ചരിത്രമെഴുതാന്‍ സഞ്ജു, കിരീടം നേടിയാല്‍ ഷെയ്ന്‍ വോണിന്റെ പിന്‍ഗാമി

Photo: ANI
Photo: ANI

അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ മലയാളി താരം സഞ്ജു സാംസണ്‍ സവിശേഷമായ നേട്ടത്തിന്റെ അരികിലാണിപ്പോള്‍. ഐ.പി.എല്‍. ടീമിന്റെ നായകനായ ഒരേയൊരു കേരളതാരമാണ് സഞ്ജു. ഫൈനലില്‍ ഞായറാഴ്ച ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ ഐ.പി.എല്‍. കിരീടം നേടുന്ന മലയാളി ക്യാപ്റ്റന്‍ എന്ന അപൂര്‍വബഹുമതി സ്വന്തമാകും. അങ്ങനെയെങ്കില്‍ ഓസ്ട്രേലിയന്‍ ഇതിഹാസതാരം ഷെയ്ന്‍ വോണിന്റെ പിന്‍ഗാമിയാകും.

2008-ലെ പ്രഥമ ഐ.പി.എല്‍. ചാമ്പ്യന്‍മാരായിരുന്നു രാജസ്ഥാന്‍. അന്ന് മുംബൈയില്‍ നടന്ന ഫൈനലില്‍ ചെന്നൈയെ മൂന്നുവിക്കറ്റിന് തോല്‍പ്പിച്ചാണ് ജേതാക്കളായത്. ചെന്നൈ ഉയര്‍ത്തിയ 164 എന്ന ലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത് ഷെയ്ന്‍ വോണും സൊഹെയ്ല്‍ തന്‍വീറും. വെള്ളിയാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ രണ്ടാം ക്വാളിഫയറില്‍ ഏഴുവിക്കറ്റിന് ജയിച്ചാണ് രാജസ്ഥാന്‍ ഫൈനലിലെത്തിയത്.

മത്സരശേഷം 2008 ഐ.പി.എല്‍. വിജയത്തെക്കുറിച്ച് സഞ്ജു അനുസ്മരിക്കുകയും ചെയ്തു. '2008-ഫൈനലിന്റെ അന്ന് കേരളത്തിലെവിടെയോ അണ്ടര്‍ 16 മത്സരം കളിക്കുകയായിരുന്നു ഞാന്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഫൈനല്‍ കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു. ഷെയ്ന്‍ വോണും സൊഹെയ്ല്‍ തന്‍വീറും വിജയറണ്‍ ഓടുന്നത് മനസ്സിലുണ്ട്', സഞ്ജു പറഞ്ഞു.

അന്ന് 14 വയസ്സുമാത്രമുണ്ടായിരുന്ന സഞ്ജു എന്ന വിദ്യാര്‍ഥി ക്രിക്കറ്റ് ലോകത്ത് വളര്‍ന്നുവലുതായത് പെട്ടെന്നാണ്. 2012-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിയെങ്കിലും ഒരു മത്സരംപോലും കളിക്കാനായില്ല. 2013-ല്‍ രാജസ്ഥാനിലൂടെ തന്നെയായിരുന്നു ഐ.പി.എല്‍. അരങ്ങേറ്റം. ആദ്യസീസണില്‍ 11 മത്സരത്തില്‍ 206 റണ്‍ നേടി മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും നേടി. രാജസ്ഥാന്‍ ടീം വിലക്കിലായിരുന്ന 2016-17 സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക് പോയെങ്കിലും 2018-ല്‍ രാജസ്ഥാനിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ സീസണില്‍ നായകസ്ഥാനം ഏറ്റെടുത്തു. ഇതിനിടെ കേരളടീമിന്റെ നായകനായി. ഇന്ത്യക്കുവേണ്ടിയും കളിച്ചു. ഇനി ഒരുജയം മാത്രം. സഞ്ജുവിനെ കാത്തിരിക്കുന്നത് ചരിത്രം.

Content Highlights: ipl 2022, sanju samson, rajasthan royals, shane warne, ipl, ipl final 2022