അന്ന് മോഹൻലാലിന്റെ തലയിൽ കൈവെച്ചനുഗ്രഹിച്ചു, ഇന്ന് കലോത്സവ വേദിയിൽ ശിഷ്യയ്ക്കൊപ്പം

#രാകേഷ് കെ. നായർ
കഥകളിവേദിയിലെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പാലക്കാട് ശ്രീകൃഷ്ണപുരം സ്കൂളിലെ ഗൗരി നന്ദനയെയും ഗൗരീപാർവതിയെയും മുദ്രകൾ പഠിപ്പിക്കുന്നു. ഇൻസൈറ്റിൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ, കഥകളിയിൽ തന്റെ ഗുരുവായ കലാമണ്ഡലം ബാലസുബ്രഹ്മണ്യനിൽനിന്ന് നടൻ മോഹൻലാൽ അനുഗ്രഹം തേടിയപ്പോൾ (ഫയൽച്ചിത്രം)
കഥകളിവേദിയിലെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പാലക്കാട് ശ്രീകൃഷ്ണപുരം സ്കൂളിലെ ഗൗരി നന്ദനയെയും ഗൗരീപാർവതിയെയും മുദ്രകൾ പഠിപ്പിക്കുന്നു. ഇൻസൈറ്റിൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ, കഥകളിയിൽ തന്റെ ഗുരുവായ കലാമണ്ഡലം ബാലസുബ്രഹ്മണ്യനിൽനിന്ന് നടൻ മോഹൻലാൽ അനുഗ്രഹം തേടിയപ്പോൾ (ഫയൽച്ചിത്രം)

തൃശ്ശൂർ: അരനൂറ്റാണ്ടിന്റെ ഗുരുപാരമ്പര്യത്തിലേക്കുള്ള മടക്കമായിരുന്നു കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിന് ഇത്തവണത്തെ കലോത്സവ വേദി. ഹയർസെക്കൻഡറി വിഭാഗം കഥകളി കാണാൻ സേക്രഡ് ഹാർട്ടിലെ പാരിജാതം വേദിയിൽ തന്റെ ആദ്യശിഷ്യയും 1976-ൽ കലോത്സവത്തിൽ കഥകളിക്ക് ഒന്നാമതെത്തിയ ആശാമോഹനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. താൻ പഠിച്ചുവളർന്ന സ്കൂൾ മുറ്റത്താണ് 50 വർഷത്തിനിപ്പുറം കഥകളി മത്സരം കാണാൻ ഗുരുവുമൊന്നിച്ച് ആശയും മടങ്ങിയെത്തിയത്. സുബ്രഹ്മണ്യന്റെ ശിഷ്യരും അവരുടെ കുട്ടികളുംചേർന്ന് സ്വാഗതംചെയ്തു.

മലയാളത്തിന്റെ മഹാനടനായ മോഹൻലാലിനുൾപ്പെടെ ആയിരക്കണക്കിന് പ്രതിഭകൾക്ക് കഥകളി ആശാനായ ബാലസുബ്രഹ്മണ്യം വർഷങ്ങൾക്കുശേഷമാണ് കലോത്സവ വേദിയിൽ എത്തുന്നത്. കലാമണ്ഡലത്തിൽ ഡീൻ ആയി ചുമതലയേറ്റതോടെ 2010 കാലത്ത് കലോത്സവ വേദികളിൽനിന്ന് ആചാര്യന്റെ വേഷം അഴിച്ചുവെച്ച് അദ്ദേഹം പിൻവാങ്ങി. തന്റെ സ്വന്തം നാട്ടിൽ കലോത്സവം നടക്കുമ്പോൾ, പുതുതലമുറയെ കാണാനും അവരെ അറിയാനുമുള്ള യാത്രകൂടിയായിരുന്നു വേദിയിലേക്കുള്ള മടങ്ങിവരവ്.

കഥകളിയിൽ ഡിപ്ലോമ കഴിഞ്ഞ 1976-ൽ, ബാലസുബ്രഹ്മണ്യന്റെ ആദ്യത്തെ ശിഷ്യയായിരുന്നു തൃശ്ശൂർ സേക്രഡ് ഹാർട്ട് കോൺവെന്റിലെ ഏഴാം ക്ലാസുകാരിയായ ആശാമോഹൻ. അക്കാലത്ത് ഹൈസ്‌കൂൾ വിഭാഗത്തിലാണ് ഏഴാം ക്ലാസുകാരും മത്സരിച്ചിരുന്നത്. കൊച്ചിയിൽനടന്ന മത്സരത്തിൽ ദുര്യോധനവധത്തിലെ കൃഷ്ണനായാണ് വേദിയിലെത്തിയത്.

ആദ്യ മത്സരത്തിൽത്തന്നെ മുതിർന്നവരെ പരാജയപ്പെടുത്തി ആശ ഒന്നാം സ്ഥാനം നേടി. ഗുരു ഗോപിനാഥ്, പള്ളിപ്പുറം ഗോപാലൻ നായർ, മങ്കൊമ്പ് ശിവശങ്കരപ്പിള്ള തുടങ്ങിയ പ്രഗല്ഭരായിരുന്നു അന്ന് വിധികർത്താക്കളെന്ന് ബാലസുബ്രഹ്മണ്യൻ ഓർക്കുന്നു.

പിന്നീടും കലോത്സവത്തിൽ വിജയക്കൊടി പാറിച്ച ആശ, വിവാഹശേഷം ഭർത്താവ് ഗോവിന്ദൻകുട്ടി മേനോനൊപ്പം വിദേശത്തേക്കു പോയി. ആറുവർഷം മുൻപാണ് നാട്ടിലേക്കു മടങ്ങിയെത്തിയത്. ഗുരുവിനൊപ്പം ഓർമകളിലേക്കുള്ള മടക്കമായിരുന്നു ആശയ്ക്ക് കലോത്സവ വേദി. 2014-ൽ ഗുരുവായൂരിൽ ദുര്യോധനവധത്തിലെ പാഞ്ചാലിയായി ആശയും കൃഷ്ണനായി ബാലസുബ്രഹ്മണ്യനും വേദിയിൽ ഒന്നിച്ചിരുന്നു.

ആയിരക്കണക്കിന് കുട്ടികളെയാണ് കലാമണ്ഡലത്തിലും പുറത്തുമായി ബാലസുബ്രഹ്മണ്യൻ കഥകളി പഠിപ്പിച്ചത്. സ്‌കൂൾ യുവജനോത്സവങ്ങളിൽ അവരെല്ലാവരും തിളക്കമാർന്ന വിജയവും നേടി. ആദ്യകാലത്ത് അപൂർവമായാണ് പെൺകുട്ടികൾ കഥകളി പഠിക്കാനെത്തിയിരുന്നത്. എന്നാലിന്ന് സ്കൂൾതലത്തിൽ പെൺകുട്ടികൾ താത്പര്യപൂർവം കഥകളിയുടെ വഴിയേ വരുന്നതായി കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പറഞ്ഞു.

കഥകളിയുടെ മഹാഗുരുക്കൻമാരിലൊരാളായ ബാലസുബ്രഹ്മണ്യത്തെ തൃശ്ശൂരിലെ കലോത്സവ വേദികളിൽ ക്ഷണിക്കപ്പെട്ട അതിഥിയാക്കാനോ അംഗീകരിക്കാനോ വിദ്യാഭ്യാസ വകുപ്പ് ഓർമിക്കാത്തതിൽ ശിഷ്യർക്ക് നിരാശയുണ്ട്.

Content Highlights: Kalamandalam Balasubrahmanyam's Return to Festival Stage: A Golden Jubilee of Guru-Shishya Legacy