ഹൃദയം കൊണ്ട് ചുംബിക്കുന്ന കല, ഈ വേദികളിൽ നിങ്ങൾക്കു പകരം നിങ്ങൾ മാത്രം

എന്റെ മകൾ എന്നെ സ്‌നേഹത്തോടെ ചുംബിക്കുമ്പോൾ അതെന്റെ ഹൃദയത്തെയാണ് തൊടുന്നത്. അവിടെ നിർമിത ബുദ്ധിക്കോ മറ്റു സാങ്കേതിക വിദ്യകൾക്കോ യാതൊരു പ്രസക്തിയുമില്ല. എന്റെ പ്രണയം ബൗദ്ധികമെന്നതിനേക്കാൾ ആത്മീയവും വൈകാരികവുമായ തലങ്ങളെയാണ് സ്പർശിക്കുന്നത്. എന്റെ ആനന്ദത്തെയും ദുഃഖങ്ങളെയും വാത്സല്യത്തെയും രതിയെയും വിരഹത്തെയും ഗൃഹാതുരത്വത്തെയും മറ്റുപല വികാരവിചാരങ്ങളെയും ഇല്ലാതാക്കാനോ പുതുക്കിപ്പണിയാനോ നിർമിത ബുദ്ധിക്ക് സാധ്യമല്ല. അത്തരം സാദ്ധ്യതകൾ ഇല്ലാത്തിടത്തോളം കാലം സർഗാത്മകതയ്ക്കും അതിന്റെ അനുഭവ തലങ്ങൾക്കും മാറ്റം വരുകയെന്നത് വെറും സ്വപ്നം മാത്രമാണ്.
സ്കൂൾ കലോത്സവത്തിലേക്ക് അതിന്റെ സമസ്ത ഭാവനാ സൗന്ദര്യത്തോടും കൂടിയെത്തുന്ന കുഞ്ഞുങ്ങളേ നിങ്ങളുടെ ആകാശത്തിന് അതിരുകളില്ല. അവിടെ കലർപ്പില്ലാത്ത കല നിങ്ങൾക്ക് ചിറകേകുന്നു. അത് നിങ്ങളെ നവലോകസൃഷ്ടിക്ക് പ്രാപ്തരാക്കുന്നു. ഈ വേദികളിൽ നിങ്ങൾക്കു പകരം നിങ്ങൾ മാത്രം.
സാങ്കേതികവിദ്യകൾ അത് എഐ ആയാലും മറ്റെന്തുതന്നെ ആയാലും മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളെ മാത്രമേ പുതുക്കിപ്പണിയുകയുള്ളൂ. ഭൗതികതയ്ക്കപ്പുറം ആത്മീയവും വൈകാരികവുമായ പലതരം കാര്യ കാരണങ്ങളിലാണ് മനുഷ്യവംശം കുടികൊള്ളുന്നത്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിർമിതബുദ്ധിക്ക് മനുഷ്യന്റെ തലച്ചോറിൽ മാത്രമേ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുകയുള്ളൂ. ഹൃദയത്തിൽ സാധ്യമല്ല. സർഗാത്മകത അഭിസംബോധന ചെയ്യുന്നത് ആദ്യം ഹൃദയങ്ങളെയാണ്. പിന്നീടേ അത് ബുദ്ധിയിലേക്ക് കടക്കുന്നുള്ളൂ. സംഗീതവും കലയും സാഹിത്യവുമൊക്കെ മനുഷ്യർക്ക് നൽകുന്ന ആനന്ദവും തൃപ്തിയും ഭൗതികതയ്ക്കും അപ്പുറമാണ്. നമ്മൾ നിഷേധിച്ചാലും ഇല്ലെങ്കിലും അതിനൊരു ആത്മീയ തലമുണ്ട്. നിർമിതബുദ്ധിക്ക് ഒരു ഷേക്‌സ്പിയറെയോ, കാളിദാസനെയോ, മൊസാർട്ടിനെയോ, ദസ്തയോവ്‌സ്‌കിയെയോ സൃഷ്ടിക്കാൻ കഴിയില്ല. എന്നാൽ ദുർബലമായി അനുകരിക്കാൻ കഴിഞ്ഞേക്കും.
വിശപ്പ്, പ്രണയം, ഉന്മാദം, ഒരു പെയിന്റ് പണിക്കാരന്റെ ലോക സഞ്ചാരങ്ങൾ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ് ലേഖകൻ. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പെരുംചിലമ്പ് ഗ്രാമത്തിൽ ജനിച്ചു. എട്ടാംക്ലാസിൽ പഠനം അവസാനിപ്പിച്ചു. സ്വപ്രയത്നത്തിലൂടെ മലയാളം പഠിച്ച് എഴുത്തിൽ മികവ് അറിയിച്ചു. 34 വർഷമായി മലപ്പുറം കോട്ടയ്ക്കലിലെ വലിയപറമ്പിൽ താമസം.