വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ ഡവലപ്‌മെന്റ് സോണുകൾ സൃഷ്ടിക്കുമെന്ന് മന്ത്രി; ആഗോള നിക്ഷേപ സംഗമം നടത്തും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി എത്തിയ ചൈനീസ് ചരക്കുകപ്പൽ ഷെൻഹുവാ 15 വിഴിഞ്ഞം തുറമുഖ ബെർത്തിൽ |  ഫോട്ടോ: ശ്രീകേഷ്\മാതൃഭൂമി
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി എത്തിയ ചൈനീസ് ചരക്കുകപ്പൽ ഷെൻഹുവാ 15 വിഴിഞ്ഞം തുറമുഖ ബെർത്തിൽ |  ഫോട്ടോ: ശ്രീകേഷ്\മാതൃഭൂമി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ചൈനീസ് മാതൃകയിലുള്ള ഡവലപ്‌മെന്റ് സോണുകള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ സഹകരിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതിയെന്നും ഇതിനായി ആഗോള നിക്ഷേപ സംഗമം നടത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

1970-കളില്‍ ചൈനയില്‍ രൂപംകൊടുത്ത ഡവലപ്‌മെന്റ് സോണ്‍ എന്ന ആശയം കേരളത്തിന് സ്വീകരിക്കാവുന്നതാണ്. വിഴിഞ്ഞത്തിന്റെ വികസനത്തെ പ്രയോജനപ്പെടുത്താന്‍ ഇതേ മാതൃകയിലുള്ള പ്രത്യേക ഡവലപ്‌മെന്റ് സോണുകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചുകൊണ്ടും സ്വകാര്യനിക്ഷേപം ആകര്‍ഷിച്ചുകൊണ്ടുമാകും സ്‌പെഷ്യല്‍ ഡവലപ്‌മെന്റ് സോണുകള്‍ സൃഷ്ടിക്കുക. തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അന്തര്‍ദേശീയ നിക്ഷേപക സംഗമം 2024-25ല്‍ത്തന്നെ സംഘടിപ്പിക്കും. മാരിടൈം ഉച്ചകോടിയും ഇതിന്റെ ഭാഗമായി നടത്തുമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത് സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെയും സ്വകാര്യമേഖല മാത്രമായും വികസനം സാധ്യമാക്കും. ഇതിനുവേണ്ടി നിയമനിര്‍മാണങ്ങള്‍ നടത്തുകയുംവേണം. ടൗണ്‍ഷിപ്പുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, വ്യവസായകേന്ദ്രങ്ങള്‍, സംഭരണശാലകള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങി വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ആയിരക്കണക്കിന് കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിനായി പതിനായിരം ഏക്കര്‍ ഭൂമി 50 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വിവിധ മാര്‍ഗങ്ങളില്‍ ലഭ്യമാക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം മേയ് മാസത്തില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. തുറമുഖം ദക്ഷിണേന്ത്യയുടെ വ്യാപാരഭൂപടത്തെ മാറ്റിമറിക്കും. അസാധാരണ വേഗത്തിലാണ് വിഴിഞ്ഞത്ത് നിര്‍മാണപുരോഗതി. റിക്കോര്‍ഡ് വേഗത്തില്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥാപിത ശേഷിയിലേക്ക് വിഴിഞ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തിച്ചേരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
 

Content Highlights: Chinese model development zones in Vizhinjam kerala budget 2024 finance minister by kn balagopal