50 ശതമാനം തുക മുൻകൂർ, കൂടുതൽ ശേഖരണ കേന്ദ്രങ്ങൾ; ചന്ദനകൃഷി പ്രോത്സാഹിപ്പിക്കാൻ നിയമങ്ങൾ മാറ്റും

തിരുവനന്തപുരം: ചന്ദനകൃഷിയുമായി ബന്ധപ്പെട്ട നയത്തില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ സൂചന ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നല്‍കി. ചന്ദനകൃഷിയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി മാറ്റുമെന്ന് അദ്ദേഹം ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
'സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കും. ചന്ദനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായിക്കും. ഇതിനായി ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തും. സ്വകാര്യ ഭൂമിയില്‍ നിന്ന് മുറിക്കുന്ന ചന്ദനം ശേഖരിക്കുന്നതിനായി സംസ്ഥാനത്തുടനീളം കൂടുതല്‍ വനം ഡിപ്പോകളെ ചന്ദനത്തിന്റെ ശേഖരണ കേന്ദ്രങ്ങളാക്കുക, ചന്ദനത്തടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ണയിച്ച മൂല്യത്തിന്റെ 50 ശതമാനമെങ്കിലും മുന്‍കൂറായി ഉടമസ്ഥര്‍ക്ക് നല്‍കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്യുന്നു.' -ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
1986-ലെ കേരള മര സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ പെടുന്നതാണ് ചന്ദനം. ആവശ്യകതയും ഇറക്കുമതിയും വര്‍ധിച്ചതോടെയാണ് ചന്ദന കൃഷി നിയമവിധേയമാക്കിയത്. എന്നാല്‍ കര്‍ശനമായ നിയമങ്ങള്‍ പാലിച്ചുമാത്രമേ ചന്ദനം കൃഷി ചെയ്യാന്‍ സാധിക്കൂ. ചന്ദന കൃഷി നടക്കുന്നയിടങ്ങളില്‍ സര്‍ക്കാരിന്റെ കര്‍ശനമായ മേല്‍നോട്ടമുണ്ടാകും. തൈ വാങ്ങുന്നതുമുതല്‍ നട്ടുവളര്‍ത്തുന്നതുമെല്ലാം കര്‍ഷകര്‍ വനംവകുപ്പിനെ അറിയിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പില്ലാതെ കൃഷിയിടം സന്ദര്‍ശിക്കാന്‍ അധികാരമുണ്ട്.
ചന്ദനം സ്വകാര്യമായി വാങ്ങുന്നതും വില്‍ക്കുന്നതും 2017-ലാണ് സര്‍ക്കാര്‍ നിരോധിച്ചത്. ഇതുപ്രകാരം സ്വകാര്യ വ്യക്തികള്‍ക്ക് ചന്ദനം നട്ടുവളര്‍ത്താമെങ്കിലും അവ വില്‍ക്കേണ്ടത് സര്‍ക്കാരിന് മാത്രമായിരിക്കണം എന്നാണ് നിബന്ധന. സര്‍ക്കാര്‍ ഇത് ഡിപ്പോകളില്‍ ലേലം ചെയ്ത് വില്‍ക്കും. ഇതിന്റെ വരുമാനം പൂര്‍ണമായി കര്‍ഷകര്‍ക്ക് തന്നെയാണ് ലഭിക്കുക.
Content Highlights: State government to promote sandalwood cultivation. KN Balagopal says laws will be amended.