ആറോവറിൽ നൂറ്, KCL-ലെ ഏറ്റവും ഉയർന്ന ടോട്ടൽ, സഞ്ജുവിന്റെ വിളയാട്ടം; ത്രില്ലടിപ്പിച്ച് കൊച്ചി

തിരുവനന്തപുരം: വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു സാംസൺ നിറഞ്ഞാടിയ ത്രില്ലറിൽ കൊല്ലം സെയിലേഴ്‌സിനെ മറികടന്ന് കൊച്ചി. കെസിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്ന പോരാട്ടത്തിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്നു. ട്വന്റി-20 ക്രിക്കറ്റിലെ ആവേശംനിറഞ്ഞ പോരാട്ടമാണ് ഗ്രീൻഫീൽഡിൽ അരങ്ങേറിയത്. ബാറ്റെടുത്ത മിക്കവരും സിക്‌സും ഫോറുമായി കളം നിറഞ്ഞപ്പോൾ ആവേശ ക്രിക്കറ്റ് അതിന്റെ മൂർധന്യത്തിലെത്തി. 473 റൺസാണ് ഇരു ടീമുകളുംകൂടി അടിച്ചെടുത്തത്. ഒരു മത്സരത്തിൽനിന്ന് 26 സിക്‌സറും 36 ബൗണ്ടറികളും പിറന്നു. ആദ്യ ഇന്നിങ്സിൽ കൊല്ലത്തിനായി വിഷ്ണു വിനോദും സച്ചിൻബേബിയും നടത്തിയ പ്രകടനത്തിനു അതേ നാണയത്തിൽ തിരിച്ചടി നൽകാൻ സഞ്ജുവിനും ടീമിനും കഴിഞ്ഞു.
41 പന്തിൽ പത്ത് കൂറ്റൻ സിക്സറുകളോടെയാണ് വിഷ്ണു വിനോദ് 94 റൺസ് അടിച്ചെടുത്തത്. 44 പന്തിൽ ആറ് സിക്‌സറുകൾ പായിച്ചാണ് സച്ചിൻ ബേബി 91 റൺസ് നേടിയത്. കൊല്ലം 236 എന്ന വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. കൂറ്റൻ സ്കോർ പിന്തുടർന്നെത്തിയ ഓപ്പണർ സഞ്ജു ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയാണ് തിരിച്ചടി തുടങ്ങിയത്. ആ ഓവറിൽത്തന്നെ ഒരു സിക്‌സറുൾപ്പെടെ 14 റൺസാണ് നേടിയത്.
മൂന്നാം ഓവറിൽ നാല് ഫോറാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നുണ്ടായത്. വെറും 14 പന്തിൽ കെസിഎല്ലിലെ വേഗതയേറിയ അർധസെഞ്ചുറിയും സ്വന്തംപേരിൽ കുറിച്ചു. ആറ് ഓവറിൽ കൊച്ചി 100 റൺസ് പിന്നിട്ടു. സഞ്ജുവിന്റെ ഓരോ ഷോട്ടും ഗാലറി ആവേശത്തോടെയാണ് സ്വീകരിച്ചത്.
42 പന്തിൽ സെഞ്ചുറി നേടിയ സഞ്ജു 19-ാം ഓവറിലാണ് പുറത്താവുന്നത്. എന്നാൽ, ഇതിൽ പതറാതെ മുഹമ്മദ് ആഷിക് കൂറ്റൻ സിക്സറുമായി കൊച്ചിയെ വിജയത്തിലേക്കു നയിച്ചു. അവസാന ഓവറുകൾ ഒരു ത്രില്ലർ മത്സരത്തിന്റെ എല്ലാ ചേരുവകളും നിറഞ്ഞതായിരുന്നു.
അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണമായിരുന്നു. ആദ്യ ബോൾ ബൗണ്ടറിയും പിന്നീട് സിക്‌സും നേടിയെങ്കിലും അവസാന പന്തിൽ ജയിക്കാൻ ആറ് റൺസ് വേണ്ടിയിരുന്നു.
ലോങ്ങോണിലെ കൂറ്റൻ സിക്‌സിലൂടെ മുഹമ്മദ് ആഷിക് കൊച്ചിക്ക് വിജയം സ്വന്തമാക്കി. കെസിഎല്ലിൽ നിരവധി റെക്കോഡുകൾ പിറന്ന മത്സരം
ഒരു ക്രിക്കറ്റ് വിരുന്നായി. ടൂർണമെന്റിൽ ഇനി വരും മത്സരങ്ങളും ആവേശകരമായിരിക്കുമെന്ന സൂചനയാണ് ഞായറാഴ്ച ഉണ്ടായത്. സഞ്ജു സാംസന്റെ മിന്നും പ്രകടനം ദേശീയ മാധ്യമങ്ങളടക്കം ആഘോഷിച്ചു. ഓരോ ബൗണ്ടറിക്കും സിക്‌സറിനും വിക്കറ്റിനും ആർപ്പുവിളികളുമായി കാണികൾ കളിക്കാർക്ക് ഊർജംപകർന്നു. ഇരു ടീമുകൾക്കും മികച്ച പിന്തുണയാണ് ഗാലറിയിൽനിന്നു ലഭിച്ചത്.
Content Highlights: kerakla cricket league kochi kollam