കപ്പിൽ കണ്ണുനട്ട് ആലപ്പി; ജലജിനെ എത്തിച്ചത് നേട്ടമാകും, പുതുമുഖങ്ങളും കൂടുതൽ

കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നാണ് ആലപ്പി റിപ്പിള്‍സ്. കിരീടം വെട്ടിപ്പിടിക്കാന്‍ ഉറച്ചുതന്നെയാണ് ഇത്തവണത്തെ വരവ്. പ്രമുഖ താരം ജലജ് സക്‌സേനയെ ടീമിലെത്തിക്കാനായത് വലിയ ഊര്‍ജമാകും. സഞ്ജു സാംസണും വിഷ്ണു വിനോദും കഴിഞ്ഞാല്‍ ലീഗിലെ ഏറ്റവും വിലയേറിയ താരം. മധ്യപ്രദേശില്‍നിന്നുള്ള ഈ ഓള്‍റൗണ്ടര്‍ രഞ്ജി ട്രോഫിയില്‍ വര്‍ഷങ്ങളായി കേരളത്തിന്റെ കുന്തമുനയാണ്. കെസിഎലില്‍ ജലജിന്റെ അരങ്ങേറ്റത്തിനുകൂടിയാണ് ഇത്തവണ വഴിയൊരുങ്ങുന്നത്.
ജലജ് സക്‌സേന വന്നതില്‍പ്പിന്നെയാണ് രഞ്ജിയില്‍ കേരളം ക്വാര്‍ട്ടര്‍പോലും കടന്നത്. രഞ്ജിയിലാദ്യമായി കഴിഞ്ഞതവണ കേരളം ഫൈനലില്‍ കടന്നതിലും ജലജിന്റെ വിയര്‍പ്പും കഠിനാധ്വാനവുമുണ്ട്. ദീര്‍ഘനേരം ബാറ്റുചെയ്യാനും ഇടവേളകള്‍ വേണ്ടാത്തവിധം പന്തെറിയാനും കഴിയുമെന്നതാണ് ജലജിന്റെ പ്രത്യേകത. പ്രായം 38 ആയിട്ടും അപാരമായ ഫിറ്റ്‌നസ് പുലര്‍ത്തുന്ന പ്രതിഭ. രഞ്ജിയിലെ മികവ് ആവര്‍ത്തിച്ചാല്‍ ജലജ് എതിരാളികള്‍ക്ക് സൃഷ്ടിക്കുന്ന ക്ഷീണം ചെറുതായിരിക്കില്ലെന്നുറപ്പ്.
കഴിഞ്ഞ സീസണില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് താരമായിരുന്ന എന്‍.പി. ബേസിലിനെ ടീമിലെത്തിക്കാനായതും മുതല്‍ക്കൂട്ടാവും. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ മുഹമ്മദ് അസ്ഹറുദ്ദീനെ ക്യാപ്റ്റനായി ടീമില്‍ നിലനിര്‍ത്തി. തിലക് വര്‍മ നായകനായ ദുലീപ് ട്രോഫി ദക്ഷിണ മേഖലാ ടീമില്‍ ഇടംനേടിയ അഞ്ച് മലയാളികളില്‍ ബേസിലും അസ്ഹറുമുണ്ട്. അസ്ഹര്‍ ടീം വൈസ് ക്യാപ്റ്റന്‍കൂടിയാണ്. മറ്റൊരു രഞ്ജി താരവും വിക്കറ്റ് വേട്ടക്കാരനുമായ ശ്രീഹരി എസ്. നായരും ആലപ്പിയിലെത്തുന്നതോടെ ടീമിന്റെ കെട്ടുറപ്പ് ഭദ്രമാവുന്നു. കഴിഞ്ഞ സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ഭാഗമായ ശ്രീഹരിയെ ഇത്തവണ നാലുലക്ഷം രൂപ നല്‍കിയാണ് റിപ്പിള്‍സ് സ്വന്തമാക്കിയത്.
ഒറ്റ ഐപിഎല്‍ സീസണ്‍ കൊണ്ട് ശ്രദ്ധേയനായ വിഘ്‌നേഷ് പുത്തൂരിനെ നിലനിര്‍ത്തിയത് ടീമിന്റെ ഖ്യാതി പെരുക്കാന്‍കൂടി ഉപകരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ഈ ചൈനാ മാന്‍ ബൗളര്‍ കഴിഞ്ഞ സീസണില്‍ ആലപ്പിക്കുവേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. അതുകണ്ട് സ്‌കൗട്ട് ട്രയല്‍സിനു വിളിച്ച മുംബൈ ഇന്ത്യന്‍സ്, സീസണില്‍ കളിക്കാന്‍ അവസരവും നല്‍കി. രോഹിത് ശര്‍മയ്ക്കു പകരം ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വിഘ്‌നേഷ്, കൈയടിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
വാസ്തവത്തില്‍ കേരളത്തില്‍നിന്ന് വിഘ്‌നേഷ് പുത്തൂര്‍ എന്ന താരം ഐപിഎല്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന വിവരംതന്നെ അധികം മലയാളികള്‍ക്കും അറിയുമായിരുന്നില്ല. പക്ഷേ, ഒറ്റ കളികൊണ്ട് വന്‍ ആരാധകവൃന്ദം വിഘ്‌നേഷിന് കൂട്ടായെത്തി. വിഘ്‌നേഷിനെ നിലനിര്‍ത്തി എന്നതിനപ്പുറത്ത്, അത് ടീമിനുണ്ടാക്കുന്ന ജനപ്രീതി ബാഹുല്യവും ആലപ്പി റിപ്പിള്‍സിന് അനുഗുണമാണ്. അക്ഷയ് ചന്ദ്രനെയും അക്ഷയ് ടി.കെ.യെയും ടീം നിലനിര്‍ത്തി.
ക്രീസിലെത്തിയാല്‍ ആക്രമണകാരിയാവുന്ന ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍, വിക്കറ്റിനു പിന്നില്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കുന്നതിലും മിടുക്കനാണ്. നേതൃഗുണവും അപാരമായ പരിചയസമ്പത്തും അസ്ഹറിനെ ടീമിലെ സവിശേഷ സാന്നിധ്യമായി ഉറപ്പിക്കുന്നു. കഴിഞ്ഞ സീസണില്‍ ആലപ്പിയുടെ ടോപ് സ്‌കോററും അസ്ഹറാണ്. രഞ്ജിയില്‍ കഴിഞ്ഞ സീസണിലെ കേരളത്തിന്റെ ടോപ് സ്‌കോററും ഈ തളങ്കരക്കാരന്‍തന്നെ. കാസര്‍ക്കോട്ടുനിന്നു തന്നെയുള്ള അക്ഷയ് ചന്ദ്രനും ക്രീസില്‍ അപാരമായ മിടുക്ക് കാണിക്കുന്ന ബാറ്ററാണ്. ഇരുവരും രഞ്ജിയില്‍ ഒരുമിച്ച് ബാറ്റ് ചെയ്തതിന്റെ പരിചയം ടീമിന് മുതല്‍ക്കൂട്ടാവും.
കേരള ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള വാഗ്ദാനമായി കണക്കാക്കപ്പെടുന്ന താരമാണ് കോട്ടയം കുമരകം സ്വദേശി ആദിത്യ ബൈജു. ഫാസ്റ്റ് ബൗളറായ ഈ പത്തൊന്‍പതുകാരനെ ഒന്നര ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ അണ്ടര്‍-19 വിനു മങ്കാദ് ട്രോഫിയില്‍ ഉത്തരാഖണ്ഡിന്റെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. കൂച്ച് ബെഹാര്‍ ട്രോഫിയിലും ശ്രദ്ധേയമായ പ്രകടനം നടത്തി. കെസിഎലിലും ഒരു വരവറിയിക്കുകയായിരിക്കും ആദിത്യയുടെ ഉദ്ദേശ്യം.
കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് ഗ്ലോബ് സ്‌റ്റോര്‍സിന്റെ താരമായ കെ.എ. അരുണ്‍ ഇത്തവണ ആലപ്പുഴയ്‌ക്കൊപ്പമാണ്. 75,000 രൂപയ്ക്കാണ് ടീം വിളിച്ചെടുത്തത്. എം. ശ്രീരൂപ്, ബാലു ബാബു, ആകാശ് സി. പിള്ള, സി.ടി.കെ. മുഹമ്മദ് നസീല്‍, അര്‍ജുന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ആലപ്പി നിരയിലെ പുതുമുഖ താരങ്ങളാണ്. അഭിഷേക് പി. നായര്‍, ടി.കെ. അനൂജ് ജോട്ടിന്‍, അര്‍ജുന്‍ സുരേഷ് നമ്പ്യാര്‍, അരുണ്‍ കെ.എ., മുഹമ്മദ് കൈഫ്, രാഹുല്‍ ചന്ദ്രന്‍ എന്നിവര്‍ കൂടി ചേരുന്നതോടെ പരിചയസമ്പത്തും യുവത്വവും ഒത്തുചേരുന്ന ടീമായി മാറുകയാണ് ആലപ്പി. പതിനെട്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പഴ്‌സ് ചെലവായത് 49.35 ലക്ഷം രൂപ (ചെലവഴിക്കാവുന്ന പരമാവധി തുക 50 ലക്ഷം). പുതിയ താരങ്ങള്‍ കൂടി എത്തുന്നതോടെ ലീഗിന്റെ ആവേശത്തിനും മാറ്റുകൂടും. ടീം കോമ്പിനേഷന്‍ ടീമിന് ഗുണംചെയ്യുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും അതിശയിപ്പിക്കാന്‍ കെല്പുള്ള ഒരുപിടി താരങ്ങള്‍ റിപ്പിള്‍സിനുണ്ട്.
ആലപ്പുഴ എസ്.ഡി. കോളേജ് ഗ്രൗണ്ടാണ് ടീമിന്റെ പരിശീലന കേന്ദ്രം. ഭാവിയിലേക്ക് കൂടുതല്‍ പേരെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തില്‍ ജില്ലയിലെ യുവതാരങ്ങള്‍ക്കുകൂടി ടീമിനൊപ്പം പരിശീലനം നടത്താന്‍ അവസരമുണ്ട്. മുന്‍ കേരള രഞ്ജി ട്രോഫി നായകന്‍ സോണി ചെറുവത്തൂര്‍ മുഖ്യപരിശീലകനായി വരികയും ചെയ്യുന്നതോടെ കിരീടമുറപ്പിക്കാനുള്ള കരുത്ത് ടീമിന് കൈവരുന്നു. കഴിഞ്ഞ സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ബൗളിങ് പരിശീലകനായിരുന്ന സോണിയെ ഇത്തവണ റിപ്പിള്‍സിന്റെ മുഖ്യ പരിശീലകനായെത്തിക്കുകയായിരുന്നു.
ക്യാപ്റ്റന്‍: മുഹമ്മദ് അസ്ഹറുദ്ദീന്‍, വൈസ് ക്യാപ്റ്റന്‍: അക്ഷയ് ചന്ദ്രന്‍. ടീം അംഗങ്ങള്‍: ജലജ് സക്‌സേന, വിഗ്‌നേഷ് പുത്തൂര്‍, ടി.കെ. അക്ഷയ്, എന്‍.പി. ബേസില്‍, ശ്രീഹരി എസ്. നായര്‍, ആദിത്യ ബൈജു, മുഹമ്മദ് കൈഫ്, രാഹുല്‍ ചന്ദ്രന്‍, അനുജ് ജോതിന്‍, എം.പി. ശ്രീരൂപ്, ബാലു ബാബു, കെ.എ. അരുണ്‍, അഭിഷേക് പി. നായര്‍, ആകാശ് പിള്ള, മുഹമ്മദ് നാസില്‍, അര്‍ജുന്‍ നമ്പ്യാര്‍.
ഉടമകള്‍: ടി.എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), റാഫേല്‍ പൊഴോലിപ്പറമ്പില്‍ തോമസ്. പരിശീലകന്‍: സോണി ചെറുവത്തൂര്‍ (കേരള മുന്‍ രഞ്ജി ട്രോഫി നായകന്‍). ബ്രാന്‍ഡ് അംബാസഡര്‍: കുഞ്ചാക്കോ ബോബന്‍
Content Highlights: kerala cricket league alleppey ripples