അയ്യോ ഇത് ഫൈനലാണോ എന്ന് തോന്നിപ്പിക്കുംവിധം ആധികാരികം; കിരീടത്തിലേക്ക് കൊല്‍ക്കത്ത പാകിയ വഴി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള രാജാക്കന്മാരെ തീരുമാനിക്കപ്പെട്ടു. ഐ.പി.എല്‍. ചരിത്രത്തില്‍ മൂന്നാമത്തെ കിരീട നേട്ടവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാര്‍. 65 ദിവസങ്ങളിലായി നടന്ന 74 മത്സരങ്ങള്‍ക്കൊടുവില്‍ 17-ാം സീസണിന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തിരശ്ശീല വീണു. പൊരിഞ്ഞ പോരാട്ടം പ്രതീക്ഷിച്ച ഫൈനല്‍ തികച്ചും ഏകപക്ഷീയമായിരുന്നു. തീയും തീയും ചേരുമ്പോഴുണ്ടാകുന്ന അഗ്നിഗോളം പ്രതീക്ഷിച്ചവരെല്ലാം നേരത്തേ കളി കണ്ടുതീര്‍ത്ത് മടങ്ങി. കൊല്‍ക്കത്തയുടെ മികവിന് മുന്നില്‍ ഹൈദരാബാദ് ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. സീസണില്‍ മൂന്നുതവണ നേര്‍ക്കുവന്നപ്പോഴും കൊല്‍ക്കത്ത തന്നെ ജയിച്ചു.
സീസണിലുടനീളം സ്ഥിരതയുള്ള പ്രകടനങ്ങളോടെയാണ് കൊല്‍ക്കത്ത മുന്നേറിയത്. തുടക്കത്തില്‍ സംഭവിച്ച പരാജയങ്ങളൊഴിച്ചാല്‍ പിന്നീട് ശ്രേയസ് അയ്യരിനും കൂട്ടര്‍ക്കും വെല്ലുവിളികള്‍ നേരിടേണ്ടിവന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ ഒന്‍പത് വിജയവും മൂന്ന് തോല്‍വിയുമായി 20 പോയിന്റോടെ ഒന്നാംസ്ഥാനക്കാരായാണ് പ്ലേഓഫ് കടന്നത്. പ്ലേഓഫില്‍ സണ്‍റൈസേഴ്‌സിനെ തന്നെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത കലാശക്കളിക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
2012, 2014 സീസണുകളില്‍ കൊല്‍ക്കത്ത തന്നെയായിരുന്നു ചാമ്പ്യന്മാര്‍. സീസണില്‍ ഫൈനലിന് മുന്‍പ് ഹൈദരാബാദും കൊല്‍ക്കത്തയും തമ്മില്‍ രണ്ടുതവണയാണ് ഏറ്റുമുട്ടിയത്. രണ്ടിലും കൊല്‍ക്കത്തയ്ക്കായിരുന്നു ജയം. ഫൈനലിലും അത് ആവര്‍ത്തിച്ച് രാജകീയമായിത്തന്നെ സീസണ്‍ അവസാനിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും വലിയ പത്ത് ടീം ടോട്ടലുകളില്‍ എട്ടും പിറന്നത് ഈ സീസണിലാണ്. അതില്‍ത്തന്നെ അഞ്ചും നേടിയത് ഈ രണ്ട് ടീമുകളാണ്. 200-ന് മേല്‍ സ്‌കോറുകള്‍ തുടര്‍ച്ചയായി കണ്ട മത്സരങ്ങള്‍ ഈ സീസണിന്റെ പ്രത്യേകതയായിരുന്നു. മുന്‍പ് 250 റണ്‍സെടുത്താല്‍ വിജയം ഉറപ്പിച്ചിരുന്നു. ആ രീതിക്ക് ഈ സീസണോടെ മാറ്റംവന്നു. 250 മറികടന്നുള്ള ചേസിങ് വരെ സീസണില്‍ കണ്ടു.
ഹൈദരാബാദിനെപ്പോലെത്തന്നെ ബാറ്റിങ് പവറാണ് കൊല്‍ക്കത്തയുടെയും മുഖമുദ്ര. സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് തീതുപ്പുന്ന പ്രകടനങ്ങളാണ് നടത്തിയത്. പേസെന്നോ സ്പിന്നെന്നോ കണക്കില്ലാതെ എല്ലാ ടീം ബൗളര്‍മാരും ഇരുവരില്‍നിന്നും തല്ലുവാങ്ങി. ടി20 ലോകകപ്പിന് മുന്നോടിയായി ഫില്‍ സാള്‍ട്ട് നാട്ടിലേക്ക് മടങ്ങിയെങ്കിലും, അസാന്നിധ്യം കൊല്‍ക്കത്തയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയില്ല.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നടത്തിയ പ്രകടനം തന്നെയാണ് കൊല്‍ക്കത്തയുടെ ബാറ്റിങ് പവറിന്റെ ഏറ്റവും വലിയ ഉദാഹരണം. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 272 റണ്‍സാണ് നേടിയത്. 39 പന്തില്‍ 85 റണ്‍സുമായി നരെയ്ന്‍ തീക്കാറ്റായി. സീസണിലെ കൊല്‍ക്കത്തയുടെ ഏറ്റവും മികച്ച സ്‌കോറാണിത്.
തോറ്റ കളികളിലും തലയുയര്‍ത്തി കൊല്‍ക്കത്ത, ഇരുന്നൂറിനപ്പുറം കടന്നിട്ടും രക്ഷയില്ല
പിന്നീടുള്ള അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് ജയിക്കാനായുള്ളൂ. സീസണില്‍ കൊല്‍ക്കത്തയ്ക്ക് അവിടെ മാത്രമാണ്് മങ്ങല്‍ സംഭവിച്ചത്. അതാവട്ടെ, റെക്കോഡ് റണ്‍സ് നേടിയ ശേഷമാണ് തോറ്റത്. ഒന്ന് പഞ്ചാബിനെതിരേ. ആ കളി എങ്ങനെ മറക്കാനാണ്! ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്‌സിങ് വിജയമായിരുന്നല്ലോ അത്.
സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് തച്ചുതകര്‍ത്തതോടെ കൊല്‍ക്കത്ത നേടിയത് 261 റണ്‍സ്. എങ്ങനെ അടിച്ചാലും ജയിക്കാന്‍ പോകുന്നില്ല എന്ന് പഞ്ചാബ് ആരാധകര്‍ പോലും വിശ്വസിച്ചു. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. എട്ട് പന്തുകളും എട്ട് വിക്കറ്റും ശേഷിക്കേ പഞ്ചാബ് വിജയലക്ഷ്യം മറികടന്നു. ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയും (48 പന്തില്‍ 108*) ശശാങ്ക് സിങ്ങിന്റെയും (28 പന്തില്‍ 68*) പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും (20 പന്തില്‍ 54) അര്‍ധ സെഞ്ചുറികളുമാണ് പഞ്ചാബിനെ അവിശ്വസനീയ ജയത്തിലേക്കെത്തിച്ചത്. നേരത്തേ കൊല്‍ക്കത്തയ്ക്കായി ഫില്‍ സാള്‍ട്ടും (37 പന്തില്‍ 75) സുനില്‍ നരെയ്‌നും (32 പന്തില്‍ 71) മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചിരുന്നു.
മറ്റൊരു തോല്‍വി രാജസ്ഥാനോടാണ്. 224 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ അവസാന പന്തില്‍ മറികടന്നു. രാജസ്ഥാന്റെ ഏറ്റവും മികച്ച ചേസിങ് വിജയമാണിത്. കൊല്‍ക്കത്ത തോറ്റ മൂന്ന് കളികളിലെ രണ്ടെണ്ണത്തിന്റെ അവസ്ഥ ഇതാണ്. രാജകീയമായിത്തന്നെ മത്സരം അടിയറ വെച്ചു എന്നേ ആ രണ്ട് തോല്‍വികളെ വിശേഷിപ്പിക്കാനാവൂ. പിന്നീടുള്ള ആറ് മത്സരങ്ങളില്‍ അഞ്ച് തുടര്‍ച്ചയായ വിജയങ്ങള്‍ കൊല്‍ക്കത്തയെ പോയിന്റ് ടേബിളില്‍ തലപ്പത്തെത്തിച്ചു. തുടര്‍ന്ന് ക്വാളിഫയറിലും ഇപ്പോള്‍ ഫൈനലിലും സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച് ആധികാരികമായിത്തന്നെയുള്ള കിരീട ധാരണം.
ഒട്ടും മോശമല്ല സണ്‍റൈസേഴ്‌സ്
ആക്രമണം പഥ്യമാക്കിയ രണ്ട് ടീമുകള്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ തീ പാറുന്ന പോരാട്ടമായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ, സീസണിലെ തങ്ങളുടെ പ്രതാപത്തിന്റെ നിഴലുപോലുമാകാന്‍ ഹൈദരാബാദിന് കഴിഞ്ഞില്ല. ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനല്‍ ടോട്ടലില്‍ ടീം തരിപ്പണമായി. 18.3 ഓവറില്‍ വെറും 113 റണ്‍സിന് പുറത്ത്. കൊല്‍ക്കത്തയ്ക്ക് ഒരോവറില്‍ ഒന്ന് എന്ന വിധത്തില്‍ എടുക്കാന്‍ പോലുമുള്ള റണ്‍സുണ്ടായില്ല. 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്ത് കൊല്‍ക്കത്ത വിജയിച്ചു.
ഫൈനലില്‍ നിറം കെട്ടെങ്കിലും വിസ്മയാവഹമായിരുന്നു സീസണിലെ സണ്‍റൈസേഴ്‌സിന്റെ കുതിപ്പ്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റു. പിന്നീട് മുംബൈയെ നേരിട്ടപ്പോള്‍ നേടിയത് 277 റണ്‍സ്. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ഹെന്റിച്ച് ക്ലാസനുമെല്ലാം ചേര്‍ന്നാണ് ഈ വലിയ സ്‌കോര്‍ കെട്ടിപ്പടുത്തത്.
ഹൈദരാബാദിന്റെ കുതിപ്പ് അവിടെയും നിന്നില്ല. സ്വന്തം റെക്കോഡ് വീണ്ടും തകര്‍ത്തു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ 287 റണ്‍സാണ് നേടിയത്. ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും ഭീമമായ ടോട്ടല്‍. മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരു 262 റണ്‍സ് നേടിയെങ്കിലും 25 റണ്‍സിന് പരാജയപ്പെട്ടു. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേയും 266 റണ്‍സ് നേടി. ട്രാവിസ് ഹെഡിന്റെയും ഷഹബാസ് അഹ്‌മദിന്റെയും ഇന്നിങ്‌സുകളാണ് കരുത്തായത്.
ഇന്ത്യക്ക് അഭിഷേക് ശര്‍മയെന്ന വെടിക്കെട്ട് ബാറ്ററെ ലഭിച്ചെന്നത് ഹൈദരാബാദ് കൊണ്ടുണ്ടായ നേട്ടമാണ്. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയത് അഭിഷേകാണ്. 15 മത്സരങ്ങളില്‍നിന്ന് 42 സിക്‌സുകളാണ് സംഭാവന. ട്രാവിസ് ഹെഡ് 14 മത്സരങ്ങളില്‍നിന്ന് 64 ഫോറുമായി ബൗണ്ടറിയില്‍ ഒന്നാമത് നില്‍ക്കുന്നു. പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച ഇരുപത്തിനാലുകാരനായ അഭിഷേക്, ഇന്ത്യയുടെ ഭാവി പ്രതീക്ഷയാണ്.
Content Highlights: ipl 2024 final kolkata knight riders champions