മുത്തശ്ശിമാരുടെ തൊഴിലുറപ്പിൽ കൃഷ്ണയുടെ ഭരതനാട്യം

#സ്വന്തം ലേഖകന്‍
കൃഷ്ണ ബി. നായര്‍ മുത്തശ്ശിമാര്‍ക്കൊപ്പം
കൃഷ്ണ ബി. നായര്‍ മുത്തശ്ശിമാര്‍ക്കൊപ്പം

72-കാരി സുലോചനയുടെയും 65-കാരി അജയകുമാരിയുടെയും സ്വപ്നങ്ങളിൽ പിടിച്ചാണ് നെടുമങ്ങാട് ജിജിഎച്ച്എസ്എസിലെ കൃഷ്ണ ബി. നായർ ഹയർസെക്കൻഡറി വിഭാഗം ഭരതനാട്യവേദിയിലെത്തിയത്, അവർ തൊഴിലുറപ്പുകൂലിയാൽ വാങ്ങിക്കൊടുത്ത വേഷമണിഞ്ഞ്. ഭരതനാട്യത്തിനുവേണ്ട 15,000 രൂപയുടെ വേഷമാണ് മുത്തശ്ശിമാർ കൊച്ചുമകൾക്കു സമ്മാനിച്ചത്.

മകൾ വത്സലയിലൂടെ പൂർത്തിയാക്കാനാകാഞ്ഞ അജയകുമാരിയുടെ നൃത്തസ്വപ്നം കൊച്ചുമകളിലൂടെ പൂവണിയുകയായിരുന്നു. ആഗ്രഹിച്ച് നൃത്തം പഠിപ്പിക്കാൻ ചേർത്തതാണ് അജയകുമാരി പണ്ട് കൃഷ്ണയുടെ അമ്മ വത്സലയെ. പക്ഷേ, സാമ്പത്തികപ്രശ്നം മൂലം പഠനം അവസാനിപ്പിക്കേണ്ടിവന്നു. 'കൊച്ചുമോളെ എങ്ങനെയെങ്കിലും സഹായിക്കേണ്ടേ?' ഈ നൃത്തസഹായത്തെ കുറിച്ചുചോദിച്ചപ്പോൾ കൃഷ്ണയുടെ അച്ഛന്റെ അമ്മയായ സുലോചന പറഞ്ഞു.

നാലാംക്ലാസ് മുതലാണ് കൃഷ്ണ നൃത്തപഠനം തുടങ്ങിയത്. ഇവരുടെ സാമ്പത്തികസ്ഥിതി അറിഞ്ഞുതന്നെയാണ് ഗുരു അനഘ, കൃഷ്ണയെ പരിശീലിപ്പിക്കുന്നത്. ഈ സംസ്ഥാന കലോത്സവത്തിന് പരിശീലിപ്പിച്ചത് നൃത്താധ്യാപകൻ സോനുവാണ്. കൃഷ്ണയുടെ രണ്ടാംകലോത്സവമാണിത്. കഴിഞ്ഞവർഷവും എ ഗ്രേഡ് നേടിയിരുന്നു. അച്ഛൻ ബിജുകുമാറും അമ്മ വത്സലയും മുത്തശ്ശിമാർക്കൊപ്പം തൃശ്ശൂരിലെത്തിയിരുന്നു; കൃഷ്ണയുടെ നൃത്തം കാണാൻ.

Content Highlights: Discover how two grandmothers, Sulochana and Ajayakumari, fulfilled their dancing dreams through their granddaughter Krishna, who performed at a state festival in traditional attire.