'പ്രശാന്തി'ലെ വട്ടപ്പാട്ട് അതിഥികള്‍

തിരുവനന്തപുരം: 'പ്രശാന്തി'ന്റെ കവാടം കഴിഞ്ഞ് സ്റ്റേറ്റ് കാര്‍ വന്നത് കണ്ടതോടെ വട്ടപ്പാട്ടുകാര്‍ ബോറടി മാറ്റി ഉത്സാഹത്തിന്റെ വട്ടംകൂട്ടുകാരായി. മന്ത്രി റോഷി അഗസ്റ്റിന്‍ യോഗങ്ങളുടെ പിരിമുറുക്കത്തില്‍ നിന്ന് ഒരു കുട്ടിയായി ആ കൂട്ടത്തിലലിഞ്ഞു.
പട്ടം സ്‌കൂളിലെ മത്സരം കഴിഞ്ഞ് കൊട്ടാരക്കര സെയ്ന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ മാതൃഭൂമി ടീമിനൊപ്പം പുറപ്പെടുമ്പോള്‍ ആകാംക്ഷയിലായിരുന്നു.വണ്ടി പോകെ പോകെ അതാ ക്ലിഫ് ഹൗസ്. മന്ത്രിവസതികള്‍ക്കായി പകുത്തെടുത്ത കുന്നിന്‍ നെറുക് കയറിച്ചെല്ലുമ്പോള്‍ മുന്നില്‍ പ്രശാന്ത്.ഇതാരുടെ വസതി. മന്ത്രി റോഷി അഗസ്റ്റിന്റെ താമസസ്ഥലം.കലോത്സവതാരങ്ങളുമായി ഒരു കൂടിക്കാഴ്ചയ്ക് സമയം ചോദിച്ചപ്പോള്‍ പഴയകായികതാരം കൂടിയായ മന്ത്രി റോഷി അഗസ്റ്റിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഉച്ചകഴിഞ്ഞ് അല്‍പ്പമൊന്ന് ഇരിക്കണേ. മന്ത്രിയെ കാത്തുള്ള ഒരു മണിക്കൂറില്‍ കുട്ടികള്‍ മുറ്റത്ത് ചെറിയൊരു വട്ടപ്പാട്ട് നടത്തി. പതിവില്ലാത്ത പാട്ടും കൊട്ടും കേട്ട് സ്വതേ ശാന്തമായ ആ പ്രദേശത്ത് ആകെയൊരനക്കം.
4.30-ന് മന്ത്രിയുടെ വാഹനം എത്തിയപ്പോള്‍ പുതുവര്‍ഷകെയ്കും കഴിച്ച് കുട്ടികള്‍ ഉഷാറായി.വ്യായാമത്തിന് പോകാനിറങ്ങിയ ഭാര്യ റാണിയെയും മക്കളായ അപ്പുവിനെയും ഏയ്ചലിനെയും ഒപ്പം കൂട്ടി.
മന്ത്രിയെ മണവാളന് ഒപ്പം നിര്‍ത്തി കുട്ടികള്‍ അഴകേറും കല്യാണം എന്ന പദം പാടി കളിച്ച് തുടങ്ങി.
കളി കഴിഞ്ഞതോടെ അടുത്തുകിട്ടിയ മന്ത്രിക്കൊപ്പം കുശലം തുടങ്ങി.'എന്നോട് കലാകാര്യം ചോദിക്കരുത്. എന്നാല്‍ സ്‌പോര്‍ട്‌സ്,അത് പറയാം' എന്നായി റോഷി. 'പാലാ സെയ്‌ന്റെ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ ഗംഭീരമായി വോളി കളിച്ചിരുന്നു. രാഷ്ട്രീയത്തിലും നന്നായി പ്രവര്‍ത്തിച്ചു.പക്ഷേ പഠനത്തിലോ. ഒട്ടും മോശമായില്ല. ഡിഗ്രിയും പി.ജി.യുമെല്ലാം ഫസ്റ്റ് ക്ലാസിലാണ് ജയിച്ചത്.ഇതേ പോലെ കലാവേദിയില്‍ നില്‍ക്കുമ്പോഴും നിങ്ങള്‍ക്ക് നന്നായി പഠിക്കാനും കഴിയണം.'
കൊട്ടാരക്കര സ്‌കൂളെന്ന് അറിഞ്ഞപ്പോള്‍ മതിലിനപ്പുറത്തേക്ക് വിരല്‍ചൂണ്ടി അദ്ദേഹം പറഞ്ഞു.'നിങ്ങളുടെ ആളാ അപ്പുറത്ത്. മന്ത്രി കെ.എന്‍.ബാലഗോപാല്‍. കൊട്ടാരക്കരയുടെ ജനപ്രതിനിധി'. മന്ത്രി അയല്‍ക്കാരനെ പരിചയപ്പെടുത്തി.
മന്ത്രിയും ഭാര്യയും മുറ്റത്ത് വോളി കളിക്കുന്ന വീഡിയോ വൈറലായിരുന്നുവല്ലോ എന്ന് ഇതിനിടെ ചിലര്‍ ഓര്‍മ്മിപ്പിച്ചു. എന്റെ വോളിപ്രേമം എല്ലാര്‍ക്കും അറിയാം.-മന്ത്രി ചിരിയോടെ വിശദമാക്കി.
തനിമ നിലനിര്‍ത്തിയായിരുന്നു പരിശീലനമെന്ന് കുട്ടികളും അധ്യാപിക റോഷ്‌നി ഈപ്പനും പറഞ്ഞു.വിദ്യാര്‍ഥികളായ ഷോണ്‍ ടി. റിനില്‍,കെവിന്‍ ഷിജോ,ആദം നോബി,ജിഷ്ണു വേണുഗോപാല്‍,ഷിബിന്‍ എസ്.ഷിനോയ്,അഫ്ത്താല്‍ സക്കീര്‍,ആദില്‍ നിഷാന്‍,അജല്‍ എസ്.സതീഷ്,മുഹമ്മദ് നൗഫല്‍,എസ്. ആസിഫ് എന്നിവരാണ് കലാസംഘത്തിലുണ്ടായിരുന്നത്.മുഹമ്മദ് ഷാഫി, ആഷിക് അല്‍ത്താഫ്,അഫസല്‍ എന്നിവരാണ് പരിശീലകര്‍.പ്രധമാധ്യാപകന്‍ റജി ലൂക്കോസിന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍ സംഘമെത്തിയത്.
Content Highlights: kerala state school kalolsavam 2025