ചുരമിറങ്ങിയ ഗോത്രതാളം: കലോത്സവ വേദി കീഴടക്കി വയനാടൻ പണിയനൃത്തം

#രതീഷ് രവി
വേദിയില്‍ മത്സരം തുടങ്ങിയപ്പോള്‍ പണിയനൃത്തം പരിശീലകരായ വയനാട്ടില്‍ നിന്നുള്ളവര്‍ പുറത്ത് തുടികൊട്ടിപ്പാടി ചുവടുവയ്ക്കുന്നു
വേദിയില്‍ മത്സരം തുടങ്ങിയപ്പോള്‍ പണിയനൃത്തം പരിശീലകരായ വയനാട്ടില്‍ നിന്നുള്ളവര്‍ പുറത്ത് തുടികൊട്ടിപ്പാടി ചുവടുവയ്ക്കുന്നു

കഴിഞ്ഞ വർഷം വയനാടൻ ചുരമിറങ്ങി തിരുവനന്തപുരത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലേക്ക് ആദ്യമായെത്തിയ 'പണിയനൃത്തം' ഒരു കൊല്ലത്തിനിപ്പുറം ശരിക്കും ക്ലിക്ക്ഡ്. 14 ജില്ലകളിൽനിന്നും ഒന്നാം സമ്മാനം കിട്ടിയെത്തിയ ടീമുകൾക്ക് പുറമേ അപ്പിൽ വാങ്ങി വന്ന നാലു ടീമുകളും ഇത്തവണ തൃശ്ശൂരിൽ മാറ്റുരച്ചു. വയനാട്ടിലെ പണിയരുടെ പാട്ടും താളവും കേരളമാകെ ഏറ്റെടുത്ത അനുഭവമാണ് ഇത്തവണ തേക്കിൻകാട്ടിലെ മൂന്നാം വേദിയായ 'നീലക്കുറിഞ്ഞി യിൽ തെളിഞ്ഞത്. അപ്പിൽ അനുവദിക്കുന്നതിൽ നിയന്ത്രണമില്ലായിരുന്നെങ്കിൽ 23 ടീമുകൾ മത്സരരംഗത്തുണ്ടാകുമായിരുന്നു.

'അപ്പയുളു കോളീമര കൊത്തി കൊത്തി ചായ്ഞ്ചു അമ്മയുള്ളു കുണ്ടു കണ്ട നട്ടു നട്ടു ചായ്ഞ്ചു...' (വലിയ മരം മുറിക്കാൻ പാടുപെടുന്ന അച്ഛനെയും മുട്ടറ്റം ചെളിയുള്ള കണ്ടത്തിൽ ഞാറുനട്ട് ക്ഷിണിച്ച അമ്മയെയും കുറിച്ച്) എന്നിങ്ങനെ പണിയരുടെ കണ്ണീര് വീണ ശീലുകൾ കുട്ടികൾ പാടിത്തിമർത്തു. ആ താളത്തിൽ അവർ ചുവടുവച്ചു. 'വയനാട്ടിലെ ഉന്നതികളിൽ ഞങ്ങടെ പൂർവികർ കൊട്ടും കുഴലും കഥപറച്ചിലും പാട്ടുമൊക്കെ അവതരിപ്പിക്കുമ്പോൾ ചിലരെങ്കിലും മുൻപ് കളിയാക്കിയിട്ടുണ്ട്. ഇന്ന് കേരളം മുഴുവൻ ഈ കലാരൂപം ഏറ്റെടുത്തതിൽ വലിയ സന്തോഷമാണ്... -വിവിധ ജില്ലകളിലെ

സ്‌കൂളുകളിൽനിന്നുള്ള കുട്ടികളെ പരിശിലിപ്പിച്ച വയനാട് കാപ്പുവയൽ സ്വദേശി ശാന്ത പറഞ്ഞു. പണിയ സമുദായത്തിന്റെ 'വട്ടക്കളി', 'കുമ്പളം നട്ടൽ' എന്നിവയുടെ മിശ്രിതരൂപമായാണ് കലോത്സവ വേദികളിൽ പണിയനൃത്തം അവതരിപ്പിക്കുന്നത്. പരിശീലകരെല്ലാം വയനാട്ടിലെ പണിയ വിഭാഗക്കാർ തന്നെ.

ഓഗസ്റ്റ് മുതൽ അവർ ചുരമിറങ്ങി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്‌കൂളുകളിൽ തങ്ങളുടെ തനത് നൃത്തം പഠിപ്പിക്കാൻ പോകും. വിധികർത്താക്കളും വയനാട്ടുകാരാണ്.

മീനങ്ങാടി മൈലമ്പാടി സ്വദേശി മണികണ്ഠൻ, കാപ്പുവയൽ സ്വദേശി ശാന്ത, വിനു, ചന്ദ്ര, പ്രഭ, അനിൽ, അഖിൽ, നിധീഷ്, മായ, അശ്വതി... ഇങ്ങനെ ഒട്ടേറെ പരിശീലകരുണ്ടിപ്പോൾ. വേദിയിൽ മത്സരം തുടങ്ങിയപ്പോൾ ആശാന്മാരും ആശാത്തിമാരും സന്തോഷം പാടിയറിയിച്ച് പുറത്ത് തുടികൊട്ടിപ്പാടി.

മാതൃഭൂമി വാർത്തയെത്തുടർന്നാണ് കലോത്സവ വേദിയിൽ ഗോത്രകലകൾ മത്സരയിനമാക്കിയത്. പണിയനൃത്തം കൂടാതെ മംഗലംകളി, ഇരുളനൃത്തം, പളിയനൃത്തം, മലപ്പുലയ ആട്ടം എന്നീ അഞ്ച് ഗോ ത്രകലകളാണ് കഴിഞ്ഞ തവണ മുതൽ പുതുതായി മത്സരയിനമായത്

Content Highlights: Discover the captivating Paniyan Nritham, a tribal dance form from Wayanad that has won hearts across Kerala.