ടീം തിരഞ്ഞെടുപ്പടക്കം എല്ലാംതീരുമാനിക്കുന്നത് രാഹുല്‍;ഗോയങ്കടീമിനെ പ്രചോദിപ്പിക്കുന്നയാളെന്ന് മിശ്ര

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്കയുമായി ഭിന്നതകളുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കെ.എല്‍.രാഹുല്‍ 2024 ൽ ടീം വിട്ടത്. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനും വിശ്രമകരമായ ഒരു ഡ്രസ്സിങ് റൂമിന്റെ ഭാഗമാകാനും ആഗ്രഹിക്കുന്നുവെന്നാണ് രാഹുൽ ടീം വിട്ടശേഷം പ്രതികരിച്ചത്. എന്നാല്‍ രാഹുല്‍ മോശം പ്രകടനം നടത്തുന്ന താരമാണെന്നും വ്യക്തിഗത നേട്ടം നോക്കുന്ന ആളാണെന്നുമായിരുന്നു സഞ്ജീവ് ഗോയങ്കയുടെ പ്രതികരണം. ഇപ്പോഴിതാ വിഷയത്തിൽ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ലഖ്നൗ താരം അമിത് മിശ്ര. ടീമിൽ മാറ്റങ്ങൾ വരുത്തുന്നതും കളിക്കുന്ന പതിനൊന്നുപേരെ തിരഞ്ഞെടുക്കുന്നതും രാഹുലാണെന്ന് പരിശീലകൻ പറഞ്ഞതായി മിശ്ര ക്രിക്ക്ബസ്സിനോട് പറഞ്ഞു.
''ഞാന്‍ കഴിഞ്ഞ സീസണിലെ പരിശീലകനോട് (ജസ്റ്റിന്‍ ലാംഗര്‍) സംസാരിച്ചിരുന്നു. എല്ലാ കാര്യങ്ങളും കെ.എല്‍. രാഹുലാണ് ചെയ്യാറുള്ളതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. രാഹുലാണ് സ്റ്റാര്‍ട്ടിങ് ഇലവനെ തിരഞ്ഞെടുക്കുന്നത്. ടീമിലെ മാറ്റങ്ങളും മറ്റു പദ്ധതികള്‍ തയ്യാറാക്കുന്നതുമെല്ലാം രാഹുലാണ്. എന്നാല്‍ ഈ വര്‍ഷം അങ്ങനെയാണെന്ന് തോന്നുന്നില്ല. സഹീര്‍ ഖാന്‍ എല്ലാവരോടും സംസാരിക്കുന്നുണ്ട്. നിങ്ങള്‍ നോക്കൂ, അവിടെ ചര്‍ച്ചകള്‍ നടക്കുന്നത് കാണാം. അവര്‍ പരസ്പരം സംസാരിക്കുന്നുണ്ട്. - മിശ്ര പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് മുമ്പ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനെ കണ്ടു. അദ്ദേഹം ദിഗ്വേഷ് രാത്തിയുമായി സംസാരിക്കുകയായിരുന്നു. അവിടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ടീം ഉടമയെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം അത്രയധികം ഇടപെടുന്നുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് ടീം ജയിക്കുകയാണ് വേണ്ടത്. ഡ്രസ്സിങ് റൂമില്‍ വരുമ്പോള്‍ വളരെ പോസിറ്റീവായിട്ടാണ് അദ്ദേഹത്തെ കാണാറുള്ളത്. - മിശ്ര കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ കുറച്ചുമാത്രമേ കാണിക്കുന്നുള്ളൂവെന്നും അമിത് മിശ്ര വിമര്‍ശിച്ചു. മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം ഡ്രസ്സിങ് റൂമില്‍ വന്ന് ടീമിനെ ഗോയങ്ക പ്രചോദിപ്പിക്കുകയായിരുന്നുവെന്നും തെറ്റായ രീതിയില്‍ ഒന്നും പറഞ്ഞിരുന്നില്ലെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം സീസണിൽ ലഖ്നൗ-ഡൽഹി മത്സരത്തിലെ രാഹുലിന്റെയും ഗോയങ്കയുടെയും കണ്ടുമുട്ടൽ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. മത്സരം ശേഷം തന്നെ അഭിനന്ദിക്കാനെത്തിയ സഞ്ജീവ് ഗോയങ്കയെ രാഹുൽ പൂര്‍ണമായും അവഗണിച്ചു. തനിക്ക് നേരേ ഹസ്തദാനത്തിന് കൈ നീട്ടിയ സഞ്ജീവ് ഗോയങ്കയ്ക്ക് കൈ കൊടുത്തെന്നു വരുത്തി രാഹുല്‍ നടന്നകന്നു. ഹസ്തദാനത്തിനു ശേഷം സഞ്ജീവ് എന്തോ പറയാന്‍ ശ്രമിക്കുമ്പോള്‍ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെയാണ് രാഹുല്‍ നടന്നകന്നത്.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ തോല്‍വിക്കു ശേഷം രാഹുലിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച സഞ്ജീവ് ഗോയങ്കയുടെ പ്രവൃത്തി ഏറെ വിവാദമായിരുന്നു. ഹൈദരാബാദുമായുള്ള മത്സര ശേഷം ലഖ്‌നൗ ഡഗ്ഔട്ടിനടുത്തുവെച്ച് രാഹുലിനോട് ദേഷ്യപ്പെടുന്ന സഞ്ജീവിന്റെ ദൃശ്യങ്ങളാണ് അന്ന് പ്രചരിച്ചത്. അതൃപ്തനായി തുടര്‍ച്ചയായി തന്നോട് സംസാരിക്കുന്ന സഞ്ജീവിനു മുന്നില്‍ രാഹുല്‍ മറുപടിയില്ലാതെ നിസ്സഹായനായി നില്‍ക്കുന്നതും കാണാം. ഇതിനു പിന്നാലെ സഞ്ജീവിനെതിരേ വലിയ തോതില്‍ ആരാധക രോഷമുണ്ടായിരുന്നു. 2022 മുതല്‍ 2024 വരെ, സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരുന്നു രാഹുല്‍.
Content Highlights: amit mishra reveal kl rahul sanjiv goenka dispute