കലക്കന്‍ റീച്ചാര്‍ജ്!, സീ യു എഗൈന്‍

കൊച്ചി: സിരകളില്‍ സംഗീതം ഒരു ലഹരി പോലെ പടര്‍ന്നപ്പോള്‍ അടിമുടി ഒരു കലക്കന്‍ റീച്ചാര്‍ജ്. മനസ്സും ശരീരവും കടലില്‍ നീന്തിത്തുടിച്ചതുപോലെ ഉന്മാദത്തിലായ മൂന്ന് രാപകലുകള്‍ക്കൊടുവില്‍ സൂപ്പര്‍ ത്രില്ലറായി മാതൃഭൂമി കപ്പ 'കള്‍ച്ചറി'ന് ക്ലൈമാക്സ്. കൊച്ചിക്കായലിനെ തഴുകിയെത്തുന്ന കാറ്റു പോലും നൃത്തച്ചുവടുകളുടെ ഡി.ജെ.കളായി തോന്നിയ രാവില്‍ കബിര്‍ വാസുകിയും യോഗേവ് ഹാരുവിയും സില്‍വര്‍ പാന്‍ഡയുമൊക്കെ തീര്‍ത്ത സംഗീത വിസ്ഫോടനങ്ങള്‍. അടിമുടി മ്യൂസിക്കല്‍ വൈബ് നിറഞ്ഞ ബോള്‍ഗാട്ടി പാലസിലെ കള്‍ച്ചര്‍ വേദിയില്‍ ആ നേരത്ത് ഒരാള്‍ പോലും നിശ്ചലനായിരുന്നില്ല. ഒരേ സ്വരത്തിലും എനര്‍ജിയിലും അവര്‍ പറഞ്ഞു, 'താങ്ക് യു കള്‍ച്ചര്‍, ഇത് കലക്കന്‍ റീച്ചാര്‍ജ്... സീ യു എഗൈന്‍.'
വേനല്‍ച്ചൂടില്‍ പൊള്ളുന്ന നേരത്ത് കുളിര്‍മഴയായി പെയ്ത 'കള്‍ച്ചറി'ന്റെ ഒന്നാം എഡിഷന് 'ദി എന്‍ഡ്' എന്ന ടൈറ്റില്‍ വീഴുമ്പോള്‍ ത്രില്ലും ചില്ലും നിറഞ്ഞ ലോകത്തോടാണ് കാണികള്‍ താത്കാലികമായി 'ബൈ ബൈ' പറഞ്ഞത്. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ എട്ടു മുതല്‍ പത്തു വരെ നടന്ന കള്‍ച്ചറിന്റെ അവസാന ദിനത്തില്‍ നൂറുകണക്കിന് കാണികളാണ് ആവേശത്തേരിലേറാനെത്തിയത്. കപ്പ സ്റ്റേജില്‍ റിഥം അവതരിപ്പിച്ച മ്യൂസിക് പെര്‍ഫോമന്‍സോടെ തുടങ്ങിയ മൂന്നാം ദിനത്തില്‍ അവസാന താരമായി സില്‍വര്‍ പാന്‍ഡ എത്തിയതോടെ ഇളകിയാടിയാണ് കാണികള്‍ ആ സംഗീത വിസ്മയത്തിനെ വരേവേറ്റത്.
മൂന്ന് ദിനരാത്രങ്ങളിലായി ഒരുക്കിയ 'കള്‍ച്ചറി'ല്‍ സംഗീതത്തിന്റെ എല്ലാ തലങ്ങളും കോര്‍ത്തിണക്കിക്കൊണ്ടുള്ള ദേശീയ-അന്താരാഷ്ട്ര കലാകാരന്‍മാരുടെ വൈവിധ്യമാര്‍ന്ന നിര തന്നെയാണ് അണിനിരന്നത്. ഇന്‍ഡി, ജാസ്, ഫ്യൂഷന്‍, ഡിസ്‌കോ, ടെക്നോ ആന്‍ഡ് റാപ്പ്, ഫങ്ക്, ഹൗസ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ ചിട്ടപ്പെടുത്തിയ 'കള്‍ച്ചറി'ല്‍ സംഗീതത്തിനൊപ്പം ഫുഡും ഫാഷനും ഗെയിമും സാഹസികതയുമെല്ലാം കൈകോര്‍ത്തു. അതുകൊണ്ടുതന്നെ ഒരു നേരമെങ്കിലും ഇവിടെ വന്നു പോയവരെല്ലാം ഇനി കാത്തിരിപ്പിലാകും, 'കള്‍ച്ചറി'ന്റെ അടുത്ത എഡിഷനായ്.
Content Highlights: kappa cultr conclusion