സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്നതുപോലുള്ള അനുഭവം, രോമാഞ്ചത്തിലെ 'മത്തി'യായ ശ്രീജിത്ത് പറയുന്നു

കൊല്ലം: 'എന്റെ നാട് കൊട്ടാരക്കരയാണ്. സ്വന്തമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചില ആലോചനകളുണ്ട്. അഭിനയിക്കുന്ന പടത്തിന്റെ ഷൂട്ടിങ്ങും. എന്നാലും എന്റെ നാടിന്റെ തൊട്ടടുത്ത് കലോത്സവം നടക്കുമ്പോൾ വരാതിരിക്കാൻ ആകില്ലല്ലോ. രണ്ടുമണിക്കൂർ ഇടവേളയെടുത്ത് ആകെ വേദിയൊന്നു കറങ്ങി.
കുട്ടികളെല്ലാം മത്സരത്തിരക്കിലാണ്. അവരുടെ ആ ഉത്സാഹത്തിനു നടുവിലൂടെ നടന്നപ്പോൾ ശരിക്കും രോമാഞ്ചം വന്നു. ഇങ്ങനെയൊരു കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം കിട്ടാത്തതിന്റെ സങ്കടവും.
നാടകമത്സരം നടക്കുന്ന സ്ഥലത്താണ് ആദ്യം പോയത്. അവിടെ നല്ല തിരക്ക്. ഇരിക്കാൻ സ്ഥലമില്ല. കൊല്ലം നാടകത്തിന്റെ സ്വന്തം നാടാണല്ലോ. ഒ.മാധവനും സി.എൻ.ശ്രീകണ്ഠൻ നായരുമെല്ലാം ഞങ്ങളുടെ ജില്ലയുടെ നാടകപാരമ്പര്യത്തിന്റെ തലയെടുപ്പുള്ള മുഖങ്ങളല്ലേ...അപ്പോൾ പിന്നെ നാടകമത്സരം മോശമാകില്ലല്ലോ...നാളത്തെ അഭിനേതാക്കളാകേണ്ടവരുടെ സ്റ്റേജാണിത്. പുതിയ രംഗഭാഷയുണ്ടാകുന്ന സ്ഥലംകൂടിയാണ് സ്കൂൾ കലോത്സവത്തിന്റെ നാടകവേദി. .
കൊല്ലം ഈ കലോത്സവത്തെ ഏറ്റെടുത്തു കഴിഞ്ഞെന്നാണ് കൊല്ലംകാരൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്. ഒരുപാട് കാലത്തിനുശേഷമാണ് ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയൊരു ആഘോഷം വരുന്നത്.
ഒരുപാട് കലകൾ ഒരുമിച്ചു കാണാനുള്ള അവസരമല്ലേ...കുറേയേറെ സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്നതുപോലുള്ള അനുഭവമാണ്. ഏത് കാണണം, ഏത് ആദ്യം കാണണം എന്ന കൺഫ്യൂഷൻ. അതുപോലെ ഏതുവേദിയിലേക്ക് ആദ്യം പോകണമെന്ന കൺഫ്യൂഷനിലാണ് ഞങ്ങൾ. എന്തായാലും ഓട്ടപ്രദക്ഷിണത്തിനിടെ കലോത്സവത്തിന്റെ മുഴുവൻ രോമാഞ്ചവും അനുഭവിക്കാനായി. എല്ലാവർക്കും കൊല്ലത്തോളം ആശംസകൾ'.
Content Highlights: school kalolsavam romancham actor sreejith nair speaking