മഴമൂലം ഐ.പി.എല്‍ ഫൈനല്‍ റദ്ദാക്കിയാല്‍ ആര് കിരീടം നേടും?

Photo: twitter.com/IPL
Photo: twitter.com/IPL

അഹമ്മദാബാദ്: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഐ.പി.എല്‍. ഫൈനലില്‍ മഴ വില്ലനായി അവതരിച്ചിരിക്കുകയാണ്. 7.30 ന് ആരംഭിക്കേണ്ട മത്സരം മഴമൂലം നീളുകയാണ്. മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 20 ഓവര്‍ മത്സരം നടത്താന്‍ ബുദ്ധിമുട്ട് വന്നാല്‍  സമയത്തിനനുസരിച്ച് ഓവര്‍ വെട്ടിച്ചുരുക്കും.

മഴമൂലം അഞ്ചോവര്‍ മത്സരം പോലും നടത്താനാവാതെ വന്നാല്‍ ഫൈനല്‍ റിസര്‍വ് ദിനമായ അടുത്ത ദിവസം നടത്തും. ഇന്ന് മഴമൂലം മത്സരം നടന്നില്ലെങ്കില്‍ മേയ് 29 ന് വൈകിട്ട് 7.30 ന് അഹമ്മദാബാദില്‍ തന്നെ ഫൈനല്‍ മത്സരം നടക്കും. ഈ മത്സരവും തടസ്സപ്പെട്ടാല്‍ മത്സരം അഞ്ചോവറാക്കി വെട്ടിച്ചുരുക്കും. അതും നടന്നില്ലെങ്കില്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങും. സൂപ്പര്‍ ഓവറില്‍ വിജയിക്കുന്ന ടീം കിരീടം നേടും. 

സൂപ്പര്‍ ഓവറും നടത്താനാവാത്ത അവസ്ഥ വന്നാല്‍ ഇരുടീമുകളുടെയും ലീഗ് മത്സരങ്ങളിലെ പ്രകടനം വിലയിരുത്തും. ലീഗ് മത്സരത്തില്‍ മുന്നിലെത്തിയ ടീം കിരീടം സ്വന്തമാക്കും. അങ്ങനെ നോക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടും. 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റ് നേടി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ലീഗ് മത്സരങ്ങള്‍ അവസാനിപ്പിച്ചത്. ചെന്നൈ 14 മത്സരങ്ങളില്‍ നിന്ന് 17 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Content Highlights: Who Will Win Title If CSK vs GT Final Is Abandoned Due To Rain