'എടി ഇതു നമ്മുടെ ലോകയിലെ കൊച്ചല്ലേ...'; കലോത്സവ വേദിയിലെത്തി കുഞ്ഞുനീലിയെന്ന ദുർഗ

കുഞ്ഞായിരിക്കുമ്പോൾ അച്ഛന്റെ കൈപ്പിടിച്ച് തേക്കിൻകാട്ടിലൂടെ നടന്നതാണ്. എന്നാൽ ലോക സിനിമയിലെ 'കുഞ്ഞുനീലി' അതൊന്നും ഓർക്കുന്നില്ല. ഇപ്പോൾ മനസ്സു നിറയെ കലോത്സവമാണ്. ആളും ആരവവും നിറഞ്ഞ കലയുടെ പൂരം. 'ഞാൻ കലോത്സവത്തിലൊക്കെ പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് കേട്ടോ. സത്യമാണ്. നൃത്തവും മോണോ ആക്ടുമാണ് ഇഷ്ട ഇനങ്ങൾ. കളരിയാണ് മെയിൻ എങ്കിലും മൂന്നുവർഷമായി ഭരതനാട്യവും പഠിക്കുന്നുണ്ട്. കഴിഞ്ഞവർഷം ജില്ലാ കലോത്സവത്തിൽ മോണോആക്ടിൽ ഒരു കൈ നോക്കി. ഇത്തവണയും മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും തിരക്കായിപ്പോയി. അടുത്ത വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും - കുഞ്ഞു നീലിയെന്ന ദുർഗയുടെ ഉറപ്പ്.
കലോത്സവത്തിന്റെ ഒന്നാംവേദിയിലെത്തിയപ്പോൾ തിരക്കോടുതിരക്ക്. ഉദ്ഘാടന പരിപാടി കഴിയുന്നതേയുള്ളൂ. സൂര്യൻ കത്തിനിൽക്കുകയാണ്. വെയിൽ പ്രശ്‌നമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒരു പ്രശ്‌നവുമില്ലെന്ന് മറുപടി.
കുഞ്ഞുനീലി കളരിയാണ്. ഒരു രസത്തിനു പഠിച്ചതല്ല. മൂന്നാംവയസ്സിൽ തുടങ്ങിയതാണ്. ഗുരു അച്ഛൻ തന്നെ. അടവും തടയും പഠിച്ച തനിക്കെന്തു ടെൻഷനെന്ന ഭാവം. പ്രധാനവേദിയിൽ എത്തുമ്പോൾ പലരും കുഞ്ഞുനീലിയെ തിരിച്ചറിഞ്ഞു. ചിത്രം പകർത്താൻ ഫോണുകൾ ഉയർന്നു. മത്സരങ്ങൾ തുടങ്ങിയിട്ടില്ല. തുടർന്ന് വേദി രണ്ടിലേക്ക് വെച്ചുപിടിച്ചു. പോകുംവഴി ലോക സിനിമയുടെ അതിരപ്പിള്ളിയിലെയും കണ്ണൂരിലെയും ഷൂട്ടിങ് അനുഭവത്തെപ്പറ്റി പറഞ്ഞു. പുതിയ സിനിമ തമിഴിലാണ്. കഥാ പാത്രത്തെ മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് കുഞ്ഞുതാരം.
'നീലക്കുറുഞ്ഞി'യെന്ന വേദിയിലെത്തിയപ്പോൾ കുഞ്ഞുനീലിക്കൊരാഗ്രഹം. 'പണിയനൃത്തമൊന്നു കണ്ടാലോ. ആദ്യമായി കാണുകയാണ്?*
പതിനെട്ടടവും പഠിച്ച ഈ ആറാംക്ലാസു കാരിയെ കണ്ട് വേദിയിലിരുന്ന ജെൻസിപിള്ളേർ മറ്റുകുട്ടികളുടെ ചെവിയിൽ പറ ഞ്ഞു. 'എടി ഇതു നമ്മുടെ ലോകയിലെ കൊച്ചല്ലേ...'
ആദ്യം ഒന്നു മടിച്ച ശേഷം അവർ ഒപ്പം നിന്ന് സെൽഫിയെടുക്കാനായി എഴുന്നേറ്റു. 'ഞങ്ങൾ ആലപ്പുഴ സെയ്ന്റ് മേരീസ് സ്കൂളിൽനിന്നാണ്'. പിന്നാലെ സെൽഫിയെടുക്കാൻ വന്നത് പോലീസ് ഓഫീസർ. പിന്നെ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, അധ്യാപകരുടെ കൂട്ടം... അങ്ങനെ തിരക്കുനീണ്ടു. മലയാളികൾ മാത്രമല്ല, ഇതരസംസ്ഥാനത്തു നിന്നും സ്നേഹം മെസേജിലൂടെ എത്തുന്നുണ്ട്.
പിന്നെ, തേക്കിൻകാട്ടിലെ 'പാരി ജാത'മെന്ന വേദിയിലേക്ക്. അവിടെ ഭരത നാട്യമാണ്. കുറച്ചു സമയം കണ്ടു. എവിടെ ചെന്നാലും കുഞ്ഞുനീലിയുടെ ചുറ്റുമൊരു കൂട്ടമുണ്ട്. പലരും തിരിച്ചറിഞ്ഞതോടെ കുട്ട ത്തിന്റെ വലുപ്പം കൂടിവന്നു.
Content Highlights: Child star Durga, `Kunjuneeli,` relives her love for arts at Kalolsavam, showcasing talents in dance, monoact, and Kalaripayattu.