തിലക് മികവില്‍ മുംബൈ; ഡല്‍ഹിക്ക് സീസണിലെ ആദ്യ തോല്‍വി, കരുണ്‍ നായരുടെ പ്രകടനവും ഡല്‍ഹിയെ തുണച്ചില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ അക്ഷര്‍ പട്ടേലിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യ തോല്‍വി. തുടര്‍ച്ചയായ നാലു മത്സരങ്ങള്‍ ജയിച്ചെത്തിയ ഡല്‍ഹി, ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിന് മുന്നിലാണ് വീണത്. ഇംപാക്ട് പ്ലെയറായെത്തിയ കരുണ്‍ നായര്‍ മികച്ച തുടക്കം നല്‍കിയിട്ടും ഡല്‍ഹിക്ക് വിജയിക്കാനായില്ല. അവസാനത്തെ മൂന്ന് പേര്‍ പുറത്താവാന്‍ കാരണമായ റണ്ണൗട്ടുകളും ഡല്‍ഹിയെ ചതിച്ചു. മുംബൈയുടെ രണ്ടാമത്തെ ജയമാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ തിലക് വര്‍മയുടെ അര്‍ധ സെഞ്ചുറി മികവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ഒരോവര്‍ ബാക്കിനില്‍ക്കേ, 193-ന് പുറത്തായി. ഡല്‍ഹിക്കായി ഇംപാക്ട് പ്ലെയറായെത്തിയ കരുണ്‍ നായര്‍ 40 പന്തില്‍ 89 റണ്‍സ് നേടി. ഐപിഎലില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് കരുണ്‍ കളിക്കുന്നത്.
33 പന്തില്‍ 59 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ്, വിപ്രജ് നിഗം എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. മൂന്ന് സിക്‌സും ആറ് ഫോറും ചേര്‍ന്നതാണ് തിലക് വര്‍മയുടെ ഇന്നിങ്‌സ്. അഞ്ചാം വിക്കറ്റില്‍ നമന്‍ ധിറുമായി കൂട്ടുചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മുംബൈ ഇന്നിങ്‌സ് അവസാനിക്കാന്‍ രണ്ടു പന്തുകള്‍ മാത്രം ബാക്കിയിരിക്കെ ബൗണ്ടറി ലൈനില്‍ അഭിഷേക് പൊറലിന് ക്യാച്ച് നല്‍കി തിലക് മടങ്ങി. മുകേഷ് കുമാറിനാണ് വിക്കറ്റ്. നമന്‍ ധിര്‍ പുറത്താവാതെ 17 പന്തില്‍ 38 റണ്‍സ് നേടി ടീം സ്‌കോര്‍ 200 കടത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കില്‍ട്ടണ്‍ (41), സൂര്യകുമാര്‍ യാദവ് (40) എന്നിവരും മികച്ച പ്രകടനം നടത്തി.
മലയാളി താരം വിഘ്‌നേഷ് പുത്തൂരില്ലാതെയാണ് മുംബൈ ഇറങ്ങിയത്. ഓപ്പണര്‍ രോഹിത് ശര്‍മ 12 പന്തില്‍ 18 റണ്‍സെടുത്ത് മടങ്ങി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (2), വില്‍ ജാക്‌സ് (1*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ഡല്‍ഹിയുടെ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നോവറില്‍ 43 റണ്‍സ് വഴങ്ങി.
ജയം അകറ്റിയ ആ മൂന്ന് റണ്ണൗട്ട്, കരുൺ നായരുടെ തിരിച്ചുവരവും
മൂന്നുവര്‍ഷം കഴിഞ്ഞ് ഐപിഎല്‍ മത്സരത്തിനിറങ്ങിയ കരുണ്‍ നായരുടെ പ്രകടനം ഡല്‍ഹി നിരയില്‍ വേറിട്ടുനിന്നു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ ജേക്ക് ഫ്രേസര്‍ മഗുര്‍ക്ക് മടങ്ങിയപ്പോള്‍ ഇംപാക്ട് പ്ലെയറായെത്തിയതായിരുന്നു കരുണ്‍ നായര്‍. 22 പന്തുകളില്‍ അര്‍ധ സെഞ്ചുറി നേടിയ താരത്തിന്റെ 89 റണ്‍സ് ഇന്നിങ്‌സില്‍ അഞ്ച് സിക്‌സും 12 ബൗണ്ടറികളുമുണ്ട്. അഭിഷേക് പൊരേല്‍ 25 പന്തില്‍ 33 റണ്‍സ് നേടി. മൂന്നുവിക്കറ്റ് നേടിയ കരണ്‍ ശര്‍മയും രണ്ടു വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറുമാണ് ഡല്‍ഹിയെ തകര്‍ത്തത്. ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
12-ാം ഓവറിലാണ് കരുണ്‍ പുറത്തായത്. പിന്നാലെ ഡല്‍ഹിയുടെ അധോഗതിയും തുടങ്ങി. തുടര്‍ന്നുള്ള 25 റണ്‍സിനിടെ ഡല്‍ഹിയുടെ നാലു വിക്കറ്റുകളാണ് വീണത്. ബുംറയെറിഞ്ഞ 19-ാം ഓവര്‍ വളരെ നിര്‍ണായകമായി. 12 പന്തില്‍ 23 റണ്‍സാണ് അന്നേരം ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. ക്രീസില്‍ അശുതോഷ് ശര്‍മയും മിച്ചല്‍ സ്റ്റാര്‍ക്കും. ആദ്യ പന്തില്‍ റണ്ണൊന്നും പിറന്നില്ലെങ്കിലും തുടര്‍ന്നുള്ള രണ്ട് പന്തുകളില്‍ അശുതോഷ് വക രണ്ട് ഫോറുകള്‍. ഇതോടെ ഒന്‍പത് പന്തില്‍ 15 റണ്‍സ് മതിയെന്നായി ഡല്‍ഹിക്ക്. പക്ഷേ, നാലാം പന്തില്‍ ഡബിളിന് ശ്രമിച്ച അശുതോഷ് റണ്ണൗട്ടായി പുറത്തായി. തൊട്ടടുത്ത പന്തില്‍ ഡബിളിനു ശ്രമിച്ച കുല്‍ദീപ് യാദവും റണ്ണൗട്ട്. ഓവറിലെ അവസാന പന്തില്‍ മോഹിത് ശര്‍മയും റണ്ണൗട്ടായി പുറത്തായതോടെ ഡല്‍ഹിയുടെ തകര്‍ച്ച പൂര്‍ണമായി. തുടര്‍ച്ചയായ മൂന്ന് പന്തുകളിലെ ഈ റണ്ണൗട്ടുകള്‍ മുംബൈക്ക് അവിശ്വസനീയമായ ജയം സമ്മാനിക്കുകയായിരുന്നു.
Content Highlights: ipl mumbai indians vs delhi capitals