ബ്ലാസ്‌റ്റേഴ്‌സിന് സീസണിൽ നഷ്ടമായത് 1.11 ലക്ഷം കാണികൾ; കൊച്ചിയിൽ അവസാന മത്സരത്തിനെത്തിയത് 3,567 പേർ

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍
കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

കോഴിക്കോട്: പ്രകടനം മോശമാവുകയും ആരാധകക്കൂട്ടം ഇടയുകയും ചെയ്തതോടെ കാണികളുടെ എണ്ണത്തില്‍ വലിയ തിരിച്ചടി നേരിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരളാ ബ്ലാസ്റ്റേഴ്സ്.

ചരിത്രത്തിലെത്തന്നെ വലിയ കുറവാണ് ഇത്തവണയുണ്ടാണ്. മുന്‍സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊച്ചിയിലെ ഹോം ഗ്രൗണ്ടിലെത്തി കളി കണ്ടവരുടെ എണ്ണത്തില്‍ 1.1 ലക്ഷത്തിന്റെ കുറവുണ്ട്.

ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിന്റെയും ഇഎസ്പിഎന്നിന്റേയും കണക്കുപ്രകാരം സീസണില്‍ 1,90,727 കാണികളാണ് ഹോംഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ കളി കാണാനെത്തിയത്. ഓരോ മത്സരത്തിനും ശരാശരി 15,894 പേര്‍. കഴിഞ്ഞ സീസണില്‍ കളികണ്ടത് 3,02,707 പേരാണ്. 27,519 ആണ് ശരാശരി കാണികളുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു ഹോം മത്സരം ഇത്തവണ കൂടുതലുമുണ്ടായിരുന്നു. 2022-'23 സീസണില്‍ 2,78,253 പേര്‍ കളി കാണാനെത്തിയിരുന്നു. ശരാശരി 27,825 പേര്‍ കളികാണാനെത്തി. കാണികളുടെ എണ്ണത്തില്‍ ടീം ഒന്നാമതെത്തുകയും ചെയ്തു. ഇത്തവണ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ കാണികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ക്ലബ്ബ്.

അവസാന ഹോം മത്സരത്തില്‍ മുംബൈ സിറ്റിയെ നേരിട്ടപ്പോള്‍ 3567 പേരാണ് കളി കാണാനെത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും കുറവ് ഹോം കാണികളാണിത്. ഇത്തവണ മൂന്നാമത്തെ ഹോം മത്സരത്തിനാണ് കൂടുതല്‍ കാണികളെത്തിയത്. 34,949 പേര്‍ അന്ന് കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെത്തി.

കൈവിട്ട കളി

24 കളിയില്‍ എട്ട് മത്സരത്തിലാണ് ടീം ജയിച്ചത്. മിക്കേല്‍ സ്റ്റാറെയുടെ കീഴില്‍ ആദ്യഘട്ടത്തില്‍ തന്നെ ടീം പുറകോട്ടു പോയിരുന്നു. പ്രകടനം മോശമായതോടെ കാണികള്‍ മെല്ലെ കൈവിട്ടു. മൂന്നാമത്തെ ഹോം മത്സരത്തിനുശേഷം സ്റ്റേഡിയം നിറയുന്ന തരത്തില്‍ കാണികളെത്തിയില്ല.

മോശമല്ലാത്ത സ്‌ക്വാഡ് ഉണ്ടായിട്ടും സ്വയംവരുത്തിയ പിഴവുകളാണ് ടീമിനെ പലപ്പോഴും തോല്‍വിയിലേക്ക് നയിച്ചത്. ഇത്തവണ 11 കളിയില്‍ തോറ്റു. അഞ്ചുകളിയില്‍ സമനിലവഴങ്ങി. 33 ഗോളടിച്ചപ്പോള്‍ 37 എണ്ണം തിരിച്ചുവാങ്ങി.

മഞ്ഞപ്പടയുടെ മൗനം

കളിക്കളത്തില്‍ ടീമിന്റെ നിലവാരം കുറഞ്ഞതോടെ ക്ലബ്ബിന്റെ ശക്തിയായ ആരാധകക്കൂട്ടായ്മ 'മഞ്ഞപ്പട' മാനേജ്മെന്റിനെതിരേ തിരിഞ്ഞു. ടീമിനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെന്നതായിരുന്നു അവരുടെ പ്രധാന ആക്ഷേപം. ഇതിനുപുറമേ ആരാധകര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കുനേരേ മാനേജ്മെന്റ് മുഖംതിരിക്കുന്നതും പ്രതിസന്ധികൂട്ടി. മത്സരം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തില്ലെങ്കിലും പ്രത്യക്ഷപ്രതിഷേധം മഞ്ഞപ്പട സംഘടിപ്പിച്ചു. ആരാധകക്കൂട്ടായ്മയുടെ നിസ്സഹകരണം കാണികളുടെ എണ്ണം കുറയ്ക്കാന്‍ കാരണമായി.

Content Highlights: kerala blasters home ground attendance short