‘കളിപറഞ്ഞ്’ മിസ് ഇന്ത്യ, കെസിഎലിൽ ആയുഷി ധൊലാക്കിയയുടെ കമന്ററി കണ്ടത് ലക്ഷക്കണക്കിന് പേർ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) കാര്യവട്ടത്ത് കമന്ററി പറയാൻ എത്തിയത് മിസ് ഇന്ത്യ മത്സരത്തിലെ ജേതാവ്. 2024-ലെ ഫെമിനാ മിസ് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ് ഗുജറാത്ത് സ്വദേശി ആയുഷി ധൊലാക്കിയയാണ് കമന്ററി പറഞ്ഞത്.
സ്‌റ്റേഡിയത്തിൽ നിന്ന് നേരിട്ട് കമന്ററി പറയുകയും ഡഗ് ഔട്ടിൽ താരങ്ങളുടെയും പരിശീലകരുടെയും ഇന്റർവ്യൂ നടത്തുകയും ചെയ്താണ് ആയുഷി സാമൂഹിക മാധ്യമങ്ങളിൽ താരമായത്. കേരള ക്രിക്കറ്റ് അസോസിയേഷനായി പ്രചാരണം നടത്തുന്ന ഏജൻസിയുടെ ഭാഗമായാണ് ആയുഷി കെസിഎലിനെത്തിയത്.
കെസിഎയുടെ സാമൂഹികമാധ്യമ പേജുകളിൽ ഈ അഭിമുഖങ്ങൾ തത്സമയം അപ്‌ലോഡ് ചെയ്തു. കൂടാതെ മത്സരത്തിന്റെ ഇടവേളകളിൽ കൃത്യമായ അപ്‌ഡേഷനുകളും വിവരണങ്ങളും ആയുഷി നൽകി.
സ്റ്റാർ സ്‌പോർട്‌സിന്റെ സാമൂഹിക മാധ്യമ പേജിലും ഇത് പങ്കുവെച്ചു. ആയുഷിയുടെ സാമൂഹിക മാധ്യമങ്ങളിലൂടെയും ഈ വീഡിയോസും വിവരണങ്ങളും പങ്കുവെച്ചിരുന്നു. ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരാണ് ഈ വീഡിയോകൾ കണ്ടത്.
കേരള ക്രിക്കറ്റ് അസോസിയേഷനുവേണ്ടിയും കെസിഎൽ ആയുഷി വീഡിയോസ് തയ്യാറാക്കിയിരുന്നു.
വഡോദര സ്വദേശി ഡോ. മൗലേഷിന്റെയും ചിത്രകാരിയായ ദീപാലിയുടെയും മകളാണ് ആയുഷി.
മിസ് ഇന്ത്യ റണ്ണർ അപ് എന്ന നേട്ടം കൈവരിച്ചെങ്കിലും സിനിമയല്ല ആയുഷിയുടെ ലക്ഷ്യം. ഹാൻഡ്‌ബോൾ താരമായിരുന്നതിനാൽ മികച്ച സ്‌പോർട്‌സ് ബ്രോഡ്കാസ്റ്റർ ആവുകയെന്നതാണ് ലക്ഷ്യം. മാസ് കമ്യൂണിക്കേഷനിൽ മുംബൈയിലെ വിസിലിങ് വുഡ്‌സ് സർവകലാശാലയിൽനിന്ന് ബിരുദവും നേടിയിട്ടുണ്ട്.
നേരത്തെ ബറോഡാ പ്രീമിയർ ലീഗിലും കമന്ററി പറഞ്ഞിരുന്നു. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള കേരളത്തിലെ ക്രിക്കറ്റ് താരങ്ങൾ സൗഹൃദത്തോടെയും സ്‌നേഹത്തോടെയുമാണ് പെരുമാറിയതെന്ന് ആയുഷി ഓർക്കുന്നു.
ഓണക്കാലത്ത് തിരുവനന്തപുരത്ത് എത്താൻ കഴിഞ്ഞത് ഭാഗ്യമാണെന്നും ഇവിടത്തെ ഭക്ഷണവും കാലാവസ്ഥയും ഇഷ്ടമായെന്നും ആയുഷി പറയുന്നു.
Content Highlights: Femina Miss India Runner-Up Ayushi Dholakia Makes Commentary Debut at KCL