ട്രോഫി ഉയര്‍ത്താന്‍ മകള്‍ സിവയും, സര്‍വം 'തല'മയം, വൈകാരിക നിമിഷങ്ങളുടെ കിരീടധാരണം| VIDEO

സി.എസ്.കെ താരങ്ങളോടൊപ്പം ധോനിയുടെ മകള്‍ സിവയും | Photo:AP
സി.എസ്.കെ താരങ്ങളോടൊപ്പം ധോനിയുടെ മകള്‍ സിവയും | Photo:AP

അഹമ്മദാബാദ്: അവസാന പന്തുവരെ നീണ്ട ഫൈനൽ ത്രില്ലറിൽ ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ അഞ്ചാം ഐ.പി.എൽ കിരീടം ഉറപ്പിച്ചപ്പോൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷിയായത് നിരവധി വൈകാരിക നിമിഷങ്ങൾക്ക്. ഈ സീസണോട് കൂടി ധോനി ഐ.പി.എല്ലിൽ നിന്നും വിരമിച്ചേക്കുമെന്ന് സൂചന കൂടി താരം തള്ളിയതോടെ ആരാധകർക്ക് അത് ഇരട്ടി മധുരമായി. 

പതിനഞ്ചാം ഓവറിലെ അവസാന പന്ത് ജഡേജ ബൗണ്ടറി കടത്തിയതോടെ ചെന്നൈ ഡഗൗട്ടിൽ താരങ്ങൾ ആഘോഷങ്ങൾ ആരംഭിച്ചു. പതിവിന് വിപരീതമായി വിജയാഘോഷങ്ങളിൽ പങ്കെടുക്കുന്ന ക്യാപ്റ്റന്റെ ദൃശ്യങ്ങളും ആരാധകർ ഏറ്റെടുത്തു. അവസാന ഓവറുകളിൽ ഡഗൗട്ടിൽ കണ്ണടച്ച് ഇരിക്കുകയായിരുന്നു ചെന്നൈ ക്യാപ്റ്റൻ. എന്നാൽ വിജയം ഉറപ്പിച്ചതോടെ  ജഡേജയുടെ സമീപത്തേക്കെത്തിയ ധോണി ടീമിന്റെ വിജയശിൽപിയെ എടുത്തുയർത്തി. 

പിന്നീട് ധോനിയുടെ സമീപത്തേക്ക് ഓടിയെത്തിയ മകൾ അദ്ദേഹത്തെ ആലിം​ഗനം ചെയ്തു. കിരീടനേട്ടത്തിന് ശേഷം സി.എസ്‌.കെ താരങ്ങൾക്കൊപ്പം ട്രോഫി ഉയർത്തുന്ന സിവയുടെ ദൃശ്യങ്ങളും വെെറലായി. വൈകാരിക നിമിഷങ്ങൾ അടങ്ങുന്ന മനോഹരമായ ഒരു വീഡിയോ നിരവധി ആരാധകരാണ് പങ്കുവച്ചിരിക്കുന്നത്.

മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഗുജറാത്തിനെതിരായ 171 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. അവസാന രണ്ട് പന്തുകളിൽ ജയിക്കാൻ 10 റൺസായിരുന്നു വേണ്ടിയിരുന്നത്. മോഹിത് ശർമയുടെ പന്തുകളിൽ സിക്‌സും ഫോറുമടിച്ചുകൊണ്ട് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിജയനായകനായി. മറുവശത്ത് സ്വന്തം ഗ്രൗണ്ടിൽ ഹാർദിക്കും സംഘവും കണ്ണീരോടെ മടങ്ങി. ഈ കിരീടനേട്ടത്തോടെ ഏറ്റവുമധികം ഐ.പി.എൽ കിരീടം നേടുന്ന ടീം എന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോഡിനൊപ്പം ധോനിയും സംഘവുമെത്തി. 

Content Highlights: Emotional Post-Match Scenes after ipl final 2023