ഇന്‍ജുറി ടൈമില്‍ താരമായി ക്ലെയ്റ്റണ്‍ സില്‍വ; ബെംഗളൂരുവിനെ തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് എസ് സി ഈസ്റ്റ് ബംഗാള്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. ഇരട്ട ഗോള്‍ നേടിയ ക്ലെയ്റ്റണ്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിന് ജയമൊരുക്കിയത്.
കളിയുടെ തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 39-ാം മിനിറ്റില്‍ കളിയുടെ ഒഴുക്കിനെതിരായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്ലെയ്റ്റണ്‍ സില്‍വ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ബോക്‌സില്‍ വെച്ച് ബെംഗളൂരു താരം രോഷന്‍ നോറെമിന്റെ കൈയില്‍ പന്ത് തട്ടിയതിനായിരുന്നു പെനാല്‍റ്റി.
എന്നാല്‍ 55-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പാസ് വലയിലെത്തിച്ച് ജാവിയര്‍ ഹെര്‍ണാണ്ടസ് ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു.
എന്നാല്‍ മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തില്‍ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ച് ക്ലെയ്റ്റണ്‍ സില്‍വ ഈസ്റ്റ് ബംഗാളിന് വിജയം സമ്മാനിക്കുകയായിരുന്നു.
ജയത്തോടെ 11 കളികളില്‍ നിന്ന് 12 പോയന്റുമായി ഈസ്റ്റ് ബംഗാള്‍ എട്ടാം സ്ഥാനത്തെത്തി. 10 പോയന്റുള്ള ബെംഗളൂരു ഒമ്പതാം സ്ഥാനത്താണ്.
Content Highlights: ISL 2022-23 Cleiton Silva Double Helps East Bengal FC beat Bengaluru FC