സൂര്യയുടെ വിക്കറ്റ് പിഴുത മികവ്; ഇത് മോഹിത്തിന്റെ മോഹിപ്പിക്കുന്ന തിരിച്ചുവരവ്

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഒന്നടങ്കം ചര്‍ച്ചയായത് ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിങ്‌സായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മഴ പെയ്ത ശേഷം ആദ്യ ബാറ്റ് ചെയ്യേണ്ടിവന്ന സാഹചര്യത്തിലും ഗില്ലിന്റെ ബാറ്റിങ് വെടിക്കെട്ടാണ് ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
എന്നാല്‍ 234 എന്ന വിജയലക്ഷ്യത്തിനു മുന്നില്‍ ആദ്യം പതറിയെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തിയ മുംബൈ ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെ നിര്‍ണായക വിക്കറ്റടക്കം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മോഹിത് ശര്‍മയാണ് മുംബൈയുടെ ഫൈനല്‍ സ്വപ്‌നത്തില്‍ അവസാന ആണിയടിച്ചത്. 2.2 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി അഞ്ച് മുംബൈ ഇന്ത്യന്‍സ് വിക്കറ്റുകളാണ് മോഹിത് വീഴ്ത്തിയത്.
കഴിഞ്ഞ രണ്ട് സീസണുകളിലും കളിക്കാതിരുന്ന മോഹിത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ഐപിഎല്‍ 16-ാം സീസണ്‍ സാക്ഷിയായത്. ഫൈനലിലേക്കുള്ള ഗുജറാത്തിന്റെ മുന്നേറ്റത്തില്‍ അവരുടെ ബൗളിങ് നിര വഹിച്ച പങ്ക് ഏറെ വലുതാണ്. ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഗുജറാത്ത് താരങ്ങളാണ്. 16 കളികളില്‍ നിന്ന് 28 വിക്കറ്റുകളുമായി മുഹമ്മദ് ഷമിയാണ് ഒന്നാം സ്ഥാനത്ത്. 16 കളികളില്‍ നിന്ന് 27 വിക്കറ്റുകളുമായി റാഷിദ് ഖാന്‍ തൊട്ട് പിന്നാലെയുണ്ട്. എന്നാല്‍ 13 കളികളില്‍ നിന്ന് 24 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്ത് മോഹിത് ശര്‍മയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ആരും സ്വന്തമാക്കാതിരുന്ന മോഹിത് പക്ഷേ ഇത്തവണ ഗുജറാത്ത് നല്‍കിയ അവസരം ഇരുകൈയും നീട്ടി സ്വീകരിച്ചു. അതാകട്ടെ ഐപിഎല്‍ കണ്ട ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നായി.
ഇത്തവണ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിശ്വസ്തനായ ബൗളറായിരുന്നു മോഹിത്. കൂട്ടുകെട്ടുകള്‍ പൊളിക്കാനും ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റുകള്‍ വീഴ്ത്താനും മോഹിത് മുന്നിലുണ്ടായിരുന്നു. മോഹിത്തിന്റെ അനുഭവസമ്പത്തില്‍ ഗുജറാത്ത് വിശ്വാസം അര്‍പ്പിച്ചത് തെറ്റിയില്ല. മോഹിത്തിനെ ഡെത്തോവറിലേക്ക് മാറ്റിവെക്കാനുള്ള കാരണം അദ്ദേഹത്തിന്റെ ബൗളിങ്ങിന്റെ സവിശേഷതയാണ്. സ്ലോ കട്ടറുകള്‍ എറിയാനും വേഗം നന്നായി നിയന്ത്രിക്കാനും കഴിവുള്ള ബൗളറാണ് മോഹിത്. സ്വാഭാവികമായും ഡെത്തോവറില്‍ ബാറ്റ്സ്മാന്‍ ആക്രമിച്ചാവും കളിക്കുക. അങ്ങനെ വരുമ്പോള്‍ മോഹിത്തിന്റെ സ്ലോ ബോളുകളില്‍ വിക്കറ്റ് വീഴാന്‍ സാധ്യത കൂടുതലാണ്.
ഇത്തവണ ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമത്തെ ബൗളര്‍ മോഹിത്താണ്. 14 വിക്കറ്റുകളാണ് ഡെത്ത് ഓവറുകളില്‍ മോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. 16 വിക്കറ്റുകളുമായി ചെന്നൈയുടെ മതീഷ പതിരണയാണ് ഒന്നാമത്. മുംബൈക്കെതിരേ സൂര്യകുമാറിന്റെ വിക്കറ്റ് വീഴ്ത്തിയതിലുമുണ്ടായിരുന്നു മോഹിത്തിന്റെ മികവ്. സൂര്യയുടെ വിക്കറ്റ് മോഹിത്തിന്റെ അനുഭവസമ്പത്തില്‍ നിന്നുണ്ടായതാണ്. മോഹിത് എറിഞ്ഞ 15-ാം ഓവറിലെ രണ്ടാം പന്ത് സൂര്യ ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ ഗാലറിയിലെത്തിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സൂര്യയുടെ കുറ്റി പിഴുതായിരുന്നു മോഹിത്തിന്റെ മറുപടി. ലെഗ് സ്റ്റമ്പ് ലൈനില്‍ വരുന്ന പന്തുകളെ ഫൈന്‍ ലെഗിനും ഡീപ് സ്‌ക്വയര്‍ ലെഗിനും ഇടയിലൂടെ ഗാലറിയിലെത്തിക്കുന്നതില്‍ സൂര്യയ്ക്കുള്ള മികവ് മുന്നില്‍ കണ്ടുകൊണ്ട് തന്നെയായിരുന്നു മോഹിത് ആ പന്തെറിഞ്ഞത്. ലെഗ് സ്റ്റമ്പ് കണക്കാക്കി വന്ന ആ പന്തില്‍ തന്റെ തനത് ഷോട്ടിന് തന്നെ സൂര്യ ശ്രമിച്ചു, എന്നാല്‍ ഇത് മുന്നില്‍ കണ്ട് പന്തിന്റെ വേഗത കുറച്ച മോഹിത്തിന്റെ തന്ത്രം ഫലം കണ്ടപ്പോള്‍ പന്ത് സൂര്യയുടെ ലെഗ് സ്റ്റമ്പുമായി പറന്നിരുന്നു.
Content Highlights: IPL 2023 Mohit Sharma one of the best comeback stories of the season