തോല്‍വിയിലും തലയുയര്‍ത്തി ബുംറ, നേടിയത് പുതിയ റെക്കോഡ്

Photo: ANI
Photo: ANI

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പത്താമത്തെ തോല്‍വി ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ് പതറുമ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ് ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ ബുംറ അപൂര്‍വമായ ഒരു റെക്കോഡ് സ്വന്തമാക്കി. 

ട്വന്റി 20 മത്സരങ്ങളില്‍ 250 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ പേസ് ബൗളര്‍ എന്ന റെക്കോഡാണ് ബുംറ സ്വന്തം പേരില്‍ കുറിച്ചത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് ബുംറ റെക്കോഡ് സ്ഥാപിച്ചത്. 

പേസ് ബൗളര്‍മാരുടെ പട്ടികയില്‍ ബുംറയ്ക്ക് പിന്നാലെ ഭുവനേശ്വര്‍ കുമാറാണുള്ളത്. ഭുവനേശ്വറിന് 223 വിക്കറ്റുകളാണ് വീഴ്ത്താനായത്. 

250 വിക്കറ്റ് ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് ബുംറ. സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, പീയുഷ് ചൗള, അമിത് മിശ്ര എന്നിവര്‍ നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അശ്വിന്റെ അക്കൗണ്ടില്‍ 274 ഉം ചാഹലിന്റെ പേരില്‍ 271 വിക്കറ്റുമുണ്ട്. പീയുഷ് ചൗള 270 വിക്കറ്റെടുത്തപ്പോള്‍ അമിത് മിശ്ര 262 വിക്കറ്റ് സ്വന്തമാക്കി. 

Content Highlights: jasprit bumrah, bumrah, most wickets in t 20, mumbai indians, ipl2022, ipl