അന്ന് കുടുംബാംഗങ്ങളോട് പാട്ടിദാര്‍ പറഞ്ഞു; 'പൈപ്പ് കച്ചവടത്തിന് ഞാനില്ല, ക്രിക്കറ്റാണ് എന്റെ ജീവിതം'

മെഗാ താരലേലത്തില്‍ ആരും വാങ്ങിയില്ല, ഇതുവരെ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടില്ല, ബാംഗ്ലൂര്‍ ടീമിലെത്തിയത് പകരക്കാരാനായി..രജത് പാട്ടിദാര്‍ എന്ന 28-കാരനെ ഈ ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ആര്‍ക്കും വേണ്ടായിരുന്നു. എന്നാല്‍ ലക്‌നൗവിനെതിരായ എലിമിനേറ്റര്‍ മത്സരത്തിലൂടെ പാട്ടിദാര്‍ ക്രിക്കറ്റ് ആരാധകരുടെ കണ്ണിലുണ്ണിയായി മാറി.
നായകന്‍ ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ സെഞ്ചുറി പ്രകടനത്തിലൂടെ ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത് പാട്ടിദാറായിരുന്നു. 54 പന്തില്‍ നിന്ന് 112 റണ്‍സ് നേടിയ താരം ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ അണ്‍ക്യാപ്പ്ഡ് താരവുമായി മാറി.
2022-ലെ ഐപിഎല്‍ ലേലത്തില്‍ തഴയപ്പെട്ട താരം പരിക്കേറ്റ ലുവ്നിത് സിസോദിയക്ക് പകരക്കാരനായാണ് ബാംഗ്ലൂര്‍ ടീമിലെത്തിയത്. ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നായി 275 റണ്‍സ് അടിച്ചെടുത്തു.
എന്നാല്‍ ഈ നേട്ടം കണ്ട് പാട്ടിദാറിന്റെ കുടുംബം സന്തോഷിക്കുന്നത് ഒരല്‍പം കുറ്റബോധത്തോടെയാണ്. ഇന്‍ഡോറിലെ പഴയ ബിസിനസുകാരാണ് താരത്തിന്റെ കുടുംബം. ജലസേചനത്തിനായി ഉപയോഗിക്കുന്ന പൈപ്പുകളുടെ നിര്‍മ്മാതാക്കളാണ് അവര്‍. അതുപോലെ പാട്ടിദാറും ബിസിനസിലേക്ക് വരണമെന്നായിരുന്നു അവരുടെ താത്പര്യവും ആഗ്രഹവും. പക്ഷേ അതു പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞ പാട്ടിദാര്‍ തന്റെ പാഷന് പിന്നാലെ പോകുകയായിരുന്നു.
മധ്യ പ്രദേശിനായി രഞ്ജി ട്രോഫിയില്‍ തിളങ്ങിയ താരം ഇതിനു മുമ്പും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും അന്നൊന്നും ആരും അത് അറിഞ്ഞില്ലെന്നും കൂട്ടുകാരനായ ഈശ്വര്‍ പാണ്ഡെ പറയുന്നു.
'ഇതിന് മുമ്പും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുളളയാളാണ് പാട്ടിദാര്‍. അന്ന് പക്ഷേ അതൊന്നും ടിവിയില്‍ വന്നില്ല, അതുകൊണ്ട് ആരും അദ്ദേഹത്തേപ്പറ്റി അറിഞ്ഞുമില്ല. ഇപ്പോള്‍ അദ്ദേഹം വീണ്ടും മികച്ച കളി പുറത്തെടുത്തിരിക്കുന്നു. ബംഗാളിനെതിരായ രഞ്ജി ട്രോഫിയില്‍ മുഹമ്മദ് ഷമി, അശോക് ഡിന്‍ഡ എന്നിവര്‍ക്കെതിരേ ക്ലാസ് ഇന്നിംഗ്സാണ് കളിച്ചത്. പാട്ടിദാര്‍ ഭാവിയില്‍ മികച്ച കളി കളിക്കുമെന്ന് അന്നുമുതലേ തോന്നിയിരുന്നു'-പാണ്ഡെ പറഞ്ഞു.മധ്യപ്രദേശ് ക്രിക്കറ്റ് ടീമില്‍പാട്ടിദാറിന്റെ സഹകളിക്കാരനായിരുന്നു പാണ്ഡെ.
ബോളറായി ക്രിക്കറ്റ് ജീവിതം തുടങ്ങിയ പാട്ടിദാര്‍ പിന്നീട് ബാറ്റിങ്ങിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ടൂര്‍ണമെന്റിലും തിളങ്ങിയ താരം 2021-ല്‍ ഐപിഎല്ലിലെത്തി.
Content Highlights: Rajat Patidar Has Certianly Become The Hanuman Of RCB