കാന്താരിയും പുഴുക്കും പിന്നൊരു വഞ്ചിപ്പാട്ടും; മന്ത്രി പ്രസാദിനൊപ്പം വഞ്ചിപ്പാട്ട് സംഘം

തിരുവനന്തപുരം: തിരുവാതിര ആഘോഷത്തിന് തിരുവാതിര കളിക്കണം. കഴിക്കാൻ പുഴുക്കും. വഞ്ചിപ്പാട്ട് കഴിഞ്ഞാൽ ആറൻമുള ദേശത്ത് നല്ല ഒന്നാന്തരം കഞ്ഞിയും പുഴുക്കും പുളിശേരിയും പതിവുള്ളതാണ്. ആറൻമുളയോട് ചേർന്നുകിടക്കുന്ന ഓണാട്ടുകര ദേശക്കാരനായ മന്ത്രി പി.പ്രസാദ് വഞ്ചിപ്പാട് താരങ്ങൾക്ക് ഒരുക്കിവെച്ചതും മറ്റൊന്നല്ല.

പത്തനംതിട്ട വെണ്ണിക്കുളം സെയ്ന്റ് ബഹനാൻസ് സ്കൂളിലെ വഞ്ചിപ്പാട്ട് സംഘം മത്സരത്തിന്റെ ഓളത്തിൽ നിന്ന് നേരെ മന്ത്രിമന്ദിരത്തിന്റെ വളപ്പിലേക്കാണ് വന്നത്. വെണ്ടയും ചീരയും കാബേജും പച്ചപ്പോടെ അതിരിടുന്ന ഇടം. കൃഷിക്കാരനായ മന്ത്രിയുടെ മുറ്റത്തേക്ക് പമ്പയുടെ നീരൊഴുക്ക് വിരുന്നുവന്നപോലെ.

മന്ത്രിസഭാ യോഗത്തിന്റെ തിരക്ക് കഴിഞ്ഞ് നേരെ മന്ത്രി പ്രസാദ് നേരെ വീട്ടിലേക്കെത്തി. ബഹനാൻസ് സ്കൂളിന്റെ കാര്യം പറഞ്ഞപ്പോൾ പത്തനംതിട്ടയിലുള്ളപ്പോൾ പരിപാടിക്ക് വന്ന കാര്യം ഓർമ്മിപ്പിച്ചു. വെള്ളിക്കുളം ഗോപാലക്കുറുപ്പിനെ സ്മരിച്ചു. സ്കൂളിലേക്കുള്ള വഴി വരെ കിറുകൃത്യം. കുട്ടികൾ ഞെട്ടിനിൽക്കെ മത്സരവിശേഷം തിരക്കി. 

മുറ്റത്ത് നിന്നാൽ നമുക്കൊരു വഞ്ചിപ്പാട്ട് പാടാം. ഡബിൾ ഓകെയെന്ന് വള്ളപ്പാട്ടുകാർ.മൂന്ന് നിരയായി നിന്ന് ഗോവിന്ദാ ഹരി... മുഴക്കവെ മന്ത്രി പറഞ്ഞു. ഇപ്പം വരാം.  ഒരു പടക്കപ്പലിന്റെ വേഗത്തിൽ മടങ്ങിവന്നു.വേഷം ലേശം മാറി. മുണ്ടിന് പകരം കൈലിയായി. തലയിലൊരു തോർത്തും. തലയിലൊരു കുറിയാണ്ടില്ലാതെ (തോർത്തിന്റെ നാട്ടുപ്രയോഗം) എന്തോന്ന് വഞ്ചിപ്പാട്ട്. കുട്ടികൾ കൈകൊട്ടി പാട്ടുതിരയേറി.

ഒരു മഹാരാജധാനി
ഇപ്പാരിലിതിൽ ഇല്ലതാനും...
തെയ്തെയ് തകതതീയകതോ...

ആവർത്തനപദങ്ങളിൽ മന്ത്രിയും ഏറ്റുപാടി.ഒരൂൂൂ മഹാരാജധാനി.....തെയ്തെയ്..
കൈയ്യടിച്ച് ഒപ്പം നിൽക്കവെ മന്ത്രിയുടെ അമ്മ ഗോമതിയമ്മയും കുട്ടികൾക്കൊപ്പം കൂടി. എത്രയോ പരിചിതമായ ആ ഈരടികൾ. 27 കൊല്ലം പൊതുപ്രവർത്തനം നടത്തിയ പത്തനംതിട്ട ദേശത്തിലേക്കും ആറൻമുളയിലേക്കും മനസ് മടങ്ങിയെന്ന് പ്രസാദ്. ഭാര്യ ലൈനയും മകൾ അരുണ അൽമിത്രയും കുട്ടിസംഘത്തിനെ പ്രോത്സാഹിപ്പിക്കാൻ കൂടി. രാമപുരത്തിന്റെ വരിയേറി നതോന്നത താളത്തിൽ പാട്ടുവഞ്ചി മുറ്റത്ത് തുഴഞ്ഞേറവെ സമയം ഉച്ച. പാട്ടാശാൻ വിശ്വനാഥ് എം. പിള്ളയോട് കുശലം ചോദിച്ചു. നാടെവിടെ. ആറൻമുള. ആറൻമുള എവിടെയെന്നായി മന്ത്രി. തെക്കെന്ന് മറുപടി.

ആറൻമുളയിലെ പാടശേഖരങ്ങൾ കാക്കാൻ പോരാട്ടം നടത്തിയ പ്രസാദിന്  ഓരോ നാട്ടുവഴിയും ഉള്ളിലുണ്ട്.  ഇടപ്പാവൂരിന്റെ കാര്യം പറഞ്ഞപ്പോൾ റാന്നി റോഡിലേക്ക് പോകണമല്ലോ എന്നായി. പാട്ടുപാടി കഴിഞ്ഞാൽ വിശപ്പ് മാറണം. എല്ലാവരും ഉള്ളിലേക്ക്. കപ്പയും കാച്ചിലും ചേമ്പും ചേനയും മധുരക്കിഴങ്ങും നേന്ത്രക്കായയും പുഴുങ്ങിയത്. കാന്താരിയും ഉള്ളിയും തൈരും ചേർത്തൊരു ചമ്മന്തി. പച്ചമുളകും ഉള്ളിയും ചേർന്ന് വേറൊരു കൂട്ടം. ഉണക്കമുളകിന്റെ എരിവൂറും മറ്റൊരു വെറൈറ്റി വേറെ.

വിളമ്പി വെക്കവെ കുട്ടികളോട് ഒരു ചോദ്യം. എല്ലാറ്റിന്റെയും പേര് പറയാമോ... തെറ്റാതെ പേര് പറഞ്ഞപ്പോൾ കൊള്ളാം എന്ന് സ്നേഹമറുപടി. പൂമുഖത്ത് പിന്നൊരു സംവാദം. കുട്ടികളായ ആക്ഷ സുനിൽ, സ്വാതി സനൽ, ആദ്രിക സുധീഷ്, ലാവണ്യ ചന്ദ്രമോഹൻ, ഭവ്യ സന്തോഷ്, അക്ഷര സുഭാഷ്, ദേവിക പി.ദീപു, ആർ.ആർച്ച എന്നിവർക്കൊപ്പം അധ്യാപകരായ ആൻ ജോർജ്ജ്,സ്വരൂയ ലാൽ,പി.ടി.എ. ഭാരവാഹി സിന്ധു സന്തോഷ് എന്നിവരുമുണ്ടായി.

Content Highlights: Minister P. Prasad hosts Vanchippattu performers from pathanamthitta