ഗവേഷക വിദ്യാർഥികൾക്ക് പ്രതിമാസം 10,000 രൂപ; വിദ്യാർഥികൾക്ക് സി.എം. റിസര്‍ച്ചേഴ്‌സ് സ്‌കോളര്‍ഷിപ്പ്

കെ എന്‍ ബാലഗോപാല്‍
കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: രാജ്യത്തെ തൊഴില്‍ നിയമനങ്ങളില്‍ സിംഹഭാഗവും നടക്കുന്നത് കേരളത്തിലാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ബജറ്റ് അവതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യസ, തൊഴില്‍ രംഗത്ത് നിരവധി പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപവെച്ച് ഫെലോഷിപ്പ് നല്‍കുന്ന പുതിയ പദ്ധതി ഉള്‍പ്പെടെ സംസ്ഥാന ബജറ്റിലുണ്ട്. 

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പ്രവേശനം നേടിയ റഗുലര്‍-ഫുള്‍ടൈം ഗവേഷണ വിദ്യാര്‍ഥികളില്‍ മറ്റു ഫെലോഷിപ്പുകളോ ധനസഹായമോ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപവെച്ച് ഫെലോഷിപ്പ് നല്‍കുമെന്ന പുതിയ പ്രഖ്യാപനവും ബജറ്റിലുണ്ടായി. ഇതിനായി സി.എം. റിസര്‍ച്ചേഴ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി. 2025-26-ല്‍ ഇതിനായി 20 കോടി രൂപ വകയിരുത്തി. 

തൊഴില്‍ നിയമനങ്ങളില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ ഒരുലക്ഷത്തി പതിനായിരത്തോളം നിയമനശുപാര്‍ശകള്‍ നല്‍കിക്കഴിഞ്ഞെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പതിനായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം ഇതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 8293 സ്ഥിരം നിയമനങ്ങളും 34,859 താത്കാലിക നിയമനങ്ങളും ഉള്‍പ്പെടെ 43,152 പേര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി തൊഴില്‍ നല്‍കി. 

വിജ്ഞാനകേരളം ജനകീയ കേരളം

വിവിധ കോഴ്‌സുകളില്‍ അവസാന വര്‍ഷം പഠിക്കുന്ന അഞ്ചുലക്ഷം വിദ്യാര്‍ഥികളെ നൈപുണി പരിശീലനം നല്‍കി  തൊഴില്‍ പ്രാപ്തരാക്കുക, പഠനം പൂര്‍ത്തീകരിച്ചവരെ ശരിയായി തയ്യാറെടുപ്പിച്ച് തൊഴില്‍മേളയിലൂടെ തൊഴില്‍ നല്‍കുക എന്നീ ലക്ഷ്യത്തോടെയുള്ള ജനകീയ ക്യാമ്പയിനാണ് വിജ്ഞാന കേരളം. 2025-26-ലെ പ്രധാന വികസന പദ്ധതിയായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു. 

വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തിനും അഭിരുചിക്കും അനുയോജ്യമായതും തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ളതുമായ സ്‌കില്‍ കോഴ്‌സുകള്‍ ലഭ്യമാക്കും. പദ്ധതിയില്‍ മെന്റര്‍മാര്‍ക്കു പുറമേ, 50,000 സന്നദ്ധ പ്രൊഫഷണല്‍ മെന്റര്‍മാരെയും അണിനിരത്തും. പരമാവധി കുട്ടികള്‍ക്ക് കാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും. പഠനം പൂര്‍ത്തീകരിച്ച തൊഴിലന്വേഷകര്‍ക്കുള്ള ആദ്യത്തെ മെഗാജോബ് എക്‌സ്‌പോ 2025 ഫെബ്രുവരിയില്‍ നടക്കും. തുടര്‍ന്ന് ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും പ്രതിമാസം രണ്ട് മെഗാ ജോബ് എക്‌സ്‌പോ വീതവും സംഘടിപ്പിക്കും. മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ തൊഴിലവസരങ്ങളാണ് ഓരോ മെഗാ ജോബ് എക്‌സ്‌പോ വഴിയും ലഭ്യമാവുക. ക്യാമ്പയിന്റെ പ്രചാരണത്തിനും പരിശീലനത്തിനും തൊഴില്‍മേളയുടെ സംഘാടനത്തിനും മറ്റുമായി 20 കോടി രൂപ അധികമായി അനുവദിക്കുമെന്നും ബജറ്റിൽ ഉറപ്പുനൽകുന്നു.

മഞ്ചാടി

സ്‌കൂള്‍ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് മഞ്ചാടി. 14 ജില്ലകളിലെ 1400 സ്‌കൂളുകളിലെ 2100-ഓളം ക്ലാസുകളില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി 2.8 കോടി രൂപ വകയിരുത്തുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതില്‍നിന്ന് കേന്ദ്രം പിന്മാറിയിരുന്നു. സ്‌കോളര്‍ഷിപ്പുകള്‍ നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് തുടര്‍ന്ന് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മാര്‍ഗദീപം പദ്ധതിക്കായി 20 കോടി രൂപ വകയകിരുത്തി. കേന്ദ്രം നിര്‍ത്തലാക്കിയ മൗലാനാ ആസാദ് ദേശീയ റിസേര്‍ച്ച് ഫെലോഷിപ്പിന് പകരം സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ച ഫെലോഷിപ്പ് പദ്ധതിക്കായി ആറുകോടി രൂപയും വകയിരുത്തി. അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് പട്ടികജാതി/ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ എന്‍ റോള്‍മെന്റ് ഇരട്ടിയാക്കും.

കേരളത്തിലെ വിവിധ അക്കാദമിക് പദ്ധതിക്കായി 37.8 കോടി രൂപ, വിദ്യാര്‍ഥി കേന്ദ്രീകൃത പദ്ധതിക്കായി സ്‌കൂളുകളില്‍ 44 കോടി രൂപ, സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി 109.34 കോടി രൂപ, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പരിചരണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായമായി 62 കോടി രൂപ, കൈറ്റിന്റെ പ്രവര്‍ത്തനത്തിനായി 38.5 കോടി രൂപ എന്നിവയും ബജറ്റിലുണ്ട്. 

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാനുള്ള ആകെ സംസ്ഥാന വിഹിതം 340 കോടി രൂപയാണ്. ഇതില്‍ 55 കോടി രൂപ സംസ്ഥാന പദ്ധതി വിഹിതത്തില്‍നിന്നും ബാക്കി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍നിന്നും കണ്ടെത്തുകയാണ്. സമഗ്ര ശിക്ഷാ അഭിയാന്റെ പ്രൊജക്ട് ഡയറക്ട് നടപ്പാക്കുന്ന പ്രവൃത്തികള്‍ക്കായി 20.5 കോടി രൂപ, കുട്ടികളുടെ പോഷകാഹാരനില മെച്ചപ്പെടുത്തുന്നതിനായുള്ള ഉച്ചഭക്ഷണ പദ്ധതിക്കായി 402.14 കോടി രൂപ വകയിരുത്തുന്നു. ഇതില്‍ കേന്ദ്ര വിഹിതത്തിന് ആനുപാതികമായിട്ടുള്ള സംസ്ഥാന വിഹിതമായ 150 കോടി രൂപയും പാല്‍, മുട്ട ഉള്‍പ്പെടെയുള്ള അധിക ചെലവുകള്‍ക്കായി 252.14 കോടി രൂപയും വകയിരുത്തുന്നു. 

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരള സര്‍വകലാശാലയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 37.2 കോടി രൂപ, കോഴിക്കോട് സര്‍വകലാശാല-33.8 കോടി, മഹാത്മാഗാന്ധി സര്‍വകലാശാല-38.4 കോടി, ശങ്കരാചാര്യ സര്‍വകലാശാല-22.05 കോടി, കണ്ണൂര്‍ സര്‍വകലാശാല-34 കോടി, മലയാളം സര്‍വകലാശാല-11.35 കോടി എന്നിങ്ങനെ വകയിരുത്തി. 

Content Highlights: kerala budget education and career