ഷമിയുടെ പന്തില്‍ തകര്‍പ്പന്‍ സിക്‌സ്! മുംബൈയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനവുമായി വിഷ്ണു വിനോദ്

Photo: AFP
Photo: AFP

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതാ മറ്റൊരു മലയാളിയുടെ തകര്‍പ്പന്‍ പ്രകടനം. സഞ്ജു സാംസണും സച്ചിന്‍ ബേബിയും കെ.എം.ആസിഫുമെല്ലാം പയറ്റിത്തെളിഞ്ഞ ഐ.പി.എല്ലില്‍ തന്റേതായ ഇടം നേടിയെടുക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഷ്ണു വിനോദ്. മുംബൈയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ തന്നെ വെടിക്കെട്ട് ബാറ്റിങ് അഴിച്ചുവിട്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായ വിഷ്ണു പ്രതിഭ തെളിയിച്ചു. 

മികച്ച തുടക്കത്തിനുശേഷം പതറിപ്പോയ മുംബൈ ഇന്ത്യന്‍സിനെ താങ്ങിനിര്‍ത്തി വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സൂര്യകുമാര്‍ യാദവിനൊപ്പം നിന്ന് പോരാടി വിഷ്ണു ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. അഞ്ചാമനായി ക്രീസിലെത്തിയ വിഷ്ണു 20 പന്തില്‍ നിന്ന് രണ്ട് വീതം ഫോറിന്റെയും സിക്‌സിന്റെയും സഹായത്തോടെ 30 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. 

മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന സ്‌കോറില്‍ പതറുമ്പോഴാണ് വിഷ്ണു ക്രീസിലെത്തിയത്. തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ താരം അനായാസം ബാറ്റുവീശി. ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ മുഹമ്മദ് ഷമിയുടെ പന്തില്‍ വിഷ്ണു നേടിയ സിക്‌സ് അദ്ദേഹത്തിന്റെ പ്രതിഭയുടെ ഉദാഹരണമാണ്. ഈ സിക്‌സ് നേടിയ ഉടന്‍ തന്നെ മറുവശത്ത് നിന്ന സൂര്യകുമാര്‍ താരത്തെ അഭിനന്ദിക്കാന്‍ ഓടിവന്നു. നാലാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവിനൊപ്പം 65 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിഷ്ണു വിനോദ് പടുത്തുയര്‍ത്തിയത്. അതും വെറും 42 പന്തുകളില്‍ നിന്ന്. 

ഒടുവില്‍ മോഹിത് ശര്‍മ ചെയ്ത 16-ാം ഓവറിലെ അവസാന പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച താരം അഭിനവ് മനോഹറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ചശേഷമാണ് മലയാളിതാരം ക്രീസ് വിട്ടത്. ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിഷ്ണുവിന് ഐ.പി.എല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. 2014-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി മൂന്ന് മത്സരങ്ങളില്‍ താരം കളിച്ചെങ്കിലും 19 റണ്‍സ് മാത്രമാണ് നേടാനായത്. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും ഭാഗമായെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. വരും മത്സരങ്ങളില്‍ മുംബൈയ്ക്ക് വേണ്ടി വിഷ്ണു കുപ്പായമണിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

Content Highlights: excellent batting performance by kerala batter vishnu vinod for mumbai indians in ipl 2023