ബിസിസിഐ പുറത്താക്കിയ അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍

കൊല്‍ക്കത്ത: അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലക സ്ഥാനത്തുനിന്ന് ബിസിസിഐ പുറത്താക്കിയ അഭിഷേക് നായര്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നു. ശനിയാഴ്ച നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഭിഷേക് ഇതിനോടകംതന്നെ കൊല്‍ക്കത്തയില്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അതേസമയം, പരിശീലക സംഘത്തിലെ അഭിഷേകിന്റെ റോള്‍ എന്താണെന്നത് ടീം വ്യക്തമാക്കിയിട്ടില്ല.
നേരത്തേ കൊല്‍ക്കത്ത ടീമിന്റെ ബാറ്റിങ് പരിശീലക സ്ഥാനത്തുനിന്നാണ് അഭിഷേക്, ഗൗതം ഗംഭീറിനൊപ്പം ടീം ഇന്ത്യയുടെ പരിശീലക സംഘത്തിലേക്ക് വന്നത്. 2018-ലാണ് അഭിഷേക് കൊല്‍ക്കത്തയിലെത്തിയത്. റിങ്കു സിങ് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അഭിഷേക് നിര്‍ണായകപങ്ക് വഹിച്ചിരുന്നു. 2024-ല്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടുമ്പോള്‍ അഭിഷേക് ടീമിന്റെ സഹപരിശീലകനായിരുന്നു.
അതേസമയം, ഇന്ത്യയുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് അഭിഷേകിനെ പുറത്താക്കിയതെന്നാണ് ബിസിസിഐയുടെ വിശദീകരണം. എന്നാല്‍, അഭിഷേക് നായരെ പുറത്താക്കാന്‍ ടീമിലെ ഒരു ഉന്നതന്‍ ഇടപെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ചുമതലയേറ്റ് എട്ടുമാസമാകുമ്പോഴാണ് അഭിഷേക് പുറത്താകുന്നത്. അഭിഷേകിനൊപ്പം ഫീല്‍ഡിങ് പരിശീലകന്‍ ടി. ദിലീപ്, ട്രെയിനര്‍ സോഹം ദേശായി എന്നിവരും ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തില്‍നിന്ന് പുറത്തായിരുന്നു. ടീം ഇന്ത്യയുടെ പരിശീലക സംഘത്തില്‍ ഗൗതം ഗംഭീര്‍, റയാന്‍ ടെന്‍ ഡോഷേറ്റ്, മോണ്‍ മോര്‍ക്കല്‍ എന്നിവര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ മൂന്നുപേരെ കൂടാതെ, ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന സിതാന്‍ഷു കൊട്ടക് ഇപ്പോഴും ദേശീയ ടീമിനൊപ്പമുണ്ട്.
Content Highlights: Abhishek Nayar, recently removed from Team India`s support staff, has rejoined Kolkata Knight Riders