ആദ്യം പിന്നില്‍, തിരിച്ചടിച്ച് നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ചെന്നൈയിന്‍

Photo: twitter.com/IndSuperLeague
Photo: twitter.com/IndSuperLeague

ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്റെ വിജയം. ചെന്നൈയിന് വേണ്ടി ഏരിയല്‍ ബോറിസിയൂക്കും വ്‌ലാദിമിര്‍ കോമാനും ഗോളടിച്ചപ്പോള്‍ ലാല്‍ഡന്‍മാവിയ റാള്‍ത്തെ നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ നേടി. 

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ചെന്നൈയിന്‍ വിജയം നേടിയെടുത്തത്. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും ചെന്നൈയിന് സാധിച്ചു. 12 മത്സരങ്ങളില്‍ നിന്ന് 18 പോയന്റാണ് ടീമിനുള്ളത്. എന്നാല്‍ മറുവശത്ത് നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത് തുടരുകയാണ്. 13 മത്സരങ്ങളില്‍ നിന്ന് വെറും ഒന്‍പത് പോയന്റ് മാത്രമാണ് ടീമിനുള്ളത്. 

മത്സരത്തിന്റെ 35-ാം മിനിറ്റില്‍ റാള്‍ത്തെയിയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്താനും ടീമിന് സാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമണം ശക്തിപ്പെടുത്തിയ ചെന്നൈയിന്‍ നോര്‍ത്ത് ഈസ്റ്റിന് മേല്‍ ആധിപത്യം പുലര്‍ത്തി. 

52-ാം മിനിറ്റില്‍ ഏരിയല്‍ ബോറിസിയൂക്കിലൂടെ ചെന്നൈയിന്‍ സമനില ഗോളടിച്ചു. ആറുമിനിറ്റുകള്‍ക്ക് ശേഷം 58-ാം മിനിറ്റില്‍ കോമാന്‍ ചെന്നൈയിന് വേണ്ടി വിജയഗോള്‍ നേടി. ഈ വിജയത്തോടെ ചെന്നൈയിന്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. മറുവശത്ത് ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം കണ്ടാല്‍ മാത്രമേ നോര്‍ത്ത് ഈസ്റ്റിന് പ്രതീക്ഷയുള്ളൂ. 

Content Highlights: Chennaiyin FC vs North East United ISL 2021-2022 match result

Content Highlights: