പരിക്കേറ്റ കാലുമായി കഥാപ്രസംഗവേദിയിൽ അസിം, ഒപ്പം ഇരുന്ന് കൂട്ടുകാരും

• ഹൈസ്‌കൂൾ വിഭാഗം കഥാപ്രസംഗത്തിനെത്തിയ, കാലിന് പരിക്കുപറ്റിയ പാലക്കാട് പിഎംജി ഹയർ സെക്കൻഡറി സ്‌കൂളിലെ കെ. അസിമിനെ വേദിയിലേക്ക് കൊണ്ടുവരുന്ന ടീം ലീഡർ എം. ആർഷ്യ, എം. ലക്ഷ്‌മൺ, ആർ.എസ്. സൗരവ്, ടി. ഗൗതം എന്നിവർ
• ഹൈസ്‌കൂൾ വിഭാഗം കഥാപ്രസംഗത്തിനെത്തിയ, കാലിന് പരിക്കുപറ്റിയ പാലക്കാട് പിഎംജി ഹയർ സെക്കൻഡറി സ്‌കൂളിലെ കെ. അസിമിനെ വേദിയിലേക്ക് കൊണ്ടുവരുന്ന ടീം ലീഡർ എം. ആർഷ്യ, എം. ലക്ഷ്‌മൺ, ആർ.എസ്. സൗരവ്, ടി. ഗൗതം എന്നിവർ

തൃശ്ശൂർ: ഒരു കസേരയിലിരുന്ന്, മറ്റൊരു കസേരയിലെ തലയണയിൽ കാൽവെച്ചാണ് പാലക്കാട് പിഎംജി ഹയർ സെക്കൻഡറി സ്‌കൂളിലെ കെ. അസിം കഥാപ്രസംഗവേദിയിലേക്ക് കടന്നുവന്നത്. വാഹനാപകടത്തിൽ മുട്ടിന്‌ താഴെ എല്ല്‌ പൊട്ടിയതുമൂലം കാലുനീട്ടിയിരുന്നേ കഥാപ്രസംഗത്തിന് തബലനാദം ഒരുക്കാനാകൂ. അസിം ഇരുന്ന് മത്സരിക്കുന്നതിനാൽ ബാക്കി പക്കമേളക്കാരും തീരുമാനിച്ചു, കഥ പറയുന്ന ആളൊഴികെ ബാക്കിയെല്ലാവരും ഇരുന്നുതന്നെ അവതരിപ്പിക്കാമെന്ന്.

അങ്ങനെ തബലയ്ക്കൊപ്പം ഹാർമോണിയവും നിലത്തിരുന്നു. സിംബലും വയലിനും കസേരയിലുമിരുന്നു. സൗഹൃദക്കനവിന്റെ തേൻമധുരം ഒഴുകുകയായിരുന്നു ഇവർക്കിടയിൽ. സാധാരണ എല്ലാവരും നിന്നാണ് കഥാപ്രസംഗം അവതരിപ്പിക്കാറ്. സ്റ്റേജ് ഭംഗിക്കുവേണ്ടിയാണ് രണ്ടുപേരെ കസേരയിലേക്ക്‌ മാറ്റിയത്. ഗാന്ധി തിരസ്‌കരിക്കപ്പെടുന്നുവെന്ന സമകാലീന യാഥാർഥ്യത്തിന്റെ ചുവടുപറ്റിയാണ് കഥ.

തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനദിവസമാണ് അസിമിന്റെ പ്രതീക്ഷകൾ തകർത്ത് അപകടം കടന്നുവന്നത്. വിജയാഘോഷത്തിലെ പടക്കംപൊട്ടിക്കലിനിടയിൽ കയറിവന്ന ബൈക്ക് വലതുകാൽ തകർത്തു. ശസ്ത്രക്രിയ വേണ്ടിവന്നു. പക്ഷേ, അസിമും കൂട്ടുകാരും കീഴടങ്ങാൻ തയ്യാറായിരുന്നില്ല. കൂട്ടുകാരെല്ലാം അസിമിന്റെ വീട്ടിലെത്തി പരിശീലനം പുനരാരംഭിച്ചു.

നാലുദിവസം മാത്രമേ പരിശീലനത്തിന് കിട്ടിയിരുന്നുള്ളൂവെന്ന് നേതൃത്വം കൊടുക്കുന്ന എം. ആർഷ്യ പറഞ്ഞു.

ടീമിലെ മറ്റു അംഗങ്ങളായ ലക്ഷ്‌മൺ, ഗൗതം എന്നിവരും കട്ടയ്ക്ക് കൂടെയുണ്ടായിരുന്നു. ഒൻപതിൽ പഠിക്കുന്ന അസിമിന്റെയും കൂട്ടുകാരുടെയും ആദ്യ സംസ്ഥാന സ്‌കൂൾ കലോത്സവമായിരുന്നു ഇത്. പാലക്കാട് വലിയപാടം കാജാഹുസൈന്റെയും റിജിഷയുടെയും മകനാണ് അസിം.

Content Highlights: Unwavering Spirit: How a Student's Injury Fueled a Powerful Kathaprasangam Performanc