മുമ്പ് സഞ്ജുവിനെ അറിയില്ലായിരുന്നു; ഇപ്പോള്‍ അടുത്ത സുഹൃത്ത് - ബോള്‍ട്ട്

Photo: PTI
Photo: PTI

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിലേക്ക് വരുന്നതിനു മുമ്പ് സഞ്ജു സാംസണെ അറിയില്ലായിരുന്നുവെന്ന് റോയല്‍സിന്റെ ന്യൂസീലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട്. എന്നാലിപ്പോള്‍ സഞ്ജുവുമായി അടുത്ത ബന്ധമാണുള്ളതെന്നും പരിചയപ്പെട്ടു കഴിഞ്ഞപ്പോഴാണ് സഞ്ജു ഇത്ര മികച്ച താരമാണെന്ന് മനസിലായതെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന് റോയല്‍സിന്റെ ഔദ്യോഗിക ചാനലിലെ ദില്‍ സെ റോയലെന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബോള്‍ട്ട്. രാജസ്ഥാന്‍ റോയല്‍സിലെ ഏറ്റവുമടുത്ത സുഹൃത്ത് ആരെന്ന ചോദ്യത്തിനാണ് ബോള്‍ട്ട്, സഞ്ജുവിന്റെ പേര് പറഞ്ഞത്.

''ഇവിടെ (റോയല്‍സ്) എത്തുന്നതിന് മുമ്പ് എനിക്ക് സഞ്ജുവിനെ അറിയില്ലായിരുന്നു എന്നതാണ് സത്യം. എന്നാല്‍ പരിചയപ്പെട്ടു കഴിഞ്ഞപ്പോഴാണ് അദ്ദേഹം എത്ര മികച്ച താരമാണെന്ന് മനസിലായത്. ഏറ്റവും ശാന്തനായ, മികച്ച കളിക്കാരനാണ് സഞ്ജു. മാത്രമല്ല, ഏറ്റവും മികച്ച ക്യാപ്റ്റനും. സഞ്ജുവുമായി ഇപ്പോള്‍ വളരെ അടുതത് ബന്ധമാണ് ഉള്ളത്.'' - ബോള്‍ട്ട് പറഞ്ഞു.

''റോയല്‍സ് ടീമിലെ മറ്റൊരു അടുത്ത സുഹൃത്ത് യൂസിയാണ് (യുസ്‌വേന്ദ്ര ചാഹല്‍). എല്ലാവര്‍ക്കും അവനുമായി നല്ല അടുപ്പമുണ്ടായിരിക്കും. നല്ല എന്‍ജിയുള്ള വ്യക്തിയാണ് യൂസി.'' - ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

റോയല്‍സ് പരിശീലകനും മുന്‍ ശ്രീലങ്കന്‍ താരവുമായി കുമാര്‍ സംഗക്കാര ബുദ്ധിശാലിയായ പരിശീലകനാണെന്നും ബോള്‍ട്ട് അഭിപ്രായപ്പെട്ടു. വളരെയധികം അനുഭവസമ്പത്തുള്ള അദ്ദേഹത്തിനു കീഴില്‍ കളിക്കുന്നതും ഡ്രസ്സിങ് റൂം പങ്കിടുന്നതുമെല്ലാം മഹത്തായ അനുഭവമാണെന്നും ബോള്‍ട്ട് വ്യക്തമാക്കി.

Content Highlights: ipl 2023 Trent Boult on sanju samson