പാലക്കാടിന്റെ സ്വന്തം മന്ത്രിയെ കാണാനെത്തി ഇരുളനൃത്തം മത്സരാർഥികൾ
തിരുവനന്തപുരം: അവരില്‍ പലരും ഒരു മന്ത്രിയെ അടുത്തുകാണുന്നതും ഇടപഴകുന്നതും ആദ്യമായാണ്. നിനച്ചിരിക്കാതെ മന്ത്രി എം.ബി. രാജേഷുമായുള്ള കാസര്‍കോട് ചട്ടഞ്ചാല്‍ എച്ച്.എസ്.എസിലെ കുട്ടികളുടെ കൂടിക്കാഴ്ച മത്സരവിജയത്തേക്കാള്‍ മധുരമുള്ള ഓര്‍മ്മയായി. ഏറെ നേരം സൗഹൃദം പങ്കിട്ട മന്ത്രി, തങ്ങളുടെ സ്‌കൂളിലേക്ക് എത്തുമെന്ന് നല്‍കിയ ഉറപ്പിന്റെ ആവേശത്തിലാണ് അവര്‍ തലസ്ഥാനത്ത് നിന്ന് മടങ്ങിയത്. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസികളുടെ തനത് കലാരൂപമായ ഇരുളനൃത്തം മത്സരത്തില്‍ പങ്കെടുത്ത കുട്ടികളാണ്, പാലക്കാടിന്റെ സ്വന്തം മന്ത്രിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത്.
അട്ടപ്പാടിയിലെയുള്‍പ്പെടെ തദ്ദേശജനതയുടെ തനത് നൃത്തരൂപങ്ങള്‍ ആദ്യമായി കലോത്സവ വേദിയില്‍ എത്തിയതിന്റെ സന്തോഷം പങ്കുവച്ചാണ് മന്ത്രി കുട്ടികളെ സ്വീകരിച്ചത്. മലയാളികള്‍ മുഴുവന്‍ ഈ നൃത്തരൂപങ്ങളെ ഏറ്റെടുത്തതിന്റെ തെളിവാണ് കുട്ടികളുടെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മുതല്‍ ഗോത്രകലകള്‍ക്കും യുവജനോത്സവ വേദിയില്‍ ഇടംനല്‍കിയത് മാതൃകാപരമെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. സ്‌കൂളിലെ വിശേഷങ്ങളും പഠനവും പാഠ്യേതര പ്രവര്‍ത്തനങ്ങളും ചോദിച്ചറിഞ്ഞു.
മാലിന്യ മുക്ത നവകേരളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സൂചിപ്പിച്ചു. മാലിന്യ മുക്ത സ്‌കൂളിനായി കുട്ടികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രിയെ ഞെട്ടിച്ചു. സ്‌കൂളില്‍ പൂര്‍ണ ശുചിത്വ സംവിധാനമൊരുക്കിയ കുട്ടികള്‍ പ്ലാസ്റ്റിക്കിനെതിരെയും പ്രചാരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു. പ്രകൃതി സംരക്ഷണത്തിനായി എന്‍.എസ്.എസിന്റെ സ്‌നേഹാരാമം പദ്ധതി നടപ്പാക്കുന്ന കാമ്പസുമാണ്.
ലഹരിമുക്ത നാടിനായി ഫ്‌ളാഷ് മോബ് ഉള്‍പ്പെടെയുള്ള ബോധവല്‍ക്കണ പരിപാടികള്‍ നടത്തിയതിനെക്കുറിച്ച് കുട്ടികള്‍ വാചാലരായി. വിമുക്തി ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായ കുട്ടികളെ അഭിനന്ദിക്കാനും മന്ത്രി എം.ബി. രാജേഷ് മറന്നില്ല. മന്ത്രിയെ ഇരുള നൃത്തത്തിന്റെ പാട്ടുപാടി കേള്‍പ്പിച്ച കുട്ടികള്‍ അദ്ദേഹത്തിന് ചുറ്റുംകൂടി നൃത്തവുമതരിപ്പിച്ചു. കുട്ടികള്‍ക്കൊപ്പം ചുവടുവച്ച് പ്രോത്സാഹിപ്പിച്ച അദ്ദേഹം അവര്‍ക്കൊപ്പം സെല്‍ഫിയെടുത്തശേഷമാണ് യാത്രയാക്കിയത്. അടുത്ത തവണ കാസര്‍കോട് വരുമ്പോള്‍ ചട്ടഞ്ചാല്‍ സ്‌കൂളിലെത്തുമെന്ന് ഉറപ്പും നല്‍കി.
പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ശിവനന്ദ ആര്‍.നായര്‍, ഹരിത എ., ശിവാനി എ., ആദിത്യാ കെ.സി., അനുപ്രിയ കെ, സഞ്ജന എസ്, ദേവയാനി എ., അലോണ ജിമ്മി, വര്‍ഷ പി., ദിയാ ഭാസ്‌കര കെ., കൃഷ്ണജിത് എ., ശ്രീരാഗ് പി. എന്നിവരാണ് മന്ത്രിയെ കാണാനെത്തിയത്.
മാതൃഭൂമി അക്ഷരോത്സവത്തെക്കുറിച്ചും മന്ത്രി പരാമര്‍ച്ചു. എല്ലാവരും പുസ്തകങ്ങള്‍ വായിച്ച് വളരണം. മടങ്ങുന്നതിന് മുന്‍പ് നിയമസഭയിലെ പുസ്തകോത്സവം സന്ദര്‍ശിക്കണം. സ്‌കൂള്‍ ലൈബ്രറികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. അടുത്ത മാസം മാതൃഭൂമി അക്ഷരോത്സവത്തില്‍ താന്‍ പ്രഭാഷകനാണെന്നതും അദ്ദേഹം കുട്ടികളെ ഓര്‍മ്മിച്ചു,