ട്രിവാന്‍ഡ്രത്തിന് ആദ്യ ജയം; കൊല്ലത്തെ തകര്‍ത്തത് നാലുവിക്കറ്റിന്

ട്രിവാൻഡ്രത്തിനായി റിയ ബഷീറിന്റെ മുന്നേറ്റം
ട്രിവാൻഡ്രത്തിനായി റിയ ബഷീറിന്റെ മുന്നേറ്റം


തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ആദ്യ ജയം. കഴിഞ്ഞദിവസം കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലെത്തിയ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരേ നാലു വിക്കറ്റിനാണ് ട്രിവാന്‍ഡ്രത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്ലം നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ട്രിവാന്‍ഡ്രം 19 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍-165/ 6 (19 ഓവര്‍). 

അര്‍ധ സെഞ്ചുറി നേടിയ റിയ ബഷീര്‍ (62) ആണ് ട്രിവാന്‍ഡ്രത്തിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. നേരത്തേ അഭിജിത്ത് പ്രവീണ്‍ വി. നേടിയ മൂന്ന് വിക്കറ്റുകളും ബേസില്‍ തമ്പി പിഴുത രണ്ടുവിക്കറ്റുകളും ടീമിന് കരുത്തായി. സീസണിലെ രണ്ടാംമത്സരത്തിനിറങ്ങിയ ട്രിവാന്‍ഡ്രം കഴിഞ്ഞദിവസം കൊച്ചി ബ്ലൂ ടൈഗേഴ്‌സിനോട് പരാജയപ്പെട്ടിരുന്നു. ആദ്യ ഓവറിലെ രണ്ടാംപന്തില്‍ത്തന്നെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ സുബിന്‍ എസിനെ (0) നഷ്ടമായ തിരുവനന്തപുരത്തെ പിന്നീട് റിയ ബഷീറും ക്യാപ്റ്റന്‍ കൃഷ്ണപ്രസാദും (24) ഗോവിന്ദ് ദേവ് പൈയും (27) എം. നിഖിലും (26) അടക്കമുള്ളവര്‍ കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു. അബ്ദുല്‍ ബാസിത്ത് (20), സഞ്ജീവ് സതീരശന്‍ (3) എന്നിവര്‍ പുറത്താവാതെ നിന്നു.  രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ ബിജു നാരായണും എം. സജീവന്‍ അഖിലും ആണ് കൊല്ലത്തിനായി ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയത്. 

നേരത്തേ ആദ്യം ബാറ്റുചെയ്ത ഏരീസ് കൊല്ലത്തിനായി വത്സന്‍ ഗോവിന്ദും(63) അഭിഷേക് നായരും (53) അര്‍ധസെഞ്ചുറികള്‍ നേടി. വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദ് (1), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (10), എം. സജീവന്‍ അഖില്‍ (5), ഷറഫുദ്ദീന്‍ (1) രാഹുല്‍ ശര്‍മ (10), എ.ജി. അമല്‍, ഏദന്‍ ആപ്പിള്‍ (ഇരുവരും പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. ബിജു നാരായണനും (2) വിജയ് വിശ്വനാഥും (7) പുറത്താവാതെ നിന്നു.
 

Content Highlights: kerala cricket league kollam vs trivandrum