പ്ലാസ്റ്ററിട്ട കൈയുമായി ട്രിപ്പിള്‍ വേഷം, ആധുനിക ശാകുന്തളം സംഭവബഹുലമാണ്‌

'സർക്കസ്' എന്ന നാടകത്തിലെ അം​ഗങ്ങൾ| ഫോട്ടോ: ഷഹീർ സി.എച്ച്
'സർക്കസ്' എന്ന നാടകത്തിലെ അം​ഗങ്ങൾ| ഫോട്ടോ: ഷഹീർ സി.എച്ച്

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ നാടകമത്സരത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അമീഷ പ്രമോദും സംഘവും. പരിശീലനം ഗംഭീരമായി നടക്കുകയാണ്. ആഗ്രഹിച്ച വേദിയിലേക്കുള്ള യാത്ര. ഇതിനിടെയാണ് വീട്ടിൽ വീഴുന്നതും കൈയൊടിയുന്നതും. പ്ലാസ്റ്ററിട്ട കൈ ഒരു മാസത്തേക്ക് അഴിക്കരുതെന്ന് ഡോക്ടർ പറഞ്ഞതോടെ ഇനി എങ്ങനെ നാടകം കളിക്കുമെന്നായി ആശങ്ക. പക്ഷേ, അമീഷയ്ക്ക് മാത്രം പേടിയുണ്ടായിരുന്നില്ല. ഈ കൈയും വെച്ച് തന്നെ മൂന്ന് വേഷവും ചെയ്യും. 

പറഞ്ഞപോലെ അവൾ നാടകം കളിച്ചു. കൈയിൽ വേദനയുണ്ടായിരുന്നെങ്കിലും അതവളുടെ മുഖത്ത് കണ്ടില്ല. മൂന്നു വേഷങ്ങളും അത്രയും മനോഹരമായി അവൾ പകർന്നാടി, ഒപ്പം കൂട്ടുകാരും. കൃത്യമായ രാഷ്ട്രീയം പറഞ്ഞ തുറവൂർ ടി.ഡി.എച്ച്.എസ്.എസ് സ്കൂളിന്റെ നാടകസംഘത്തിന് വെല്ലുവിളികൾ ഒരുപാടുണ്ടായിരുന്നെങ്കിലും വേദിയിൽ അവർ നിറഞ്ഞാടി. 

രണ്ടുപേരുടെ വീഴ്ച, പകരമൊരാളുടെ വരവ് 

അമീഷയുടെ വീണ് കൈപൊട്ടിയതിന് പിന്നാലെയാണ് സംഘത്തിലെ മറ്റൊരാളായ പാർവതി എൻ.എസ്.എസ് ക്യാമ്പിനിടെ വീഴുന്നത്. അങ്ങനെ കാലിന്റെ ലി​ഗമെന്റ് പൊട്ടി. ചാടാനൊന്നും പറ്റാത്ത അവസ്ഥയായതോടെ മാറിനില്‍ക്കുകയല്ലാതെ മറ്റുവഴിയില്ലാതായി. പക്ഷേ വിട്ടിട്ട് പോകാനാവില്ലല്ലോ. അങ്ങനെ പിന്നണിയിലേക്ക് മാറി. പാർവതി ചെയ്യാനിരുന്ന വേഷങ്ങൾ പിന്നണിയിലുണ്ടായിരുന്ന ദേവനന്ദ ഏറ്റെടുത്തു. ആദ്യമേ സംഘത്തിനൊപ്പമുണ്ടായിരുന്നതിനാൽ കഥയും സംഭാഷണവുമൊക്കെ പരിചിതമായിരുന്നു. എങ്കിലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ കളിച്ച് പഠിച്ചെടുത്തു. 

'ഈ നാടകവുമായി സംസ്ഥാനത്ത് വരണമെന്നുള്ളത് എന്റെ വലിയ സ്വപ്നമായിരുന്നു. ഇത്രയും കാലം കഷ്ടപ്പെട്ടത് അതിനുവേണ്ടിയാണ്. സംസ്ഥാനത്ത് വേദിയിൽ കയറാനാകില്ലെന്ന് അറിഞ്ഞപ്പോൾ നല്ല സങ്കടമുണ്ടായി. എങ്കിലും എന്റെ കൂട്ടുകാർ തന്നെയാണല്ലോ ചെയ്യുന്നതെന്ന് ഓർക്കുമ്പോൾ സന്തോഷവുമുണ്ട്', കാലിന് വലിയ കെട്ടൊക്കെയുണ്ടെങ്കിലും പാർവതി നാടകത്തിന് വേണ്ടി ഓടിനടപ്പാണ്. അതവരുടെ നാടകമാണ്, വേദിയിൽ കയറിയില്ലെങ്കിലും പിന്നണിയിൽ അവളുണ്ട്. 

സർക്കസ് - ഇത് പുതിയ ശാകുന്തളം
 
പഴയ ശാകുന്തളം പുതിയ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പുനരാവിഷ്കരണം നടത്തുകയായിരുന്നു ടി.ഡി.എച്ച്.എസ്.എസിന്റെ സർക്കസ് എന്ന നാടകം. കൃത്യമായ രാഷ്ട്രീയം പറയുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് സ്കൂളിലെ മലയാളം അധ്യാപകനായ പി.വി.വിനോദ് കുമാറാണ്. 

'രണ്ടുകൊല്ലം മുൻപ് മനസിലുണ്ടായിരുന്ന നാടകമായിരുന്നു ഇത്. അനുയോജ്യരായ കുട്ടികളെ കിട്ടിയ ശേഷം ചെയ്യാമെന്ന് കരുതി മാറ്റിവെച്ചു. അങ്ങനെയാണ് ഈ കുട്ടികളിലെത്തുന്നത്. അവരോട് ആദ്യം തന്നെ ശാകുന്തളം കഥ മുഴുവൻ പറഞ്ഞു. നമ്മൾ മനസിലാക്കിയിട്ടുള്ളത് മഹാഭാരത സംഭവപർവ്വത്തിലെ ശാകുന്തളമാണ്. പിന്നെ ഒട്ടുമിക്ക പേർക്കും അറിയുന്നത് കാളിദാസൻ ​ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിച്ചിരിക്കുന്ന ശാകുന്തളവുമാണ്. ഇതിനപ്പുറം ഒരു ശാകുന്തളം പദ്മപുരാണത്തിലുണ്ട്. അതിവിടെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അതാണ് ഞാൻ കുട്ടികളുമായി ചർച്ച ചെയ്തത്. തിരക്കഥ എന്റെ പേരിലാണെങ്കിലും പലതും കുട്ടികളുടെ തന്നെ സംഭാഷണമാണ്. ദുഷ്യന്തൻ ആദ്യമായി ശകുന്തളയെ കാണുന്ന സീൻ ഒക്കെ അവരിൽ നിന്നും സ്വാഭാവികമായി വന്ന സംഭാഷണമാണ്', പി.വി.വിനോദ് കുമാർ പറഞ്ഞു. 

വിദ്യാർഥികളുടെ നാടകത്തിൽ എത്രത്തോളം രാഷ്ട്രീയം പറയാമെന്ന ചോദ്യത്തിനും വിനോദ് മാഷിന്റെ കൈയിൽ മറുപടിയുണ്ടായിരുന്നു. 'പ്ലസ് ടു കുട്ടികൾ വാർത്ത വായിക്കുന്നവരാണ്, ചാനലുകളിലെ ചർച്ച കാണുന്നവരാണ്. സംസ്ഥാന- ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യുന്നവരാണ്. അടുത്ത വർഷം അവർക്ക് വോട്ടവകാശമുണ്ട്. അവരാണ് എങ്ങനെത്തെ ജനാധിപത്യം ഉണ്ടാവേണ്ടതെന്ന് തീരുമാനിക്കുന്നത്. ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന് കുട്ടികൾ തീരുമാനിക്കണം. അത് ദുഷ്യന്തനായാലും സമകാലിക സമൂഹത്തിലെ ആളുകളായും'. 

ഉദിത്ത് ഉമേഷ്, രാ​ഗേന്ദു, അനിഖ എസ് പ്രഭു, ദേവാനന്ദ, പവൻ, സെറിൻ, വിഷ്ണു എന്നിവരായിരുന്നു ടീമിലെ മറ്റ് അം​ഗങ്ങൾ. നാടകം ​ഗംഭീരമായി കളിച്ചിറങ്ങി കഴിഞ്ഞപ്പോൾ അമിഷയ്ക്ക് തലക്കറങ്ങി. മെഡിക്കൽ ടീമെത്തി ആളൊന്ന് ഉഷാറായപ്പോൾ സംഘവും ഉണർന്നു. അവരങ്ങനെയൊന്നും തളരില്ല, എല്ലാത്തിനും മീതയല്ലേ നാടകം. 

Content Highlights: Amisha Pramod performs despite broken hand in nadakam at kalolsavam