നീന്തലില്‍ ആദ്യ ദിനം ഏഴ് റെക്കോഡ്; ആറെണ്ണം തിരുവനന്തപുരത്തിന്

Photo: Mathrubhumi
Photo: Mathrubhumi

കോതമംഗലം : സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ നീന്തലില്‍ ആദ്യ ദിനം ഏഴ് റെക്കോഡ്. ഏഴില്‍ നാലും പെണ്‍കുട്ടികളാണ് നീന്തിയെടുത്തത്. ആറ് റെക്കോഡും തിരുവനന്തപുരം ജില്ല നേടി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ തിരുവനന്തപുരം വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസിലെ ആര്‍.ബി. ഭാഗ്യ കൃഷ്ണ (മൂന്നുമിനിറ്റ് 12.36 െസക്കന്‍ഡ്),

ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസിലെ തീര്‍ഥ സാമദേവ് (നാലുമിനിറ്റ് 19.76 സെക്കന്‍ഡ്), ജൂനിയര്‍ ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്ട്രോക്കില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസിലെ ആദിദേവ് പി. പ്രദീപ് (27.80 സെ.) എന്നിവര്‍ റെക്കോഡിട്ടു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്.എസ്.എസിലെ കെ. ദേവികയും (ഒരു മിനിറ്റ് 15.19 സെ.) ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസിലെ നടകുടിദി പാവണി സരയൂവും (മൂന്നുമിനിറ്റ് 5.25 സെക്കന്‍ഡ്) റെക്കോഡിട്ടു.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്കില്‍ തിരുവനന്തപുരം വെഞ്ഞാറമൂട് ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ ആര്‍. വിദ്യാലക്ഷ്മി (31.72 സെക്കന്‍ഡ്) റെക്കോഡിട്ടു. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസിലെ എസ്. അഭിനവ് (ഒരു മിനിറ്റ് 2.27 സെക്കന്‍ഡ്) റെക്കോഡിട്ടു.

Content Highlights: Seven new records were set on the first day of the Kerala School Games swimming competition