ധോനിയുടെ മിന്നല്‍ സ്റ്റംപിങ്ങില്‍ ഗില്‍ പുറത്ത്, വീഡിയോ കാണാം

Photo: twitter.com/LoyalSachinFan
Photo: twitter.com/LoyalSachinFan

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും തരംഗമായി സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോനിയുടെ മിന്നല്‍ സ്റ്റംപിങ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലില്‍ അപകടകാരിയായ ശുഭ്മാന്‍ ഗില്ലിനെ മിന്നല്‍ സ്റ്റംപിങ്ങിലൂടെ ധോനി പുറത്താക്കി. 

മികച്ച തുടക്കം ലഭിച്ച് മുന്നേറുകയായിരുന്ന ഗില്ലിനെ രവീന്ദ്ര ജഡേജയുടെ പന്തിലാണ് ധോനി പുറത്താക്കിയത്. മത്സരത്തിന്റെ ഏഴാം ഓവറിലെ അവസാന പന്തിലാണ് സംഭവമരങ്ങേറിയത്. ഓഫ് സൈഡില്‍ വന്ന ജഡേജയുടെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച ഗില്ലിന് പിഴച്ചു. പന്ത് ബാറ്റില്‍ തൊടാതെ ധോനിയുടെ കൈയ്യിലെത്തി. ശരവേഗത്തില്‍ ധോനി സ്റ്റംപ് ചെയ്യുമ്പോള്‍ ഗില്‍ ക്രീസിന് പുറത്തായിരുന്നു. പിന്നാലെ ഔട്ടാണെന്ന് ഉറപ്പിച്ചുകൊണ്ടുള്ള ചിരി മുഖത്ത് തെളിയിച്ച് ധോനി ജഡേജയോടൊപ്പം ആഹ്ളാദം പങ്കിട്ടു. 

സ്‌ക്രീനില്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതോടെ ഗില്‍ 39 റണ്‍സെടുത്ത് തലതാഴ്ത്തി മടങ്ങി. ചെന്നൈ ക്യാമ്പില്‍ ആശ്വാസം പരന്നു. ധോനി സ്റ്റംപ് ചെയ്യുന്ന വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. ധോനിയുടെ ഐ.പി.എല്‍ കരിയറിലെ 42-ാം സ്റ്റംപിങ്ങാണിത്.

Content Highlights: speedy stumping by ms dhoni against gujarat giants