കായികതാരങ്ങളാക്കാന്‍ കഷ്ടപ്പെടുന്ന അമ്മയ്ക്കായി സ്വര്‍ണവും വെള്ളിയും നേടി ഈ മക്കള്‍

തങ്ങളെ കായികതാരങ്ങളാക്കാന്‍ കഷ്ടപ്പെടുന്ന അമ്മയ്ക്ക് സ്വര്‍ണവും വെള്ളിയും നല്‍കി പൊന്നുമക്കളുടെ സ്‌നേഹം. അമ്മ വീട്ടുപണിക്ക് പോയി ഉപജീവനത്തിന് വഴി കണ്ടെത്തുന്ന വീട്ടിലേക്കാണ് മക്കള്‍ സ്വര്‍ണവും വെള്ളിയുമെത്തിച്ചത്. പോള്‍വാള്‍ട്ടില്‍ ചേച്ചിയുടെ വെള്ളിക്കുമേല്‍ സ്വര്‍ണം പൂശിയായിരുന്നു അനുജന്റെ ആവേശമുണര്‍ത്തിയ പ്രകടനം. ജൂനിയര്‍ വിഭാഗത്തില്‍ പാലാ സെയ്ന്റ് തോമസ് എച്ച്.എസ്.എസിലെ മിലന്‍ സാബുവും സീനിയര്‍ വിഭാഗത്തില്‍ ഭരണങ്ങാനം സെയ്ന്റ് മേരീസ് എച്ച്.എസ്.എസിലെ മെല്‍ബ മേരി സാബുവുമാണ് ഈ ജേതാക്കള്‍.
ഏറ്റുമാനൂര്‍ വെട്ടിമുകള്‍ കൊല്ലംപറമ്പില്‍ പരേതനായ സാബു ജോസഫിന്റെയും ഷീജയുടെയും മക്കളാണ് മെല്‍ബയും മിലനും. മണിപ്പുരില്‍ നടന്ന അഞ്ചാമത് ദേശീയ ഗെയിംസില്‍ വെയ്റ്റ്ലിഫ്റ്റിങ്ങില്‍ പങ്കെടുത്ത താരവും ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യനുമായിരുന്നു ഷീജ. വിവാഹം കഴിഞ്ഞതോടെ കായികമേഖല വിട്ടു.
മിലന്‍ എല്‍.കെ.ജി.യില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ സാബു ബൈക്കപകടത്തില്‍ മരിച്ചത്. പിന്നീട് മക്കളെ വളര്‍ത്തിയതിന് പിന്നില്‍ വലിയ കഷ്ടപ്പാടുകളുടെ കഥ പറയാനുണ്ട്, ഈ അമ്മയ്ക്ക്. കായികമേഖലയില്‍ മക്കള്‍ താത്പര്യം കാണിച്ചതോടെ ഇവരെ ഈ വഴിക്ക് തിരിച്ചുവിട്ടു. മെല്‍ബയുടെ പരിശീലകന്‍ ജൂലിയസ് ജെ. മനയാനിയുടെ നിര്‍ദേശത്തിലാണ് മക്കളെ പാലായിലെ സതീഷ്‌കുമാറിന്റെ ജമ്പ്സ് അക്കാദമിയിലാക്കിയത്.
സാമ്പത്തികപ്രയാസത്തില്‍ ബുദ്ധിമുട്ടിയ ഇവര്‍ക്ക് സംസ്ഥാന സ്‌കൂള്‍ മത്സരത്തിന് പുറപ്പെടുന്നതിന് ഏറ്റുമാനൂര്‍ സെയ്ന്റ് ജോസഫ് ക്നാനായ ചര്‍ച്ചില്‍നിന്ന് 20,000 രൂപ നല്‍കി. കുട്ടികളുടെ സ്‌പോര്‍ട്സിലെ താത്പര്യമറിഞ്ഞ് സ്‌പൈക് വാങ്ങാന്‍ 4000 രൂപയും സഹായധനമായി കിട്ടി. ഇതിന്റെ പിന്‍ബലത്തിലായിരുന്നു കുന്നംകുളത്തേക്കുള്ള യാത്ര. സീനിയര്‍ വിഭാഗത്തില്‍ മെല്‍ബ 2.50 മീറ്ററും ജൂനിയര്‍ വിഭാഗത്തില്‍ മിലന്‍ 3.60 മീറ്ററും ഉയരം താണ്ടി.
Content Highlights: children wins gold and silver to the mother who struggled to make them athletes