‍ കായികമേളയില്‍ മുന്നേറ്റം തുടര്‍ന്ന് പാലക്കാട്; ബിജോയിക്കും നിത്യയ്ക്കും ഇരട്ട സ്വര്‍ണം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു. നിലവില്‍ 117 പോയന്റുമായി പാലക്കാടാണ് ഒന്നാംസ്ഥാനത്ത്. 81 പോയന്റോടെ മലപ്പുറവും 51 പോയന്റോടെ എറണാകുളവും പിന്നിലുണ്ട്.
സ്‌കൂളുകളില്‍ മലപ്പുറം ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് 36 പോയന്റോടെ മുന്നിട്ടുനില്‍ക്കുന്നു. 28 പോയന്റോടെ കോതമംഗലം മാര്‍ ബേസിലും 24 പോയന്റോടെ പാലക്കാട് കല്ലടിയും പിന്നിലുണ്ട്.
പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ ബിജോയിക്കും എറണാകുളം മാര്‍ ബേസിലിലെ നിത്യയ്ക്കും ഇരട്ട സ്വര്‍ണം ലഭിച്ചു. 3,000 മീറ്ററില്‍ സ്വര്‍ണം നേടിയതിനു പിന്നാലെ ഇരുവരും 1,500 മീറ്ററിലും സ്വര്‍ണം നേടി.
മേളയില്‍ ബുധനാഴ്ച ഒരു റെക്കോഡുകൂടി പിറന്നു. ഇതോടെ മൊത്തം റെക്കോഡുകള്‍ മൂന്നായി. കാസര്‍കോട് ഉദിനൂര്‍ ജി.എച്ച്.എസ്.എസിലെ വി.എസ്. അനുപ്രിയയാണ് സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 16.15 മീറ്റര്‍ എറിഞ്ഞ് റെക്കോഡോടെ സ്വര്‍ണം നേടിയത്. 2018-ല്‍ മേഘമരിയം മാത്യു സ്ഥാപിച്ച 14.91 മീറ്ററാണ് മറികടന്നത്.
Content Highlights: Kerala State School Athletics meet third day