ഏകാഭിനയത്തിന്റെ ഇടവേളയില്‍ ഭാവാഭിനയ ചക്രവര്‍ത്തിയെ കാണാനെത്തി മാധവിയും ഹനിന്‍ അഹമ്മദും
സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ട് മത്സരത്തിനെത്തിയ കൊല്ലംകാരി മാധവിയും വയനാട്ടുകാരന്‍ ഹനിന്‍ അഹമ്മദും തിരിച്ചുപോകും മുൻപ് മലയാളത്തിന്റെ മഹാനടൻ മധുവിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലേക്കും ഒരു യാത്ര പോയി. പതിവ് ഉച്ചമയക്കം കഴിഞ്ഞുണർന്ന മഹാനടൻ കുട്ടികളെ കണ്ടതോടെ മുത്തശ്ശനായി മാറി. വെറുതെ ഒന്ന് കാണാന്‍ വന്നതാണെന്ന കുട്ടികളുടെ നിഷ്‌കളങ്കമായ മറുപടിയില്‍ മുഖത്ത് സന്തോഷത്തിരയിളക്കം. നിലത്തിരിക്കാന്‍ തുടങ്ങിയപ്പോള്‍ കൈയെടുത്ത് വിലക്കി. കാല്‍തൊട്ടു വന്ദിച്ചപ്പോള്‍ നെറുകയില്‍ തൊട്ട് അനുഗ്രഹിച്ചു, അരികിലേക്ക് ചേര്‍ത്തണച്ചു. പോരുംനേരം കറുത്തമ്മ പെരീക്കുട്ടിയോടെന്നപോലെ ഹനിന്റെ വക ഒരു സ്വകാര്യം. പിരിയാന്‍ തോന്നുന്നില്ല സര്‍.. പിരിയണമെന്ന് ഞാനും പറയുന്നില്ല മോനേ... ഹനിന്റെ കൈയില്‍ തലോടി മഹാനടന്‍ മൊഴിഞ്ഞു. പിന്നെ മംഗളം നേര്‍ന്ന്, നാളത്തെ വാഗ്ദാനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് യാത്ര പറച്ചില്‍. കുട്ടികളുടെ മുഖത്ത് അഭിനയകലയുടെ മഹാസാഗരം കണ്ട അത്ഭുതം. സന്തോഷം. കിട്ടിയ ഗ്രേഡിനേക്കാള്‍ വലിയ ചാരിതാര്‍ഥ്യം.
Content Highlights: Madhu's Blessing: An Unforgettable Visit for Students During Kalolsavam 2025