‘നാലുമണിക്കും തുടങ്ങാത്ത പരിപാടിയാണോ ഉച്ചയ്ക്ക് 12 മണി മുതൽ നടത്തുന്നത്?'; ശ്രീനി കണ്ട കലോത്സവം

#രതീഷ് രവി
ശ്രീനിവാസന്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് നല്‍കുന്ന സ്വര്‍ണക്കപ്പ് |ഫോട്ടോ: മാതൃഭൂമി
ശ്രീനിവാസന്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് നല്‍കുന്ന സ്വര്‍ണക്കപ്പ് |ഫോട്ടോ: മാതൃഭൂമി

ശ്രീനിവാസൻ എന്ന അതുല്യനായ നടനും തിരക്കഥാകൃത്തും നമുക്കിടയിലുണ്ടായിരുന്നെങ്കിൽ... സംസ്ഥാന സ്‌കൂൾ കലോത്സവത്തെ അദ്ദേഹം എങ്ങനെ നോക്കിക്കാണുമായിരുന്നു. അദ്ദേഹം ചുറ്റും കണ്ടതെല്ലാം തന്റെ കഥാപാത്രങ്ങളെയാണ്. കേട്ടതെല്ലാം താൻ പലപ്പോഴായി അവരെക്കൊണ്ട് പറയിപ്പിച്ച ഡയലോഗുകളും... ആ പഴയ നർമവും പരിഹാസവും ഉൾച്ചേരുന്ന ഒരു സാങ്കല്പിക 'ചിരി റിപ്പോർട്ട്.'

സൂപ്പർസ്റ്റാർ സരോജ് കുമാർ വന്നിറങ്ങുന്നതു പോലെ ശ്രീനിവാസൻ, തേക്കിൻകാട് മൈതാനത്തെ ഒന്നാംവേദിയിലെത്തിയപ്പോൾ കുച്ചിപ്പുഡി മത്സരം തുടങ്ങിയിരുന്നു. സമയം പാലിക്കുന്നുണ്ടോയെന്ന് നോക്കാൻ മന്ത്രി വി. ശിവൻകുട്ടി ഓട്ടപ്രദക്ഷിണത്തിലാണ്.

'എന്തൊക്കെയുണ്ടാശാനേ, ഈ പാവങ്ങളെയൊക്കെയങ്ങ് മറന്നോ..' -സരോജ് കുമാർ കുലുങ്ങിച്ചിരിച്ചു. നർത്തകരുടെ മുഖത്ത് തെളിയുന്ന നവരസങ്ങൾ ഒപ്പിയെടുക്കാനാണെന്ന വണ്ണം പച്ചാളം ഭാസി വേദിയിലേക്ക് കണ്ണയച്ചു.

'തേങ്ങയുടയ്ക്ക് സ്വാമീ...'
മൂന്നാംവേദിയിൽ മത്സരം തുടങ്ങിയിട്ടില്ല. ഉടൻ ആരംഭിക്കുന്നതാണ്, ഇപ്പോൾ തുടങ്ങും എന്നെല്ലാം സംഘാടകർ വിളിച്ചു പറയുന്നുണ്ട്. 'തേങ്ങയുടയ്ക്ക് സ്വാമീ...' എന്നു പറഞ്ഞ്, മലപ്പുലയ ആട്ടം തുടങ്ങാൻ, വേഷമിട്ടുനിന്ന കുട്ടികളോട് ആംഗ്യം കാണിച്ച് മുന്നോട്ടുനീങ്ങി. എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...

'ഇന്നലെ... ഇന്നലെ... ഞങ്ങളില്ല സാർ'
സമയക്രമം പാലിച്ചാണ് കലാമേള മുന്നോട്ടു പോകുന്നതെന്ന് പ്രോഗ്രാം കമ്മിറ്റിക്കാർ പറഞ്ഞു. ആദ്യദിവസം അഞ്ചും ആറും മണിക്കൂറുകൾ വൈകിയല്ലോ. 'ഇന്നലെ.. ഇന്നലെ... ഞങ്ങളില്ല സാർ' എന്ന് നെഞ്ചുവിരിച്ചു സംഘാടകർ. ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ...ഈ നാലുമണിക്കും തുടങ്ങാത്ത പരിപാടിയാണോ മുതലാളി ഉച്ചയ്ക്ക് 12 മണി മുതൽ നടത്തുന്നതെന്ന് ആരോ വിളിച്ചു ചോദിച്ചു.

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
അപ്പീൽ വിഭാഗത്തിന് മുന്നിൽ വരി നിൽക്കുകയാണ് കുട്ടികളും രക്ഷകർത്താക്കളും. ഇവിടെ വരുന്നവർക്കെല്ലാം നൂറുരൂപ, അല്ല എ ഗ്രേഡ് കൊടുക്കുന്നുണ്ടെന്ന് കേട്ടാണോയെന്നറിയില്ല, അപ്പീൽ വിഭാഗത്തിന് മുന്നിൽ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും നീണ്ടനിരയാണ്. അപ്പീൽ കുറയ്ക്കാൻ കർശന നിർദേശമുണ്ട്. കുറച്ചു കുറച്ചു കൊണ്ടുവന്ന് അപ്പീൽത്തന്നെ ഇല്ലാത്തൊരു കലോത്സവമാണ് ലക്ഷ്യം. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.

കൈക്കൂലിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്
സദസ്സിലും വേദിക്ക് പിന്നിലുമെല്ലാം നോട്ടീസ് വിതരണം നടക്കുന്നു. വിധികർത്താക്കളെ സ്വാധീനിക്കരുത്. പാരിതോഷികങ്ങൾ നൽകരുത്. അവരെ കാണുക പോലും ചെയ്യരുത് എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. വിജിലൻസിന്റെ ബോധവത്കരണമാണ്. കൈക്കൂലിയെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന്.

'അവിടെ പാലുകാച്ചൽ, ഇവിടെ താലികെട്ട്'
കുരിയച്ചിറ എംടിഎച്ച്എസ്എസിലെ പത്താംവേദിയിൽ ആൺകുട്ടികളുടെ കേരളനടനം തകർക്കുന്നു. സദസ്സിൽ ഒരു കൂട്ടർ ഓൺലൈൻ ഫുട്‌ബോൾ ഗെയിമിൽ മുങ്ങിത്താഴുകയാണ്. അവർ ചുറ്റുമുള്ളതൊന്നും അറിയുന്നതേയില്ല. അവിടെ പാലുകാച്ചൽ, ഇവിടെ താലികെട്ട്...

കോസ്റ്റ്‌ലി ബ്രേക്ക്ഫാസ്റ്റ്, മീനവിയൽ എന്തായോ എന്തോ
സ്റ്റേഡിയത്തിലെ പാചകപ്പുരയിൽ സാമ്പാർ തിളച്ചു മറിയുന്നു. രാവിലെ പുട്ടും കടലയുമായിരുന്നു. എല്ലാവരും കഴിച്ചിട്ട് പോയി. ഇനി സംഘാടകരുടെ ഊഴമാണ്. ചിലർ 'റിച്ച് മാൻ, കോസ്റ്റ്‌ലി ബ്രേക്ക് ഫാസ്റ്റ്' എന്ന മട്ടിൽ ആഘോഷമാക്കി. ഉച്ചയൂണിനൊപ്പം മീനവിയൽ ഉണ്ടോയെന്ന് തിരക്കി, ചിലർ. ഭക്ഷണ കമ്മിറ്റിക്കാരൻ എഴുന്നേറ്റു- എന്റെ മീനവിയൽ എന്തായോ എന്തോ...

ഞാനല്ല കുട്ടികളാണ് താരം
എല്ലാ വേദികളിലും പോയി. വലിയ പരാതികളില്ലാതെ കലോത്സവം പൊടിപൊടിക്കുകയാണ്. പാചകപ്പുരയിലും ഭക്ഷണശാലയിലും പരാതിയില്ല. സദസ്സിൽ കാഴ്ചക്കാരുണ്ട്. സിനിമ കണ്ടിറങ്ങിയിട്ട്, സരോജ് കുമാർ പറയും പോലെ, താരങ്ങളെ സൃഷ്ടിക്കുന്നത് വിവരമുള്ള ഫിലിം മേക്കേഴ്‌സാണ്. അവരാണ് യഥാർഥ താരങ്ങൾ, ഞാനല്ല... താരങ്ങളെ സൃഷ്ടിക്കുന്നത് ഇത്തരം വേദികളാണ്, ഇവിടെ കുട്ടികളാണ് യഥാർഥ താരങ്ങൾ... സംഘാടകരും... എന്നു പറഞ്ഞ് ശ്രീനി കലോത്സവനഗരം വിട്ടു.

Content Highlights: Imagine Sreenivasan attending the State School Kalolsavam. A witty, satirical `Laughter Report` blending his iconic characters with the vibrant festival scene.