രണ്ട് ഗഡു കുടിശ്ശിക നല്‍കും, ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; വയനാടിന് 750 കോടി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം പകര്‍ന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം തുടങ്ങിയത്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. ഡി.എ കുടിശ്ശികയുടെ ലോക്കിങ് ഇന്‍ പീരിഡ് ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീര്‍ക്കും.
വയനാട് പുനരധിവാസനത്തിനായി ആദ്യ ഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റികള്‍ വരും. ലോക കേരള കേന്ദ്രത്തിനായി അഞ്ച് കോടി അനുവദിച്ചു. തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷംതന്നെ ആരംഭിക്കും. കോഴിക്കോട്ടും മെട്രോ പരിഗണനയിലുണ്ട്. തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാല അനുവദിച്ചു.
2025-26 ലൈഫ് പദ്ധതിക്കായി 1160 കോടി രൂപ വകയിരുത്തി. ഈ കാലയളവില്‍ കുറഞ്ഞത് ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും. പട്ടികജാതിയില്‍പെട്ട 111996 പേര്‍ക്ക് പട്ടികവര്‍ഗത്തില്‍പെട്ട 43332 പേര്‍ക്കും ലൈഫ് പദ്ധതിയില്‍ വീട് നല്‍കിയെന്നും മന്ത്രി അറിയിച്ചു. ലൈഫ് പദ്ധതിക്ക് 2016-17 മുതല്‍ നല്‍കിയത് 18000 കോടിയിലധികം രൂപയാണ്.
ധനഞെരുക്കത്തില്‍ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ധനഞെരുക്കം കേരളത്തെ ബാധിക്കില്ലെന്നും വികസനത്തിന്റെ കാര്യത്തില്‍ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: kn balagopal presents kerala budget