ഫോണില്ല, 12മണിക്കൂര്‍ വനത്തിനുള്ളില്പരിശീലനം; പ്രിയാന്‍ഷിന്റെ സിക്സർമഴയ്ക്ക് പിന്നിൽ ഈ പരിശീലകന്

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ട് ബാറ്റിങ് കളിപ്രേമികളുടെ മനസിൽ നിന്ന് അത്രപെട്ടെന്നൊന്നും മായില്ല. ഐപിഎൽ ചരിത്രത്തിലെ തന്നെ ഒരു അൺക്യാപ്ഡ് കളിക്കാരന്റെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നുകൂടിയായിരുന്നു അത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 31-ന് ഡൽഹിയിൽ സിക്സറുകളുടെ പെരുമഴ പെയ്യിച്ച 24-കാരൻ ഐപിഎല്ലിലും വെടിക്കെട്ട് തുടരുന്ന കാഴ്ച. ഇപ്പോഴിതാ അക്കാദമിയില്‍ പ്രിയാന്‍ഷിന് നല്കിയ പരിശീലനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകൻ സഞ്ജയ് ഭര്ദ്വാജ്. വനത്തിനുള്ളിലെ അക്കാദമിയിൽ ദിവസവും 12 മണിക്കൂറോളമാണ് താരങ്ങൾ പരിശീലിക്കാറുള്ളതെന്ന് ഭർദ്വാജ് പറയുന്നു.
'ഡല്‍ഹി പ്രീമിയര്‍ ലീഗിനും ഐപിഎല്ലിനും മുന്നോടിയായി ഭോപ്പാലിലാണ് അവന് പരിശീലനം നടത്തിയത്. ഞാന്‍ ഒരു റെസിഡന്‍ഷ്യല്‍ അക്കാദമി നടത്തുന്നുണ്ട്. രതപാനി വനത്തിനുള്ളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നഗരത്തില്‍ നിന്ന് 20കിലോമീറ്റര്‍ ദൂരമുണ്ട്. നിതീഷ് റാണ, ഉന്മുക്ത് ചന്ദ്, പ്രിയാന്‍ഷ് എന്നിവരെല്ലാം ഇവിടെ പരിശീലനം നടത്തിയിട്ടുണ്ട്. '- ഭര്ദ്വാജ് ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഡല്‍ഹിയിലെ മലീനീകരണവും ചൂടും ഏല്‍ക്കാതെയാണ് പരിശീലനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ട്രെയിനിങ് ക്യാമ്പിലെ ദിനചര്യകളും പരിശീലകന് വ്യക്തമാക്കി. 12 മണിക്കൂറോളമാണ് ദിവസവും പരിശീലനമെന്നും പ്രിയാന്‍ഷിന് കുറച്ചുനേരം മാത്രമേ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
'അവന്റെ പരിശീലനം രാവിലെ 6.30 നാണ് ആരംഭിക്കുന്നത്. വൈകുന്നേരം ആറുമണി വരെ ഇത് തുടരും. അതിനിടയ്ക്ക് വിശ്രമമൊന്നുമില്ല. ദിവസം ഒരു മണിക്കൂര്‍ മാത്രമാണ് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം. പരമ്പരാഗതമായ ഇഷ്ടിക അടുപ്പിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. '- ഭര്ദ്വാജ് കൂട്ടിച്ചേര്‍ത്തു. സെഞ്ചുറി അടിച്ചതിന് പിന്നാലെ തന്നെ പ്രിയാന്‍ഷ് വിളിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎലിൽ അൺക്യാപ്ഡ് കളിക്കാരന്റെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും പ്രിയാൻഷ് സ്വന്തമാക്കിയിരുന്നു. 39 പന്തിലാണ് ശതകം വന്നത്. ലീഗിൽ ഇന്ത്യൻതാരത്തിന്റെ വേഗമേറിയ രണ്ടാം സെഞ്ചുറികൂടിയാണ്. 37 പന്തിൽ സെഞ്ചുറിനേടിയ യൂസഫ് പഠാനാണ് ഇക്കാര്യത്തിൽ ഒന്നാമൻ. വേഗമേറിയ സെഞ്ചുറിയിൽ നാലാം സ്ഥാനവുമുണ്ട്.
ഡൽഹി പ്രീമിയർ ലീഗിലെ തട്ടുപൊളിപ്പൻ പ്രകടനമാണ് പ്രിയാൻഷിനെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്. സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിനായി കളിച്ചതാരം ഒരോവറിൽ ആറ് സിക്സ് പറത്തി ചരിത്രവും സൃഷ്ടിച്ചു. നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തിൽ മനൻ ഭരദ്വാജ് എറിഞ്ഞ 12-ാം ഓവറിലാണ് ആറ് പന്തും ബൗണ്ടറിക്കുമുകളിലൂടെ പ്രിയാൻഷ് പറത്തിയത്. മത്സരത്തിൽ 40 പന്തിൽ സെഞ്ചുറി നേടിയ താരം 50 പന്തിൽ 120 റൺസാണ് അടിച്ചെടുത്തത്. 10 വീതം ഫോറും സിക്സുമുള്ള ഗംഭീര ഇന്നിങ്സ്.
2023-24 സീസണിലെ സയ്യിദ് മുഷ്താഖ് ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്കായി ഏഴ് മത്സരങ്ങളിൽനിന്ന് 222 റൺസാണ് യുവബാറ്റർ നേടിയത്. ഇതോടെ, ഐപിഎൽ ലേലപട്ടികയിൽ ഇടംനേടിയെങ്കിലും ക്ലബ്ബുകളൊന്നും വിളിച്ചെടുത്തില്ല. ഇത്തവണ ഡൽഹി പ്രീമിയർ ലീഗിലെ പ്രകടനമാണ് ലേലത്തിൽ പ്രിയാൻഷിനെ താരമാക്കിയത്. 30 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ പഞ്ചാബ് 3.8 കോടി രൂപയ്ക്കാണ് സ്വന്തമാക്കുന്നത്. സീസണിൽ നാല് കളിയിൽനിന്ന് 158 റൺസുമായി ടോപ് സ്കോറർ പട്ടികയിൽ പത്താം സ്ഥാനത്തുണ്ട്. ചെന്നൈക്കെതിരേ 42 പന്തിൽ 103 റൺസാണ് അടിച്ചെടുത്തത്. ഒമ്പത് സിക്സും ഏഴ് ഫോറും ഇന്നിങ്സിലുണ്ട്.
Content Highlights: priyansh arya ipl century performance coach Bhardwaj response