ജയം തുടർന്ന് തൃശ്ശൂർ ടൈറ്റൻസ്, കാലിക്കറ്റിനെ നിർഭാഗ്യം വിടുന്നില്ല

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശ്ശൂര്‍ ടൈറ്റന്‍സിന് വീണ്ടും ജയം. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെതിരേ ഒൻപത് റൺസ് ജയമാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത തൃശ്ശൂര്‍, നിശ്ചിത 20 ഓവറില്‍ 209 എന്ന വലിയ ടോട്ടൽ നേടി. മറുപടി ബാറ്റിങ്ങില്‍ കാലിക്കറ്റിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. രണ്ട് ടീമുകളും മികച്ച ബാറ്റിങ് പ്രകടനം നടത്തി.
ഓപ്പണർ അഹമ്മദ് ഇമ്രാന്‍ 55 പന്തില്‍ നേടിയ സെഞ്ചുറിയാണ് തൃശ്ശൂരിന്റെ ജയത്തില്‍ നിര്‍ണായകമായത്. 11 ഫോറുകളും അഞ്ച് സിക്സുകളും ചേർന്നതാണ് ഇമ്രാന്റെ ഇന്നിങ്സ്. എം.ഡി. നിധീഷ് മൂന്ന് വിക്കറ്റുകള്‍ നേടി തൃശ്ശൂരിനായി മികച്ച പ്രകടനം നടത്തി. സിബിന്‍ ഗിരീഷ് രണ്ട് വിക്കറ്റുകളും നേടി. ഷോണ്‍ റോജര്‍ (35), അക്ഷയ് മനോഹര്‍ (22), വിക്കറ്റ് കീപ്പര്‍ എ.കെ. അര്‍ജുന്‍ (24) എന്നിവര്‍ തൃശ്ശൂരിനായി രണ്ടക്കം കടന്നു.
മറുപടി ബാറ്റിങ്ങിൽ കാലിക്കറ്റിനായി സല്‍മാന്‍ നിസാറും (44 പന്തിൽ 77) മരുതുങ്ങല്‍ അജിനാസും (58) അര്‍ധ സെഞ്ചുറികള്‍ നേടി പൊരുതിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ടീം ടോട്ടൽ 200 വരെ എത്തിച്ച് ടീം പരാജയം സമ്മതിച്ചു. അഖിൽ സ്കറിയ രണ്ട് വിക്കറ്റുകൾ നേടി. കഴിഞ്ഞ മത്സരത്തിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിനോട് ഒരു വിക്കറ്റിന്റെ തോൽവിയാണ് കാലിക്കറ്റിന് ഏറ്റുവാങ്ങേണ്ടിവന്നത്. ശനിയാഴ്ചയും വിജയത്തിന് തൊട്ടടുത്തെത്തിയ ശേഷം കാലിടറുകയായിരുന്നു.
Content Highlights: Thrissur Titans Triumph Over Calicut Glob Stars in Kerala Cricket League