ചെന്നൈയുടെ തലൈവര്‍ ! നാല്‍പ്പത്തിയൊന്നിലും നിലയ്ക്കാത്ത 'പെരുങ്കളിയാട്ടം'

ഇനിയും ആടിത്തീര്‍ന്നിട്ടില്ലാത്ത ഒരു കളിയാട്ടത്തിന്റെ അവസാനകാഴ്ചകളത്രയും ഒപ്പിയെടുക്കാനുള്ള യാത്രയായിരുന്നു അത്. ലോങ് ഓണിനും മിഡ് വിക്കറ്റിനും മുകളിലൂടെ പന്ത് ഹെലിക്കോപ്റ്ററിലൂടെ അതിര്‍ത്തികടക്കുമ്പോള്‍ ആവേശം അണപൊട്ടിയൊഴുകിയ ഭൂതകാലം അപ്പോഴും ആര്‍ത്തലച്ചെത്തുന്നുണ്ടായിരുന്നു. സാധാരണ ചുവപ്പണിയാറുള്ള ചിന്നസ്വാമിക്കും നീലക്കടലാവാറുള്ള വാങ്കഡേയ്ക്കും ഈഡന്‍ ഗാര്‍ഡന്‍സിനുമൊക്കെ ചെന്നൈ മൈതാനത്തിറങ്ങുമ്പോള്‍ മാത്രം ഒരേ നിറം. ഒരേ ഭാവം. ഒരേ മുഴക്കം. ഒരൊറ്റ പേര് മഹേന്ദ്ര സിങ് ധോനി.
ഒടുക്കം നിലയ്ക്കാത്ത ആരവങ്ങളാല്‍ മുഖരിതമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ നടുവില്‍ ചെന്നൈ തന്നെ കിരീടമുയര്‍ത്തി. ഐപിഎല്‍ കിരീടത്തിലെ ചെന്നൈയുടെ അഞ്ചാം മുത്തം. നിലവിലെ ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ തന്നെ തറപറ്റിച്ച് 'തല'യും സംഘവും തലയുയര്‍ത്തി നിന്നു. അലകടലിനൊടുക്കം മനം നിറഞ്ഞ്, ഈറനണിഞ്ഞ് ഓരോരുത്തരും തിരിഞ്ഞുനടക്കുന്നു. ഒറ്റ ചോദ്യം മാത്രം ബാക്കിയാവുന്നു. ഇനിയുമെത്രനാള്‍ ഇങ്ങനെയൊരു മനുഷ്യന്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും.
Content Highlights: ms dhoni performance in ipl 2023