അഭിഷേക് ഷോയിൽ ഏരീസ് കൊല്ലം സെയ്ലേഴ്സ്; ട്രിവാൻഡ്രം റോയൽസിനെതിരേ ഏഴുവിക്കറ്റ് ജയം

അർധ സെഞ്ചുറി നേടിയ ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ അഭിഷേക് നായർ
അർധ സെഞ്ചുറി നേടിയ ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ അഭിഷേക് നായർ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ജയം ആവര്‍ത്തിച്ച് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ ഏഴ് വിക്കറ്റിന്റെ അനായാസ ജയംനേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ട്രിവാന്‍ഡ്രം നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ കൊല്ലം മൂന്ന് ഓവറും ഏഴ് വിക്കറ്റുകളും ബാക്കിനില്‍ക്കേ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 181/3 (17 ഓവര്‍). അര്‍ധ സെഞ്ചുറിയുമായി കളംനിറഞ്ഞ ഓപ്പണര്‍ അഭിഷേക് നായരും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ വിജയ് വിശ്വനാഥും ചേര്‍ന്നാണ് കൊല്ലത്തിന് ജയം എളുപ്പമാക്കിയത്. വിജയ് വിശ്വനാഥാണ് മത്സരത്തിലെ താരം. ജയത്തോടെ കൊല്ലം പോയിന്റ്സ് പട്ടികയിൽ രണ്ടാമതെത്തി.

46 പന്തില്‍  രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതം 60 റണ്‍സാണ് അഭിഷേക് നായരുടെ ബാറ്റില്‍നിന്ന് പിറന്നത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി അര്‍ധ സെഞ്ചുറിക്കരികെ (25 പന്തില്‍ 46 റണ്‍സ്) പുറത്തായി. മൂന്ന് സിക്‌സും നാല് ബൗണ്ടറിയും ക്യാപ്റ്റന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. അഭിഷേകും സച്ചിനും ചേര്‍ന്ന രണ്ടാം വിക്കറ്റില്‍ 45 പന്തില്‍നിന്ന് 74 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദും (20 പന്തില്‍ 33), ആഷിഖ് മുഹമ്മദും (8 പന്തില്‍ 23) മികച്ച സംഭാവന നല്‍കി. അഭിഷേകും ഷറഫുദ്ദീനും (2*) ചേര്‍ന്നാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിതയത്. ട്രിവാന്‍ഡ്രത്തിനായി ടിഎസ് വിനി, അജിത് വാസുദേവന്‍, ആസിഫ് സലാം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തേ ആദ്യം ബാറ്റുചെയ്ത ട്രിവാന്‍ഡ്രത്തിനായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദും (32 പന്തില്‍ 35) വിക്കറ്റ് കീപ്പര്‍ വിഷ്ണു രാജും (25 പന്തില്‍ 33) മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 76 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുയര്‍ത്തി. എം. നിഖില്‍ (26), സഞ്ജീവ് സതരശന്‍ (34), വി. അഭിജിത്ത് പ്രവീണ്‍ (20) എന്നിവരും രണ്ടക്കം കടന്നു. ബേസില്‍ തമ്പി (3), അബ്ദുല്‍ ബാസിത്ത് (2) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. കൊല്ലത്തിനായി ഏദന്‍ ആപ്പിളും എ.ജി. അമലും എന്‍.എസ്. അജയഘോഷും ഓരോന്നുവീതം വിക്കറ്റുവീഴ്ത്തി.

Content Highlights: kcl 2025 aries kollam sailors beats trivandrum royals